ചുണ്ടേൽ ∙ കാട്ടാന തകർത്ത വാഹനങ്ങൾ നന്നാക്കി നൽകുന്നതിൽ മെല്ലെപ്പോക്ക് സമീപനം തുടർന്ന് വനംവകുപ്പ്. കഴിഞ്ഞ ജൂലൈ 20നു രാത്രിയിൽ ചേലോട് എസ്റ്റേറ്റ് പാടിയിലെത്തിയ കാട്ടാനയാണ്, പാടിയിലെ താമസക്കാരനായ പള്ളിപ്പറമ്പിൽ ജോണിയുടെ ഓട്ടോ ടാക്സിയും സ്കൂട്ടറും തകർത്തത്. നന്നാക്കാനായി 1.10 ലക്ഷം രൂപയുടെ ക്വട്ടേഷനാണു നൽകിയിരിക്കുന്നത്. ഇതിൽ ഇൻഷുറൻസ് മുഖേന ലഭിക്കുന്ന തുക കിഴിച്ചുള്ള തുക വഹിക്കാമെന്നാണു വനംവകുപ്പ് അറിയിച്ചതെന്നു ജോണി പറയുന്നു.
ഫലത്തിൽ, ഇൻഷുറൻസ് തുക അക്കൗണ്ടിൽ വരുന്നതു വരെ ജോണിയുടെ വാഹനങ്ങൾ വർക്ഷോപ്പിൽ കിടക്കേണ്ടി വരും.
അത്രയും ദിവസം കൂടി ജോണി വരുമാനമില്ലാതെ പ്രയാസത്തിലുമാകും. തുക നേരത്തെ അടച്ച് ജോണിക്കു വണ്ടി നന്നാക്കിക്കൊടുത്തശേഷം ഇൻഷുറൻസ് റീ ഇംബേഴ്സ്മെന്റിനു കൊടുക്കാനും വനംവകുപ്പ് തയാറാകുന്നില്ല. കാട്ടാനയുടെ ആക്രമണത്തിനു ശേഷം ജൂലൈ 21നു രാവിലെയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോ ടാക്സി കൽപറ്റ ബൈപാസിലെ വർക്ഷോപ്പിലേക്ക് മാറ്റിയിരുന്നു. 10 ദിവസം കൊണ്ടു നന്നാക്കിത്തരാമെന്നായിരുന്നു ഉറപ്പ്.
ഇതിനായുള്ള അപേക്ഷകളെല്ലാം ജോണി അക്ഷയ കേന്ദ്രം വഴി നൽകുകയും ചെയ്തു.
ജൂലൈ 25ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്കൂട്ടർ മാനന്തവാടിയിലെ ഷോറൂമിലേക്ക് മാറ്റി. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. 10 ദിവസത്തിനു ശേഷം അന്വേഷിച്ചപ്പോഴാണു ഇൻഷുറൻസ് തുകയുടെ കാര്യത്തെ കുറിച്ച് ഉദ്യോഗസ്ഥർ പറയുന്നത്.
‘കാട്ടാന തകർത്ത വാഹനങ്ങൾ നന്നാക്കുന്നതിനുള്ള തുക ഇൻഷുറൻസിൽ നിന്നാണു ഉപയോഗിക്കുന്നതെങ്കിൽ വാഹനങ്ങൾ എന്തിനാണു വനംവകുപ്പ് കൊണ്ടുപോയത്. ഇക്കാര്യം തനിക്ക് തന്നെ ചെയ്യാമായിരുന്നല്ലോ’- ജോണി ചോദിക്കുന്നു.
ചുണ്ടേൽ ടൗണിലെ ഓട്ടോ ഡ്രൈവറാണു ജോണി. വാഹനം വർക്ഷോപ്പിലായതോടെ ഒരുമാസമായി ജോണിക്കു വരുമാനമൊന്നുമില്ല. വായ്പയെടുത്താണ് ഓട്ടോ ടാക്സി വാങ്ങിയത്.
തൊഴിലില്ലാതെയായതോടെ വായ്പ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]