മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ അനാസ്ഥയിൽ കാലിന്റെ ചലനശേഷിയും തുടർന്നു സർക്കാർ ജോലിയും നഷ്ടമായ പേരിയ ഊരാച്ചേരി ഹാഷിം നീതി തേടി അലയുന്നു.
ഇന്നലെ ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിനു മുന്നിൽ ഹാജരായി തെളിവുകൾ നിരത്തിയ ഹാഷിം വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
2023 ഫെബ്രുവരിയിൽ വെരിക്കോസ് വെയ്നിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഹാഷിമിന്റെ കാലിനു ചലനശേഷി നഷ്ടമായത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ കാലിൽനിന്നു തലച്ചോറിലേക്കു രക്തയോട്ടത്തിനുള്ള ഞരമ്പ് മുറിച്ചുമാറ്റിയതായിരുന്നു കാരണം.
പിറ്റേദിവസം വേദന മാറാതായപ്പോൾ മറ്റൊരു ഡോക്ടർ നടത്തിയ പരിശോധനയിൽ പിഴവ് തിരിച്ചറിഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. പിഎസ്സിയുടെ ഡ്രൈവർ കം ഓഫിസ് അറ്റൻഡർ പരീക്ഷയിൽ 17-ാം റാങ്ക് നേടി സംവരണ മാനദണ്ഡത്തിൽ അഞ്ചാമത്തെ ആളായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയാണു ശസ്ത്രക്രിയ നടന്നത്.
കാലിനു ശേഷി നഷ്ടപ്പെട്ട് ഫിറ്റ്നസ് ഇല്ലാതായതോടെ ഉറപ്പായിരുന്ന സർക്കാർ ജോലിയും ഈ യുവാവിനു നഷ്ടമായി. ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഹാഷിമിന് 2 ശസ്ത്രക്രിയ വേണ്ടി വന്നു.
വലത്തേ കാൽ മുറിച്ചുമാറ്റി ജീവൻ രക്ഷപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. പിന്നീട് കാൽ മുറിച്ച് മാറ്റാതെ ഇടത്തെ കാലിൽ നിന്ന് ഞരമ്പ് എടുത്ത് വലതു കാലിലേക്ക് തുന്നിച്ചേർത്തു.
എങ്കിലും കാലിന്റെ ചലനശേഷി തിരിച്ചുകിട്ടിയില്ല. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും ബീച്ച് ആശുപത്രിയിലെയും 4 ഡോക്ടർ അടങ്ങുന്ന സംഘമാണു തെളിവെടുപ്പ് നടത്താനെത്തിയത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ, ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ എന്നിവരിൽനിന്നു സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അടുത്ത ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. പ്രായമേറിയ ഉപ്പയും ഉമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹാഷിം. ചികിത്സ, വീടിന്റെ വായ്പ തിരിച്ചടവ്, മക്കളുടെ പഠനം എന്നിവയ്ക്കെല്ലാം എങ്ങനെ പണം കണ്ടെത്തുമെന്ന ആധിയിലാണ് ഇപ്പോൾ.
ചലനശേഷി നഷ്ടപ്പെട്ട കാലുമായി നീതിക്കു വേണ്ടി മുട്ടാത്ത വാതിലുകളില്ല.
പ്ലസ് ടു പാസായ തനിക്ക് ഒരു ജോലി ലഭിച്ചാൽ പിടിച്ചുനിൽക്കാൻ ആകുമെന്നാണ് ഹാഷിമിന്റെ പ്രതീക്ഷ.
പിഴവ് വരുത്തിയ ഡോക്ടർമാർ ആദ്യം സഹായിക്കാമെന്ന് ഏറ്റെങ്കിലും പിന്നീട് അതും ഉണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കലക്ടർ, ഡിഎംഒ മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകി.
നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ ഇനിയും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പണവും സ്വാധീനവുമുള്ള ഡോക്ടർമാരെ സംരക്ഷിക്കാനാണ് അധികൃതർക്കു താൽപര്യമെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഹാഷിം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]