ബത്തേരി ∙ ബസ് സർവീസുകളെക്കുറിച്ചും സമയക്രമങ്ങളെക്കുറിച്ചും അറിയാൻ വിളിച്ചാൽ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ പലപ്പോഴും ഫോൺ എടുക്കാറില്ലെന്ന് പരാതി. തുടർച്ചയായി വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ ബത്തേരി ടൗണിൽ നിന്ന് കെഎസ്ആർടിസി ഡിപ്പോയിലെത്തി നോക്കിയപ്പോൾ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഫോൺ വെറുതെയിരുന്ന് ബെല്ലടിക്കുന്നതാണ് കണ്ടത്.
അടുത്ത് ജീവനക്കാരുണ്ടെങ്കിലും ആരും അത് ‘മൈൻഡ്’ ചെയ്യുന്നേയില്ലത്രെ. ശബ്ദം അൽപം കുറച്ചു വച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.
ഫോണെടുക്കാത്തതെന്താണ് സാറേ എന്ന് യാത്രക്കാരൻ ചോദിച്ചപ്പോൾ ‘എൻക്വയറി’യിൽ ആളില്ലെന്നായിരുന്നു മറുപടി. ഇക്കാര്യങ്ങളുടെ ദൃശ്യങ്ങൾ യാത്രക്കാരൻ പകർത്തുകയും ചെയ്തു.
ഇതേ അനുഭവം ബത്തേരിയിൽ മെക് 7 എന്ന വ്യായാമക്കൂട്ടായ്മയുടെ പ്രതിനിധി നൗഷാദും പങ്കുവയ്ക്കുന്നു.
മൂന്നാഴ്ച മുൻപായിരുന്നു സംഭവം.ചേകാടിക്കുള്ള ബസിനെക്കുറിച്ചായിരുന്നു അറിയേണ്ടത്. അതിനായി ഏറെ നേരം വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല.
പിന്നീട് ഡിപ്പോയിൽ നേരിട്ടു വരേണ്ടി വന്നു. 40 പേരടങ്ങുന്ന സംഘത്തിന് ചേകാടിയിലേക്ക് പോകുന്നതിന് കെഎസ്ആർടിസി ബസിന്റെ ലഭ്യത അറിയുകയായിരുന്നു ലക്ഷ്യം.
ഓഫിസിലുണ്ടായിരുന്ന ജീവനക്കാരൻ ആളൊഴിഞ്ഞ മേശ ചൂണ്ടിക്കാട്ടി അവിടെ എഴുതി വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചന്വേഷിക്ക് എന്നാണ് പറഞ്ഞത്.
അതോടെ കെഎസ്ആർടിയോടൊത്തുള്ള ആ യാത്ര തങ്ങൾ വേണ്ടെന്നു വച്ചെന്നും നൗഷാദ് പറയുന്നു.ഇത്തരത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഫോണെടുക്കുന്നില്ലെന്ന പരാതി ഒട്ടേറെയാണ്.
കെഎസ്ആർടിസി ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ ഒഴിവാക്കി മൊബൈൽ ഫോണുകളാക്കിയത് അടുത്തിടെയാണ്. ചിരപരിചിത നമ്പറുകൾ ഇല്ലാതായത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
മൊബൈൽ ഫോൺ നമ്പർ എല്ലാവരും അറിഞ്ഞു വരുന്നതേയുള്ളു താനും. വിളി കുറവായിട്ടും റിങ് ചെയ്യുമ്പോൾ ഫോണടുക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
എന്നാൽ ‘എൻക്വയറി’ വിഭാഗത്തിൽ ആരെയും ഡ്യൂട്ടിക്ക് നിയോഗിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
ഏറെ ദീർഘദൂര സർവീസുകൾ നടത്തുന്ന ഡിപ്പോയാണ് ബത്തേരി. രാത്രി 11.25നുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വരെ തുടർച്ചയായി രാത്രി വണ്ടികളുണ്ട്.
പുറമേ ബെംഗളൂരു – കോഴിക്കോട് റൂട്ടിലോടുന്ന ദീർഘദൂര സർവീസുകളും ബത്തേരി വഴി പോകുന്നു. വിളിച്ചാൽ ഫോണെടുത്ത് കൃത്യമായ മറുപടി തരണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മന്ത്രിതലത്തിൽ പുതിയ നിർദേശങ്ങൾ ഏറെയുണ്ടെങ്കിലും പലതും പാലിക്കപ്പെടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

