
അമ്പലവയൽ ∙ നിറഞ്ഞു കവിഞ്ഞ ക്വാറിക്കുളങ്ങൾ വിനോദസഞ്ചാരത്തിനോ കാർഷിക ആവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താൻ പദ്ധതിയില്ല. അമ്പലവയൽ ടൗണിലും പരിസരത്തുമായി വലിയ ക്വാറിക്കുളങ്ങൾ ഒട്ടേറെയുണ്ട്.
മഴക്കാലം ശക്തമായതോടെ എല്ലാ കുളങ്ങളും ജലസമൃദ്ധമായി. എന്നാൽ ഇതിലെ ജലമോ ജലാശയം തന്നെയോ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ പദ്ധതികളൊന്നുമില്ല. ക്വാറിക്കുളങ്ങളോട് ചേർന്നുള്ള കൃഷിമേഖലയിൽ ഈ വെള്ളമെത്തിക്കാൻ ചെറുകിട
പദ്ധതി ആലോചിച്ചിരുന്നെങ്കിലും നടപ്പായില്ല.
ക്വാറിക്കുളങ്ങൾക്കു തൊട്ടടുത്ത് കാര്യമായി കൃഷിയില്ലെന്നതും ഏറെ അകലേക്കു വെള്ളം കൊണ്ടുപോകുന്നതിനു ചെലവേറുമെന്നതിനാലുമാണു വേണ്ടെന്നുവച്ചത്. നേരത്തെ അധികൃതർ ഇതുമായി ബന്ധപ്പെട്ടു പ്രാഥമിക പഠനം നടത്തിയിരുന്നു.
ക്വാറിക്കുളങ്ങളുടെയും പരിസരത്തെയും മനോഹാരിത ടൂറിസം പദ്ധതികൾക്കായി ഉപയോഗപ്പെടുത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യവും നടപ്പായില്ല. മഞ്ഞപ്പാറ അടക്കമുള്ള ക്വാറിക്കുളങ്ങൾ നിറഞ്ഞ പ്രദേശത്ത് ദിവസേന ഒട്ടേറെ പേരാണു സന്ദർശകരായി എത്തുന്നത്.
റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമിയിലാണു ഭൂരിഭാഗം കുളങ്ങളും.
അതിനാൽ ഇവയെല്ലാം ഉൾപ്പെടുത്തി പദ്ധതികൾ തയാറാക്കിയാൽ വിനോദ സഞ്ചാര മേഖലയ്ക്കും നാടിനാകെയും നേട്ടമാകും. ടൗണിന് സമീപത്തായുള്ള ക്വാറിക്കുളങ്ങളിലും പരിസരത്തും ഇപ്പോൾ സന്ദർശകരെത്തുന്നുണ്ട്.
ക്വാറികൾ വർഷങ്ങളായി പ്രവൃത്തിക്കാത്തതിനാൽ പലതിനും സുരക്ഷ സംവിധാനങ്ങളൊന്നുമില്ല. ഇത് അപകട
സാധ്യതയും വർധിപ്പിക്കുന്നുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്വാറിക്കുളങ്ങൾ ഉപയോഗപ്പെടുത്തി മീൻവളർത്തൽ വിപുലമായി ആരംഭിക്കാനുള്ള പദ്ധതികൾ അറിയിച്ചിരുന്നെങ്കിലും എവിടെയുമെത്തിയില്ല. മഴ ശക്തമായതോടെ കുളങ്ങളിലെല്ലാം വൻതോതിൽ വെള്ളമുണ്ട്.
വേനൽക്കാലത്തും വെള്ളമുള്ളതിനാൽ എല്ലാകാലത്തും ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനാൽ ടൂറിസം, ജലസേചന പദ്ധതികൾ ഇവിടങ്ങളിൽ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]