പുൽപള്ളി ∙ കർണാടക വനാതിർത്തിയിലെ കന്നാരംപുഴക്കര ചണ്ണോത്തുകൊല്ലി ഊരിലെ മനുഷ്യരുടെ ജീവിതം പരമ ദയനീയം. മഴയൊന്നു ചാറിയാൽ നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥ. ചോർന്നൊഴുകാത്ത വീടുകളൊന്നുമില്ലിവിടെ.
പുഴപുറമ്പോക്കിൽ 8 കുടുംബങ്ങൾ 5 വീടുകളിലായി കഴിയുന്നു. അതെല്ലാം പൊട്ടിത്തകർന്നിട്ടു വർഷങ്ങളേറെയായി.
വീടുകളുടെ പൊളിഞ്ഞഭിത്തികളിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയാണ് കുടുംബങ്ങൾ കഴിയുന്നത്. പരിസരത്ത് ചളിക്കുളമല്ലാതെ കാൽകുത്താനൊരിടമില്ല.പകൽ സമയത്തും ആനയും കടുവയും കാടിറങ്ങുന്ന ഭാഗത്താണ് ഉറപ്പില്ലാത്ത ഷെഡ്ഡുകളിൽ ഇവരുടെ വാസം.
നാലുപതിറ്റാണ്ടായി ഈ പണിയസമൂഹം ഇല്ലായ്മകളോടു പടവെട്ടി ഇവിടെ കഴിയുന്നു.
കന്നാരംപുഴ കരകവിയുമ്പോൾ ഇവരെ സീതാമൗണ്ട് സ്കൂളിലേക്ക് മാറ്റാറുണ്ട്. എന്നാൽ അടച്ചുറപ്പുള്ളൊരു വീട് ഇതുവരെയില്ല.
രേഖയില്ലാത്ത 50 സെന്റ് സ്ഥലത്താണ് ഇവരുടെ ദേവസ്ഥാനം, ശ്മശാനം, കിണർ തുടങ്ങിയവയെല്ലാമുള്ളത്. ഇവിടേക്ക് എത്താനൊരു റോഡില്ലാത്തതാണ് താമസക്കാരുടെ മുഖ്യപ്രശ്നം.
ചണ്ണോത്തുകൊല്ലി സ്കൂളിനു മുന്നിൽ നിന്നാരംഭിക്കുന്ന റോഡ് തൊട്ടടുത്ത് അവസാനിക്കുന്നു.പിന്നീടങ്ങോട്ട് നടവഴി മാത്രം. ഊരിലേക്കെത്താനുള്ള റോഡിന്റെ നിർമാണത്തിനു ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു.
എന്നാൽ കുറച്ചുഭാഗത്ത് സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നം റോഡ് നിർമാണത്തിനു വിലങ്ങുതടിയായി. മഴമാറിയാലുടൻ നിർമാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ഊരിലേക്കു റോഡ് വന്നാലും ഇവർക്ക് ജീവിത പുരോഗതിയുണ്ടാവില്ല.
സ്വന്തമായി കിടപ്പാടവും കൃഷിചെയ്യാൻ ഭൂമിയും വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഗോത്രസമൂഹത്തിന്റെ ഭൂപ്രശ്നം പരിഹരിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും ഒട്ടേറെ പദ്ധതികൾ നടത്തുമ്പോഴാണ് ഇവിടെ നിന്നുതിരിയാനിടമില്ലാത്ത പുറമ്പോക്കിൽ കുറെയാളുകൾ നരകജീവിതം അനുഭവിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]