
ബത്തേരി ∙ വേട്ടയാടാൻ തോക്കുമായി കാട്ടിൽ കയറിയവർ മുന്നിലെത്തിയ പുള്ളിമാനെ വെടിവച്ചിട്ടു. നേരം പുലർന്നു വരുന്ന നേരം അന്തരീക്ഷത്തിലുയർന്ന വെടിയൊച്ച ചെന്നുപതിച്ചത് കാട്ടാനയെ തുരത്താൻ വാകേരി, മണ്ണുണ്ടി വനയോരത്ത് പട്രോളിങ് നടത്തിക്കൊണ്ടിരുന്ന വനപാലകരുടെ കാതിൽ.
പിന്നെയൊട്ടും താമസിച്ചില്ല വെടിയൊച്ച കേട്ട ഭാഗത്തേക്കു വനപാലക സംഘം പാഞ്ഞെത്തി.
ചത്ത മാനിനെ ഇറച്ചിയാക്കുന്നതിനായി ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റും നേരമാണ് വനപാലകരെത്തിയത്. തോക്കു കയ്യിലേന്തിയ ആൾ ഇരുളിൽ ഓടി മറഞ്ഞെങ്കിലും രണ്ടാമൻ പിടിയിലായി.
വാകേരി കുന്നേപറമ്പിൽ പ്രദീപ് (56) ആണു പിടിയിലായത്.
ഒപ്പമുണ്ടായിരുന്ന ചൂതുപാറ സ്വദേശി അരുൺ തോക്കുമായി ഓടി കളഞ്ഞെന്നു വനപാലകർ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ റിമാൻഡ് ചെയ്തു.
മാനിനെ കയറ്റിയ അരുണിന്റെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വാകേരി മണ്ണുണ്ടി വനമേഖലയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
പ്രദീപും സുഹൃത്തും ജനവാസ കേന്ദ്രത്തോടടുത്ത കാട്ടിലാണ് മൃഗവേട്ടയ്ക്കായി തോക്കുമായി കാടുകയറിയത്.
പ്രദേശത്ത് സമീപ ദിവസങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതിനാൽ അതിർത്തി മേഖലകളിലാകെ കനത്ത പട്രോളിങ്ങുണ്ടായിരുന്നു അങ്ങനെയാണ് വെടിയൊച്ച വനപാലകരുടെ ചെവിയിലെത്തിയത്. ഉടൻ വിവരം ഓഫിസിലറിയിച്ചു കൂടുതൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വനപാലകർ സംഭവ സ്ഥലത്തേക്ക് എത്തിയത്. ചത്ത മാനിനെ സ്ഥലത്തു നിന്നു വണ്ടിയിൽ കൊണ്ടുപോകും മുൻപു തന്നെ പ്രതികളിലൊരാളെ അവർക്ക് പിടികൂടാനുമായി.
ഒരു വയസ്സ് പ്രായമുള്ള മാനാണു നായാട്ടിന് ഇരയായതെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂർ പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.വി.സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.എസ്.സത്യൻ, പി.എസ്.അജീഷ്, ജിതിൻ വിശ്വനാഥ്, സി.ഷൈനി, സീബ റോബർട്ട്, വാച്ചർമാരായ ബാലൻ, ജയേഷ്, പി.ജെ.രവി എന്നിവർ ചേർന്നാണ് രാത്രി ദൗത്യത്തിലൂടെ വേട്ട പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]