കൽപറ്റ ∙ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളും മുന്നണികളുമെല്ലാം പോസ്റ്ററുകളും ബോർഡുകളും കട്ടൗട്ടറുകളുമൊക്കെ സ്ഥാപിച്ച് പരമാവധി വോട്ടുകൾ കീശയിലാക്കാനുള്ള തിരക്കിലാണ്. ഇത്തവണ വോട്ടെടുപ്പ് നേരത്തെയായതിനാൽ ഇതിനോടകം തന്നെ നാടുനീളെ വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള കട്ടൗട്ടറുകളും പോസ്റ്ററുകളും കൊണ്ടു നിറഞ്ഞു.
സ്ഥാനാർഥികൾ വിജയിക്കുന്നതിൽ ഇവയ്ക്കുള്ള പങ്ക് വലുതാണെന്നാണു മുന്നണികളുടെ ‘പരമ്പരാഗതമായ’ വിശ്വാസം.
ഇത്തവണയും നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സുകൾ ഒഴിവാക്കി പൂർണമായും തുണിയിലാണ് പ്രിന്റിങ്. ചുവരെഴുത്തിന് പണ്ടത്തെ പോലെ ‘ഫാൻസ്’ ഇല്ലാത്തതിനാൽ ജില്ലയിൽ ബോർഡുകളിലൂടെയും കട്ടൗട്ടറുകളിലൂടെയും പോസ്റ്ററുകളിലൂടെയുമാണു പ്രചാരണം കൊഴുക്കുന്നത്.
തിരക്ക് വർധിച്ചതോടെ ഡിസൈനിങ്, പ്രിന്റിങ് സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങി.
ഇതിനിടെ, ഇതര സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയത് ഡിസൈനിങ്, പ്രിന്റിങ് സ്ഥാപനങ്ങളിൽ പണി കൂട്ടി. അതേസമയം, ബോർഡുകളും പോസ്റ്ററുകളും കട്ടൗട്ടറുകളുമൊക്കെ പൊതുസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ചാൽ പണി കിട്ടും.
അനധികൃതമായി സ്ഥാപിക്കുന്ന പരസ്യ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യും.
വലുപ്പത്തിന് അനുസരിച്ച് ‘പത്രാസ്’ കൂടും
ഇത്തവണയും 6 അടി ഉയരവും 4 അടി വീതിയുമുള്ള ബോർഡുകൾക്കാണ് ആവശ്യക്കാരേറെ. 360 രൂപ മുതൽ 400 രൂപ വരെയാണു ഇത്തരം ബോർഡുകളുടെ വില.
അൽപം കൂടി ‘പത്രാസ്’ വേണമെന്നുള്ളവർക്ക് 8, 10 അടി പൊക്കവും 3 അടി വീതം വീതിയുമുള്ള ബോർഡുകൾ സ്ഥാപിക്കാം. ഇതിനു ചെലവും അൽപം കൂടും.
കയ്യുയർത്തി വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥിയുടെ പൂർണകായ ചിത്രം അച്ചടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു ബോർഡിന് ഫ്രെയിം ഉൾപ്പെടെ 550- 600 രൂപയാണ് ചെലവ്. ‘സീസൺ’ ആയതോടെ ബോർഡിന്റെ ഫ്രെയിമുണ്ടാക്കുന്നവർക്കും ഡിമാൻഡേറി.
മികച്ച ഫ്രെയിമുകൾ ഇല്ലെങ്കിൽ ബോർഡുകൾക്ക് ഉറപ്പുണ്ടാകില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ ഫ്രെയിമുകൾ തയാറാക്കാനാകില്ല.
എത്ര വേഗം കൂട്ടിയാലും ദിവസം 65നും 100നുമിടയിൽ ഫ്രെയിമുകൾ മാത്രമേ നിർമിക്കാനാകൂ എന്ന് ഇവർ പറയുന്നു.
അച്ചടിക്കുമ്പോൾ ഇത് ഓർക്കണം
സ്ഥാനാർഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാർട്ടികളോ മറ്റാരെങ്കിലുമോ പോസ്റ്റർ, ബാനർ തുടങ്ങിയ പ്രചാരണ സാമഗ്രികൾ അച്ചടിക്കാൻ സമീപിക്കുന്ന സാഹചര്യത്തിൽ, പ്രിന്റിങ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്നും സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. കൂടാതെ അച്ചടിക്കുന്ന സാമഗ്രികളിൽ പ്രിന്റിങ് സ്ഥാപനം, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ പേര്, മേൽവിലാസം, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമാക്കണം.
അച്ചടിച്ച സാമഗ്രികളുടെ 2 കോപ്പികളും സത്യവാങ്മൂലത്തിന്റെ പകർപ്പും ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർക്കു 3 ദിവസത്തിനുള്ളിൽ കൈമാറണം.
നിർദേശങ്ങൾ പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസൻസ് റദ്ദാക്കുന്നതു ൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

