
മാനന്തവാടി ∙ പരീക്ഷകൾക്കോ, ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ എത്തി ഒരു രാത്രി സുരക്ഷിതമായി, മിതമായ നിരക്കിൽ തങ്ങണമെങ്കിലോ കൈക്കുഞ്ഞുമായി സുരക്ഷിതമായി ഏതാനും ദിവസങ്ങൾ താമസിക്കാനോ വയനാട്ടിൽ എത്തിയാൽ ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഇത്തരം അവസ്ഥയിൽ മിക്കപ്പോഴും സ്ത്രീകൾ നട്ടം തിരിയുന്ന അവസ്ഥയ്ക്കു ഷീ ലോഡ്ജിലൂടെ പരിഹാരം കാണുകയാണ് എടവക പഞ്ചായത്ത്.
ദ്വാരകയിലാണ് എടവക പഞ്ചായത്തിന്റെ ഷീ ലോഡ്ജ് വരുന്നത്. മിതമായ നിരക്കിൽ സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കാനും വിശ്രമത്തിനുമുള്ള ഇടമാണിത്.
ജില്ലയിൽ വിനോദ സഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ എത്തുന്ന സ്ത്രീകൾക്കു രാത്രി വിശ്രമിക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിലാണു പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടു വന്നത്. ഭക്ഷണം, സൗജന്യ വൈഫൈ, വായന മുറി തുടങ്ങിയ സൗകര്യങ്ങളോടെ പരമാവധി 5 ദിവസത്തേക്ക് ഒരുമിച്ച് ബുക്ക് ചെയ്യാം.
30 പേർക്കു താമസിക്കാൻ കഴിയുന്ന ഡോർമിറ്ററി സൗകര്യമാണ് ഉള്ളത്. നേരത്തേ നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടം കോവിഡ് വ്യാപനം കാരണം വൈകിയെങ്കിലും 2 വർഷങ്ങൾക്കു ശേഷം പുനരാരംഭിച്ചു.
കെട്ടിട നിർമാണ പ്രവൃത്തി സിൽക്ക് എന്ന സർക്കാർ അക്രഡിറ്റഡ് കമ്പനിയാണ് ഏറ്റെടുത്തത്.
എടവക പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വനിതാ ഘടക പദ്ധതിയിൽ നിന്നും എടവക പഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും 48 ലക്ഷം രൂപയും ചെലവഴിച്ച് നിർമിക്കുന്ന ഷീ ലോഡ്ജിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഷീ ലോഡ്ജിനുള്ള അനുബന്ധ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ഫിറ്റ്നസ് സെന്റർ, ഷട്ടിൽ കോർട്ട് തുടങ്ങിയവയും ആരംഭിക്കും. മാനന്തവാടി രൂപത എടവക പഞ്ചായത്തിനു നൽകിയ 20 സെന്റിൽ നിർമിക്കുന്ന ഷീ ലോഡ്ജ് സെപ്റ്റംബറിൽ തുറന്നു പ്രവർത്തിക്കും.
കുടുംബശ്രീ, വനിതാ ഘടകങ്ങൾക്ക് ആയിരിക്കും ഷീ ലോഡ്ജിന്റെ നടത്തിപ്പു ചുമതല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]