ബത്തേരി ∙ വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നു കിടക്കുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊളെ വനമേഖലകളും തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതവും വരണ്ടുണങ്ങിത്തുടങ്ങിയതോടെ കാട്ടാനകളുടെ ദേശാടനവും തുടങ്ങി. തീറ്റയും വെള്ളവും തേടി അവ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോൽപെട്ട് റേഞ്ചുകളിലേക്ക് കൂട്ടത്തോടെയാണ് എത്തുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ പലയിടങ്ങളിലും ജലാശയങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്.
മുത്തങ്ങ, കല്ലൂർ, പൊൻകുഴി പുഴകൾ വന്യജീവികൾക്കിപ്പോൾ നീരുറവയാണ്. ദേശീയപാത 766നു കുറുകെ കാട്ടിലെ പുഴകളിലേക്ക് വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടങ്ങൾ സഞ്ചാരികൾക്കു കാഴ്ചയാണ്.
ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള ആനകളുടെ ഇറക്കവും കൂടിയിട്ടുണ്ട്. ചക്കയും മാങ്ങയും നിറഞ്ഞു തുടങ്ങിയതും കാട്ടാനകളെ ആകർഷിക്കുന്നു.
ആകനകൾ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും തടയാൻ സത്വര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കബനിക്കരയിൽ സുഖവാസം
പുൽപള്ളി ∙ വേനൽ കനത്ത് അതിർത്തി വനങ്ങൾ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകൾ കൂട്ടത്തോടെ കബനിക്കരയിലേക്ക്. കർണാടക ബന്ദിപ്പൂർ, നാഗർഹൊള കടുവ സങ്കേതങ്ങൾ, അതോടു ചേർന്ന വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നിന്നാണ് കബനിക്കരയിലേക്ക് ഇവയുടെ ദേശാടനം.
ചെറുതും വലുതുമായ ആനക്കൂട്ടങ്ങൾ കബനിയുടെ ഇരുതീരങ്ങളിലും തമ്പടിച്ചുതുടങ്ങി. ബീച്ചനഹള്ളി അണക്കെട്ടിന്റെ റിസർവൊയർ കടുവ സങ്കേതങ്ങളിലേക്ക് കയറിക്കിടക്കുന്നു.
ഈ ഭാഗത്ത് ഭക്ഷണവും വെള്ളവും സുലഭമാണ്. സുരക്ഷിത കേന്ദ്രങ്ങളിലാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ തമ്പടിക്കുന്നത്.
പുഴയിൽ മുങ്ങിക്കുളിച്ചും കരയിലെ പുൽമേട്ടിലൂടെ ഉരുണ്ടും ചെറിയ കുട്ടിയാനകളും മാറിയ സാഹചര്യത്തോടു പൊരുത്തപ്പെട്ടു കഴിയുന്നു.
ബന്ദിപ്പൂരിനോടു ചേർന്നുള്ള മുതുമല കടുവ സങ്കേതത്തിലെ മൃഗങ്ങളും ഈ ഭാഗത്തേക്ക് നീങ്ങുന്നുണ്ടെന്നാണ് വിവരം. നീലഗിരി ജൈവമണ്ഡലത്തിലെ വനമേഖല കടുത്ത വരൾച്ചയെ നേരിടുന്നു.
വനത്തിൽ ചിലഭാഗത്ത് ചെറിയതോതിൽ മഴ പെയ്തെങ്കിലും ജലാശയങ്ങളിൽ വെള്ളമില്ല. വനത്തിൽ വരൾച്ചയേറുമ്പോഴാണ് മൃഗങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നത്.
മഴക്കാലമാകുംവരെ കബനീതടം വന്യമൃഗങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. എല്ലാത്തരം വന്യജീവികളും ജലജീവികളും പക്ഷികളുമെല്ലാം കബനിയെ ആശ്രയിച്ചു കഴിയുന്നു.
വന്യമൃഗങ്ങളുടെ സുരക്ഷയുറപ്പാക്കാൻ വനംവകുപ്പ് സദാ ജാഗ്രതയിലാണ്. വനത്തിലേക്കുള്ള പ്രവേശനം നിരോധിക്കുകയും സുരക്ഷയ്ക്ക് കൂടുതൽ വനപാലകരെ വിന്യസിക്കുകയും ചെയ്തു.
നിരവധി ക്യാമറകളാണ് വനപാതകളിൽ സ്ഥാപിച്ചത്. കാട്ടുതീ പ്രതിരോധ സംവിധാനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട്.
കൊമ്പൻ വഴിമുട്ടിച്ചു; ഇന്നലെയും മയക്കുവെടി ദൗത്യം നടന്നില്ല
ബത്തേരി ∙ വടക്കനാട് പച്ചാടിയിൽ യുവ കർഷകൻ രജീവിനെ ആക്രമിച്ചു കൊന്ന കാട്ടാന മുട്ടിക്കൊമ്പൻ (താത്തൂർ ടസ്കർ) ഉൾക്കാട്ടിലേക്ക് നീങ്ങിയതിനാൽ ഇന്നലെ മയക്കുവെടി ദൗത്യം നടന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലർച്ചെയും മുട്ടിക്കൊമ്പനെ കണ്ടെത്താൻ ദൗത്യസംഘം ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച പുലർച്ചെ വടക്കനാട് കല്ലൂർ കുന്നിൽ വച്ച് മുട്ടിക്കൊമ്പനു നേരെ മയക്കുവെടി ഉതിർത്തിരുന്നെങ്കിലും ദൗത്യം വിജയമായിരുന്നില്ല.
സിറിഞ്ച് ദേഹത്തു കൊണ്ടെങ്കിലും ഫലമില്ലാതാവുകയായിരുന്നു. വെടിയൊച്ചയും മറ്റും ഉണ്ടായതിനാലാകാം മുട്ടിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഇന്നലെ പുലർച്ചെ ആന ജനവാസ കേന്ദ്രങ്ങളിലേക്കെത്തിയുമില്ല.
കുങ്കിയാനകളായ പ്രമുഖ, സൂര്യ, ഉണ്ണിക്കൃഷ്ണൻ, വിക്രം എന്നിവയെ ഉപയോഗിച്ച് മുട്ടിക്കൊമ്പനെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സഖറിയ എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
കൊമ്പനെ കണ്ടെത്തുന്നതിനായി ദൗത്യസംഘം നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.കാട്ടാനക്കൂട്ടത്തിനൊപ്പമാണ് മുട്ടിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതെന്നാണ് വിവരം. കൊമ്പനെ ലൊക്കേറ്റു ചെയ്യാനായാൽ ദൗത്യം ഇന്നും നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

