
പന്തല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാരും തൊഴിലാളികളും കൊളപ്പള്ളി ടൗണിൽ റോഡ് ഉപരോധിച്ചു.വ്യാപാരികൾ സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കടകളടച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉപരോധം തുടർന്നു.
ടാൻടീയിൽ തൊഴിലാളികൾ ജോലിക്കിറങ്ങിയില്ല. സമരത്തിന് ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ നേതൃത്വം നൽകി.
ടാൻടീ തേയില തോട്ടത്തിൽ സ്ഥിരമായി കാണാറുള്ള കാട്ടാനകളെ വനത്തിലേക്ക് തുരത്തണം. വളർന്നു നിൽക്കുന്ന തേയില ചെടികൾ വെട്ടി മാറ്റണം.
തോട്ടങ്ങളിൽ തൊഴിലിനിറങ്ങുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നൽകണം. തൊഴിലാളികളുടെ താമസ സ്ഥലത്തുള്ള ശുചിമുറികൾ പുനർ നിർമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.
ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.
ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നു പേർ
ഒരു മാസത്തിനിടയിൽ ഗൂഡല്ലൂരിൽ മൂന്നു പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂൺ 8 ന് ബിതർക്കാടിലെ ചന്തകുന്ന് സ്വദേശി ജോയി (60) കാട്ടാന വീടിന് സമീപത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്തി.
ജൂൺ 18നു മച്ചിക്കൊല്ലി ബേബി നഗറിലെ ആറുമുഖത്തെ വീടിന് സമീപത്തുള്ള റോഡിൽ വച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. ഇന്നലെ രാവിലെ 7 ന് വീടിന്റെ മുറ്റത്തിറങ്ങിയ ലക്ഷ്മിയെന്ന വീട്ടമ്മയെ തേയില തോട്ടത്തിൽ നിന്ന് ഓടിയെത്തിയ കാട്ടാന ചവിട്ടി കൊലപ്പെടുത്തി.
കാട്ടാന വരുന്നത് തൊട്ടു മുൻപിൽ കണ്ട
ലക്ഷ്മി മഴയിൽ കുതിർന്ന മുറ്റത്തു കൂടി ഓടി. വീടിനകത്ത് കയറാൻ ഒരു സ്റ്റെപ്പ് മാത്രം ബാക്കി ഉള്ളപ്പോഴാണ് ലക്ഷ്മിക്ക് ദുരന്തം നേരിട്ടത്.
തോട്ടത്തിൽ പണിക്ക് പോകുന്നതിനായി തൊട്ടടുത്തുള്ള വീടുകളുടെ മുറ്റത്ത് കൂട്ടം കൂടി നിന്നവരെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. വീടിന്റെ പുറകിലേക്ക് ഓടിയതിനാൽ ഇവർ രക്ഷപ്പെട്ടു.
ഓടുന്നതിനിടയിൽ ഭയന്ന് രണ്ട് പേർ ബോധരഹിതരായി വീണു.ലക്ഷ്മിയുടെ ഭർത്താവ് പരമശിവം, അരസകുമാർ ഇലക്കിയ,രഞ്ചിത,പാർവതി,ജ്യോതി എന്നിവർ തലനാരിഴയ്ക്കാണ് കാട്ടാനയിൽ നിന്നു രക്ഷപ്പെട്ടത്. ഇവരുടെ കൺമുൻപിൽ വച്ചാണ് ലക്ഷ്മിയുടെ മരണം നടന്നത്.
വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചിട്ടും നടപടികളൊന്നുമില്ല.
മൂന്നു പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ഭരണകക്ഷിയുടെ പ്രതിനിധികൾ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്. ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കാൻ ഊട്ടിയിലെത്തുന്ന നീലഗിരി എംപി രാജ ഗൂഡല്ലൂരിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ നടക്കുമ്പോൾ നാട്ടുകാർ നടത്തുന്ന പ്രതിഷേധങ്ങളിൽ ഉന്നത അധികാരികൾ സ്ഥലത്തെത്തണമെന്ന് വാശി പിടിക്കാറുണ്ട്. എന്നാൽ അവസാന നിമിഷം വരെ ഗൂഡല്ലൂരിലെ ആർഡിഒ മാത്രമാണ് ജനങ്ങളുമായി സമാധാന ചർച്ചയ്ക്ക് എത്തുന്നത്.
മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് യാതൊരു നടപടികളും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.
വനാതിർത്തികളിൽ കിടങ്ങ്, സോളർ വേലികൾ തുടങ്ങി എെഎ സംവിധാനങ്ങൾ വരെ പല സ്ഥലത്തും പരീക്ഷിച്ച് വിജയിക്കുന്നുണ്ട്. പടക്കം പൊട്ടിച്ച് പോലും വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്തരുതെന്ന് നിഷ്കർഷിക്കുന്ന വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മനുഷ്യ ജീവന് യാതൊരു വിലയും കൽപിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ടാൻടീയിൽ സ്ഥിരമായി താമസിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്.കാട്ടാനയുടെ മുൻപിൽ നിന്നും പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]