പനമരം∙ ബീനാച്ചി – പനമരം റോഡിൽ പനമരം ചെറിയ പാലത്തിൽ രൂപപ്പെട്ട വിടവ് അപകടഭീഷണിയുയർത്തുന്നു.
കുണ്ടും കുഴികളും നിറഞ്ഞ പാലത്തിന് നടുവിൽ കോൺക്രീറ്റ് സ്ലാബുകൾ കൂടിച്ചേരുന്ന ഭാഗത്താണ് വലിയ വിടവ് രൂപപ്പെട്ടത്. രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞ് പാലം അപകടാവസ്ഥയിലായതിന് പുറമേ പാലത്തിന് മുകളിൽ വിടവ് രൂപപ്പെട്ടതോടെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം ഏതു സമയവും പുഴയിൽ പതിക്കാമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മഴ തുടങ്ങിയതോടെ പാലത്തിന്റെ മുകളിലെ ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെടുകയും പിന്നീട് സ്ലാബുകൾ കൂടി ചേരുന്ന ഭാഗത്തെ ടാറിങ് ഇളകി കോൺക്രീറ്റും നശിച്ചതോടെയാണ് വിടവ് രൂപപ്പെട്ടത്.
ഈ ഭാഗത്ത് കാൽനടയാത്രക്കാർ ശ്രദ്ധിക്കാതെ നടന്നാൽ ഈ വിടവിൽ കാൽ കുടുങ്ങി പരുക്കേൽക്കുമെന്നത് ഉറപ്പാണ്. പാലത്തിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ കുഴികൾ താൽക്കാലികമായി എങ്കിലും അടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതരോ അപകടാവസ്ഥയിലായ ഈ പാലത്തോടു ചേർന്ന് പുതിയ പാലം നിർമിക്കുന്ന കരാറുകാരനോ കേട്ട ഭാവം നടിച്ചില്ല. ഇതാണ് പാലത്തിൽ ഉണ്ണിയപ്പച്ചട്ടിയുടെ കുഴികൾ പോലെ കുഴികൾ നിറയാനും വിടവ് രൂപപ്പെടാനും കാരണം.
കൂടാതെ പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗവും ഇടിഞ്ഞുതാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
ഒരു മാസം മുൻപ് പാലത്തിന്റെ ഇരുവശങ്ങളും ഇടിഞ്ഞതോടെ ഒരുദിവസം വാഹനഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. പിന്നീട് ഇടിഞ്ഞ വശത്ത് മണൽച്ചാക്കുകൾ അടുക്കി ചെറിയ വാഹനങ്ങൾ കടത്തിവിടുകയും വലിയ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ച് പനമരം ടൗണിലും മാത്തൂർ പാദ്രെപിയോ പള്ളിക്ക് സമീപവും ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടൺ കണക്കിന് സിമന്റുമായി വരുന്ന ലോറികൾ അടക്കം യാതൊരു നിയന്ത്രണവുമില്ലാതെയാണ് തകർന്ന ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്.
പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തീകരിക്കേണ്ട
സമയപരിധി കഴിഞ്ഞെങ്കിലും പാലം പണി മുഴുവനായി പൂർത്തീകരിക്കാനോ അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. ഒച്ചിഴയും വേഗത്തിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
പാലം കുണ്ടും കുഴികളും നിറഞ്ഞ് തകർച്ചയിലായതോടെ പാലത്തിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ കുടുങ്ങി പല ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗത തടസ്സവും പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]