
മുണ്ടക്കൈ– ചൂരൽമല ദുരന്തം: പ്രതിസന്ധിയിൽ നിന്ന് പ്രതീക്ഷയിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഉരുൾപൊട്ടലിൽ പൊലിഞ്ഞ പിഞ്ചുകുഞ്ഞിന്റെ കളിപ്പാവയെ ഇപ്പോഴും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ഒരമ്മയുണ്ട്. താലോലിച്ചു കൊതിതീരുംതീരും പൊന്നുമോൻ ഇല്ലാതായതു പൂർണമായി ഉൾക്കൊള്ളാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മകനെ ഇനിയൊരിക്കലും കാണാനാകില്ലെന്നറിയുമ്പോഴെല്ലാം അവർ പൊട്ടിക്കരയും. കഴിഞ്ഞ 8 മാസമായി ആ കണ്ണീർ തോർന്നിട്ടില്ല. മനസ്സിന്റെ താളം തെറ്റാൻ തുടങ്ങിയപ്പോൾ മുതൽ ആ കളിപ്പാവയ്ക്കൊപ്പമാണ് ആ അമ്മ. മനസ്സുതകരാതെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന മുണ്ടക്കൈ–ചൂരൽമലയിലെ ഒട്ടേറെപ്പേരുടെ പ്രതിനിധിയാണവർ.
മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായത് 21 പേരാണ്. ഇതിൽ 5 പുരുഷന്മാരും 10 സ്ത്രീകളും ഉൾപ്പെടുന്നു. 7 കുട്ടികൾക്കു മാതാപിതാക്കൾ നഷ്ടമായി. ഉറ്റ ബന്ധുക്കളും നാട്ടുകാരും ജന്മനാടു തന്നെയും ഒറ്റ രാത്രിയിൽ ഇല്ലാതായവർക്കുള്ള മാനസിക സമ്മർദം എത്രയായിരിക്കും!
രൂക്ഷമായി സാമ്പത്തികമാന്ദ്യം
ഉരുൾപൊട്ടലിൽ മുണ്ടക്കൈ–ചൂരൽമല മേഖലയിലെ വ്യാപാരികൾക്കു മാത്രമുണ്ടായത് 25 കോടി രൂപയുടെ നഷ്ടമാണെന്നാണു വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ടെത്തിയത്. 78 വ്യാപാരസ്ഥാപനങ്ങൾ തകർന്നു. ദുരന്തമുണ്ടാക്കിയ സാമ്പത്തികാഘാതം ദുരന്തഭൂമിയിൽ മാത്രം ഒതുങ്ങിനിന്നില്ല. വയനാട് ദുരന്തം എന്ന പ്രചാരണം വിനോദസഞ്ചാരികളെ അകറ്റിയപ്പോൾ വ്യാപാരമേഖലയിലും മാന്ദ്യം ശക്തമായി.
റസ്റ്ററന്റുകളിലും തട്ടുകടകളിൽപോലും ആളൊഴിഞ്ഞു. കോവിഡിനുശേഷം തുടങ്ങിയ പുതിയ പല സംരംഭങ്ങളും പൂട്ടിപ്പോയി. നവംബർ–ഫെബ്രുവരി സീസണിൽപ്പോലും റിസോർട്ടുകളിൽ കാര്യമായ സഞ്ചാരികളെത്തിയില്ല. പലരും ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മരവിപ്പ് മറികടക്കാൻ വയനാട് ഫെസ്റ്റുമായി രംഗത്തെത്തിയിട്ടും ടൗണുകളിൽ പഴയ തിരക്കും ബിസിനസും ഇല്ലെന്നു വ്യാപാരികൾ പറയുന്നു.
തുടരുന്ന പ്രതിസന്ധി
കോവിഡിനുശേഷം വയനാട്ടിലെ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായിരുന്നു. അതാണ് ഉരുൾദുരന്തം ഒറ്റയടിക്കു തകർത്തുകളഞ്ഞത്. വിനോദസഞ്ചാരകേന്ദ്രങ്ങളോടു ചേർന്നു തട്ടുകട നടത്തുന്നവർ മുതൽ വൻകിട റസ്റ്ററന്റുകൾപോലും കടുത്ത പ്രതിസന്ധിയിലായി. ടാക്സി, ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങി ടൂറിസംമേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്നവരും ബുദ്ധിമുട്ടിലാണ്.
മുണ്ടക്കൈ–ചൂരൽമല–അട്ടമല പ്രദേശങ്ങളിൽ ആളൊഴിഞ്ഞതോടെ വന്യജീവിശല്യം രൂക്ഷമായി. വിജനമേഖലയിൽ തമ്പടിക്കുന്ന വന്യജീവികൾ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കിറങ്ങുന്നതു കർഷകരെ കൂടുതൽ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
നഷ്ടക്കണക്കിൽ ടൂറിസം മേഖല
2023 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 10.13 ലക്ഷം പേരാണു ഡിടിപിസിയുടെ കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. എന്നാൽ, 2024ൽ ഇതേ കാലയളവിൽ വന്ന സന്ദർശകർ വെറും 6.36 ലക്ഷം പേർ! ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം വരുമാനത്തിലും വൻ നഷ്ടമാണ് ടൂറിസം മേഖലയ്ക്കാകെയുണ്ടായത്. കഴിഞ്ഞ സീസണിൽ 5.30 കോടി രൂപയുടെ വരുമാനമുണ്ടായപ്പോൾ ഈ സീസണിൽ 3.76 കോടി രൂപയായി കുറഞ്ഞു.
മറ്റു സർക്കാർ വകുപ്പുകളുടെ കീഴിലുള്ള വിനോദസഞ്ചാര–ട്രെക്കിങ് കേന്ദ്രങ്ങളിലെയും സ്വകാര്യ സംരംഭകർ നടത്തുന്ന അമ്യൂസ്മെന്റ് പാർക്കുകളിലുമൊക്കെ കണക്കെടുത്താൽ ടൂറിസം മേഖലയുടെ നട്ടെല്ലൊടിഞ്ഞുവെന്നതു കൂടുതൽ വ്യക്തമാകും.
മുറിവുണങ്ങാൻ സാന്ത്വനം
ദുരന്തബാധിതരുടെ മാനസികാരോഗ്യം തകരാതെ സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ 8 കൗൺസലർമാരും ഒരു സൈക്യാട്രിക് ഡോക്ടറും ഈ ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിൽ ആരോഗ്യവകുപ്പ് ശ്രദ്ധപുലർത്തുന്നുണ്ട്. ഗ്രൂപ്പ് കൗൺസിലിങ്ങും വ്യക്തിഗത കൗൺസിലിങ്ങും തുടരുന്നു. മാനസികസമ്മർദം, ഉൽകണ്ഠ, വിഷാദം, ഉറക്കക്കുറവ് എന്നിവയ്ക്കു പരിഹാരം തേടിയാണു ദുരന്തബാധിതരിലേറെയും ബന്ധപ്പെടുന്നത്.
നഷ്ടമായ കൂട്ടുകാരെയോർത്ത് എന്നും കരയുമായിരുന്ന, ദുരന്തരാത്രിക്കു ശേഷം എന്നും ഒറ്റയ്ക്കു മാത്രമിരിക്കാൻ ശ്രമിച്ച ഒരു ഏഴാം ക്ലാസുകാരനെ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകി ഏറെ പണിപ്പൊട്ടാണു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നതെന്ന് മാനസികാരോഗ്യപ്രവർത്തകർ പറയുന്നു.
തളരില്ലൊരിക്കലും
പതിയെയാണെങ്കിലും പുതുജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുകയാണു ദുരന്തബാധിതർ. ഉപജീവനമാർഗം നഷ്ടമായ ഒട്ടേറെപ്പേർ സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ സംരംഭകരായി. മൃഗസംരക്ഷണത്തിലൂടെ മാത്രം ഉപജീവനമാർഗം തേടിയ 182 പേർ പുതുതായി ആട്–പശു വളർത്തൽ യൂണിറ്റുകൾ ആരംഭിക്കാനിരിക്കുന്നു. സംരംഭങ്ങൾ നഷ്ടമായ 82 പേർ ഉൾപ്പെടെ 125 പേർ വിവിധ വായ്പ പദ്ധതികളിലൂടെ പുതിയ ജീവിതമാർഗങ്ങൾ കണ്ടെത്തി. അയൽക്കൂട്ടങ്ങളിലൂടെ 182 പേരും സംരംഭകരായി.