
വൈത്തിരി ∙ കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയോരത്തെ വൈത്തിരി കെഎസ്ഇബി ഓഫിസിന് പിറകിലെ തേയിലത്തോട്ടത്തിൽ ഒരു പകൽ മുഴുവൻ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് നാട്ടിൽ ഭീതി പരത്തി.ഒരു കുട്ടിയാന അടക്കം 6 അംഗ കാട്ടാനക്കൂട്ടം ദേശീയപാതയ്ക്ക് 50 മീറ്റർ അകലെ വരെയെത്തി. ഇന്നലെ രാവിലെയോടെ വൈത്തിരി കെഎസ്ഇബി ഓഫിസിന് പിറകിലെ, കച്ചേരിപ്പാറ വനമേഖലയിലാണ് ആദ്യം കാട്ടാനക്കൂട്ടമെത്തിയത്.
തുടർന്ന് ദേശീയപാതയ്ക്ക് സമീപത്തെ തേയിലത്തോട്ടത്തിലേക്കെത്തിയ കാട്ടാനക്കൂട്ടം അവിടെ തമ്പടിക്കുകയായിരുന്നു. വൈഎംസിഎ ഹാൾ പരിസരം, സ്വകാര്യ ഫ്ലാറ്റുകൾ, നാലുസെന്റ് ഉൗര് എന്നിവ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് കാട്ടാനകളെത്തിയത്.
കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ വൈകിട്ടോടെയാണു വനപാലക സംഘം കാട്ടാനകളെ തുരത്താനുള്ള ശ്രമം തുടങ്ങിയത്. കാട്ടാനക്കൂട്ടം ദേശീയപാതയിലേക്ക് ഇറങ്ങുന്നത് തടയാനായി ഇന്നലെ രാവിലെ മുതൽ വനപാലക സംഘം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.
ജനവാസ മേഖലകളിൽ ആർആർടി സംഘത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.
ദേശീയപാതയോട് ചേർന്നുള്ള കെഎസ്ഇബി ഓഫിസിന് സമീപവും വനപാലക സംഘം തമ്പടിച്ചു. വൈകിട്ട് നാലോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയ ശേഷമാണു വനംവകുപ്പ് ദൗത്യം ആരംഭിച്ചത്.
ജോലി കഴിഞ്ഞെത്തിയവരെ വനം വകുപ്പിന്റെ വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു. കാട്ടാനക്കൂട്ടം എത്താൻ സാധ്യതയുള്ളതിനാൽ തളിമല ഭാഗത്ത് വാഹന ഗതാഗതം നിയന്ത്രിച്ചു.
കാട്ടാനക്കൂട്ടത്തെ ചാരിറ്റി, തൈലക്കുന്ന് വഴി ചെമ്പ്ര വനമേഖലയിലേക്കു തുരത്താനായിരുന്നു ദൗത്യസംഘത്തിന്റെ ലക്ഷ്യം.
ഇതിനായി കച്ചേരിപ്പാറ ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ നാലുസെന്റ് ഭാഗത്തേക്ക് നീക്കാനായിരുന്നു ആദ്യ ശ്രമം. തുടർന്ന് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ തുരത്താനുള്ള ശ്രമം തുടങ്ങി.
വൈകിട്ട് അഞ്ചരയോടെ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ സ്ഥലത്തെത്തി ദൗത്യം ഏകോപിപ്പിച്ചു. രാത്രി ഏഴരയോടെ കാട്ടാനക്കൂട്ടം നാലുസെന്റ് മേഖലയിലേക്ക് നീങ്ങി.
200 ലധികം കുടുംബങ്ങളുള്ള മേഖലകളായതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു വനംവകുപ്പിന്റെ ദൗത്യം. മണിക്കൂറുകൾ നീണ്ട
പരിശ്രമങ്ങൾക്കൊടുവിൽ രാത്രി വൈകിയാണു കാട്ടാനക്കൂട്ടത്തെ തുരത്താനായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]