
അത് റബർ മുട്ടയല്ല, ചീമുട്ട; തമിഴ്നാട് സ്വദേശികൾ വിലക്കുറവിൽ വിറ്റത് പഴകിയ മുട്ടയെന്ന് വിദഗ്ധർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം ∙ തമിഴ്നാട്ടിൽനിന്ന് ഇരുചക്രവാഹനത്തിലെത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റഴിച്ചതു പഴകിയ മുട്ടയാണെന്ന് അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം മുൻ മേധാവി ഡോ. എ. രാധമ്മ പിള്ള. കഴിഞ്ഞ ദിവസം കണിയാമ്പറ്റ, മില്ലുമുക്ക് മേഖലകളിലാണു വ്യാപകമായി ഇത്തരത്തിൽ മുട്ട വിറ്റത്. മുട്ട പൊട്ടിച്ചപ്പോൾ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം നിറം മാറി വന്നു. ചിലത് ജെല്ലി രൂപത്തിലും കണ്ടു. പുഴുങ്ങിയത് പൊട്ടിച്ചപ്പോൾ ഉള്ളിൽ റബർ പോലെ കണ്ടത് മുട്ടയ്ക്ക് അധികകാലം പഴക്കമുള്ളതുകൊണ്ടാണെന്നന് രാധമ്മ പിള്ള പറഞ്ഞു. പഴകിയ മുട്ടയാണെങ്കിൽ മഞ്ഞക്കരു പൊട്ടി ഒഴുകും.
കൊഴുപ്പു ദ്രാവകം ആയോ ജെല്ലി ആയോ ഇവ കാണും. കൂടുതൽ സമയം ഫ്രീസറിൽ വയ്ക്കുന്നത് കാരണവും ഇങ്ങനെ വരാം. പഴകിയ മുട്ട പുഴുങ്ങുമ്പോൾ കൂടുതൽ വെന്താലും റബർ പോലെ ഇരിക്കും. കൂടാതെ മഞ്ഞക്കരുവിന് കറുപ്പ് നിറവും വരും. പ്ലാസ്റ്റിക്, വ്യാജ മുട്ടകൾ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ജനങ്ങളുടെ തെറ്റിദ്ധാരണയാണ്. വ്യാജ മുട്ട ഉണ്ടാക്കണമെങ്കിൽ തന്നെ നിലവിലെ വിലനിലവാരമനുസരിച്ച് വിറ്റ് ലാഭമുണ്ടാക്കാൻ കഴിയില്ല.
പഴകിയ മുട്ടകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാകാതെ ശ്രദ്ധിക്കണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും പറഞ്ഞു. പഴകിയ മുട്ടകൾ വിൽപന നടത്തുന്നവരെക്കുറിച്ച് അധികാരികളെ അറിയിച്ച് അവർക്കെതിരെ നിയമ നടപടി സ്വീകരിച്ചാൽ ഇത്തരം മുട്ടകളുടെ വിൽപന തടയാൻ കഴിയുമെന്ന് രാധമ്മ പിള്ള പറഞ്ഞു.