കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. കർശന ഗുണനിലവാര പരിശോധനയാണ് ടൗൺഷിപ് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നടക്കുന്നത്. നിർമാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമന്റ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ചു ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്.
ഇതിനായി നിർദിഷ്ട
ടൗൺഷിപ് ഭൂമിയിൽ പൂർണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്. മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിന്റെ അടിത്തറയുടെയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ച്ചർ ആയാണ് കെട്ടിടം നിർമിക്കുന്നത്.
മുകളിലേക്കു കൂടുതൽ നിലകൾ പണിയാൻ പാകത്തിലാണ് തറകളുടെ നിർമാണം.
നിർമാണസാമഗ്രികൾ കരാറുകാരന്റെ ടെസ്റ്റിങ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിങ്ങും കൂടി നടത്തി ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ട്. നിർമാണത്തിലെ ഓരോ ഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്.
പ്രോജക്ട് കൺസൽറ്റന്റായ കിഫ്കോൺ എൻജിനീയർമാരുടെ സാന്നിധ്യത്തിലാണ് ഓരോ പരിശോധനകളും നടത്തുന്നത്.
കൃത്യത ഉറപ്പുവരുത്തുന്നതിനായി ഓരോ പരിശോധനയുടെയും ഫൊട്ടോ/വിഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 58 ഘട്ട
പരിശോധനകൾ കടന്നാണ് ഓരോ വീടും പൂർത്തിയാക്കുന്നത്.
പ്രമുഖ കമ്പനികളുടെ ഉയർന്ന ഗുണനിലവാരമുള്ള കമ്പികളും സിമന്റുമാണ് നിർമാണത്തിനു ഉപയോഗിക്കുന്നത്. കോൺക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ, മണൽ, സിമന്റ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങൾ പ്രകാരമുള്ള ട്രയൽ കോൺക്രീറ്റ് മിക്സ് തയാറാക്കി പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കോൺക്രീറ്റിങ്ങിനു ഉപയോഗിക്കുന്നത്.
ഓരോ കോൺക്രീറ്റ് മിശ്രിതവും തയാറാക്കിയതിനുശേഷം നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്.
സമയപരിധി കഴിഞ്ഞാൽ കോൺക്രീറ്റ് തിരികെ അയയ്ക്കും. ഓരോ കോൺക്രീറ്റ് മിശ്രിതത്തിന്റെയും പ്രവർത്തന ക്ഷമത സ്ലമ്പ് ടെസ്റ്റിലൂടെ (Slump test) ഉറപ്പുവരുത്തിയ ശേഷമാണ് കോൺക്രീറ്റിനു ഉപയോഗിക്കുന്നത്.
ഓരോ കോൺക്രീറ്റ് ലോഡിൽ നിന്നും സാംപിൾ ശേഖരിച്ച് ഏഴാമത്തെയും ഇരുപത്തിയെട്ടാമത്തെയും ദിവസങ്ങളിൽ അവയുടെ ഉറപ്പ് പരിശോധിക്കുന്നു.
മാനദണ്ഡപ്രകാരമുള്ള ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ പൊളിച്ച് പണിയണം. IS456:2000 കോഡ് പ്രകാരമുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൗൺഷിപ്പിലെ ഓരോ നിർമാണവും നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.
9 വീടുകളുടെ കൂടി കോൺക്രീറ്റിങ് പൂർത്തിയായി
ടൗൺഷിപ്പിലെ 9 വീടുകളുടെ കൂടി പ്രധാന കോൺക്രീറ്റിങ് പൂർത്തിയായി.
പ്രധാന കോൺക്രീറ്റിങ് കഴിഞ്ഞ വീടുകളിൽ ഭിത്തിക്ക് സിമന്റിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 600ലധികം തൊഴിലാളികളെ ഉപയോഗിച്ചാണു നിർമാണം.
ഒരാഴ്ചയ്ക്കുള്ളിൽ തൊഴിലാളികളുടെ 750 ആയി ഉയർത്തും. 331 വീടുകൾക്ക് ഇതുവരെ നിലമൊരുക്കി.
സ്ഥലത്ത് കോൺക്രീറ്റ് മിക്സിങ് പ്ലാന്റ്
വീടുകളുടെ കോൺക്രീറ്റിങ് വേഗത്തിലാക്കാനായി നിർമാണ ചുമതലയുള്ള, ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ടൗൺഷിപ് ഭൂമിയിൽ കോൺക്രീറ്റ് മിക്സിങ് പ്ലാന്റ് സ്ഥാപിച്ചു.
പ്ലാന്റിൽ നിന്നുള്ള കോൺക്രീറ്റ് മിശ്രിതം വേഗത്തിൽ വാർക്കാൻ കഴിയുന്ന ‘ബൂംപമ്പ്’ ഉപയോഗിച്ച് പ്രവൃത്തി നടത്തും. ഇതുവഴി ഒരുദിവസം 7ലധികം വീടുകൾ കോൺക്രീറ്റിങ് നടത്താൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

