
പനമരം∙ നടവയൽ – പനമരം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മൂന്നു മാസം മുൻപ് ബിഎംബിസി നിലവാരത്തിൽ ടാറിങ് കഴിഞ്ഞ റോഡിൽ താഴെ നെല്ലിയമ്പത്തിനും മാത്തൂരിനും ഇടയിലെ ചോയിക്കൊല്ലി ഭാഗത്താണ് അപകടങ്ങൾ പതിവാകുന്നത്. ഇന്നലെ രാവിലെ ചോയിക്കൊല്ലി വളവിൽ കാറും മീൻ കയറ്റിവന്ന ഓട്ടോറിക്ഷയും തമ്മിലിടിച്ചു ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.
രണ്ടുദിവസം മുൻപ് കല്ല് കയറ്റിവന്ന ടോറസ് മറിഞ്ഞും കഴിഞ്ഞ 10 ന് മലപ്പുറം സ്വദേശികൾ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾ കയറ്റിവന്ന പിക്കപ് നിയന്ത്രണം വിട്ടു വീട്ടുമുറ്റത്തേക്ക് മറിഞ്ഞും അപകടങ്ങൾ സംഭവിച്ചിരുന്നു.
ഈ ഭാഗത്തെ റോഡിന്റെ അശാസ്ത്രീയ നിർമാണവും വശങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കാത്തതും വളവുകളിൽ കാര്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും പാതയോരത്ത് വളവുകളിലടക്കം കാഴ്ച മറച്ച് വളർന്നു പന്തലിച്ചു നിൽക്കുന്ന കാടുകളും ഡ്രൈവർമാർ വളവുകളിൽ ഹോൺ മുഴക്കാതെ അമിത വേഗത്തിൽ ഡ്രൈവിങ് നടത്തുന്നതുമാണ് വാഹനാപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. മുൻപും ഇവിടെ അപകടങ്ങൾ നടക്കാറുണ്ടായിരുന്നുവെങ്കിലും റോഡ് നന്നാക്കിയ ശേഷമാണ് അപകടങ്ങൾ വർധിച്ചതെന്നും അതിനു കാരണം വാഹനങ്ങളുടെ അമിതവേഗമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പുറമേ നിന്ന് എത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
അപകടങ്ങൾ കുറയ്ക്കുന്നതിനായി പാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ച് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]