
സർക്കാരിന്റെ നാലാം വാർഷികം; ‘എന്റെ കേരളം മേള’ തുടങ്ങി: ടൗൺഷിപ് സമയത്ത് പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ് പദ്ധതി യാഥാർഥ്യമാകാൻ ഇനി തടസ്സങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാൽ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതും മാറി. സർക്കാർ നേരത്തേ നൽകിയ വാക്ക് യഥാർഥ്യമാകാൻ പോവുകയാണ്. ടൗൺഷിപ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകും– മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 4ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച ‘എന്റെ കേരളം’ പരിപാടിയുടെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ വയനാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയിൽ ഒരു സർക്കാരും നേരിടേണ്ടി വരാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണു കേരളത്തിൽ സംസ്ഥാന സർക്കാർ കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ്പ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈ-ചൂരൽമല ദുരന്തം എന്നിവയുണ്ടായി. സംസ്ഥാനത്തെ സഹായിക്കേണ്ട ചുമതലയുള്ള കേന്ദ്രസർക്കാർ ചെയ്തില്ലെന്നു മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു. അതുകൊണ്ടൊന്നും നമ്മൾ തകർന്നില്ല. നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നമ്മുടെ ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ച് ഒന്നിച്ചു നിന്നു. ഇത് കണ്ടു രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു. ഇത് സാധ്യമായതിന് പിന്നിൽ ഒറ്റ കാരണമേ ഉള്ളൂ; നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്) കണക്കിന് കാത്തുനിൽക്കുകയാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ന്യായീകരണം. എന്നാൽ, പിഡിഎൻഎ റിപ്പോർട്ട് ഇല്ലാതെ തന്നെ ത്രിപുരയ്ക്ക് കേന്ദ്രസഹായം ലഭിച്ചു.ദുരന്തം മുൻകൂട്ടി കണ്ടു ബിഹാറിനും സഹായം നൽകി.പക്ഷേ, അർഹതപ്പെട്ടത് കേരളത്തിന് മാത്രം നൽകിയില്ല.
എന്തുകൊണ്ടാണിത്? മുഖ്യമന്ത്രി ചോദിച്ചു. ദുരന്തത്തെ തുടർന്നുള്ള വലിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ പ്രധാന പങ്ക് വഹിച്ചതിനെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.മേപ്പാടി പരൂർക്കുന്നിൽ ഭൂ രഹിതരായ 123 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികവർഗവകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ സമർപ്പണവും മുഖ്യമന്ത്രി നിർവഹിച്ചു. മുട്ടിൽ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവർ താക്കോൽ ഏറ്റുവാങ്ങി. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കലക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ എന്നിവർ പ്രസംഗിച്ചു.
സെമിനാറുകൾ
പ്രദർശന–വിപണന മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകൾ നടക്കും. 23 ന് ‘കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം’ എന്ന വിഷയത്തിൽ കാർഷിക കർഷകക്ഷേമ വകുപ്പ് അവതരണം നടത്തും. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ‘ബഹുസ്വര സംസ്കാരത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ 24 ന് സെമിനാർ നടത്തും. ഇതോടൊപ്പം ജില്ലാ ലൈബ്രറി സംഗമവും നടക്കും. തദ്ദേശ വകുപ്പ് ‘കെ-സ്മാർട്: സ്മാർട്ടാകുന്ന കേരളം’ എന്ന വിഷയത്തിൽ 25ന് സെമിനാർ നടത്തും. എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ‘സെറ്റാകാം ബ്രോ ജീവിതത്തോട്’ ലഹരി വിരുദ്ധ സംവാദ പരിപാടി 26ന് നടക്കും. ‘തുടർവിദ്യാഭ്യാസം അനന്തസാധ്യതകൾ’ എന്ന വിഷയത്തിൽ ജില്ലാ സാക്ഷരത മിഷൻ സെമിനാർ അവതരിപ്പിക്കും.
വിനോദ സഞ്ചാരവകുപ്പ് ‘സാഹസിക വിനോദ സഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റൽ മാർക്കറ്റിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്നീ വിഷയങ്ങളിലും പിന്നാക്ക വികസന വകുപ്പ് കരിയർ ഗൈഡൻസ് വിഷയത്തിലും സെമിനാറുകൾ നടത്തും.
200 സ്റ്റാളുകൾ
44,385 ചതുരശ്ര അടിയിൽ നിർമിച്ച സ്റ്റാൾ നിർമിതിയിൽ 122 തീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളുമാണ് ഒരുങ്ങിയത്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് ഉൽപന്നങ്ങൾ വിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 9415 ചതുരശ്ര അടിയിൽ കുടുംബശ്രീ നടത്തുന്ന ഫുഡ് കോർട്ട്, സംസ്ഥാന ഫിലിം ഡവലപ്മെന്റ് കോർപറേഷൻ 1500 ചതുരശ്ര അടിയിൽ നിർമിച്ച മിനി തിയറ്റർ, മികച്ച സ്റ്റേജ് തുടങ്ങിയവയും പ്രദർശന നഗരിയിലുണ്ടാകും.
വിളംബര ഘോഷയാത്ര നടത്തി
കൽപറ്റ ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയിൽ നാടെല്ലാം അണിനിരന്നു. മന്ത്രി ഒ.ആർ കേളു, കലക്ടർ ഡി.ആർ.മേഘശ്രീ, ബത്തേരി നഗരസഭാധ്യക്ഷൻ ടി.കെ. രമേശ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നടൻ അബു സലീം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ അണിനിരന്ന വിളംബര ജാഥ എസ്കെഎംജെ സ്കൂളിൽ നിന്നു തുടങ്ങി കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
ശിങ്കാരിമേളം, നാസിക് ഡോൾ, പരുന്താട്ടം, ട്രൈബൽ ബാൻഡ് മേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളും കുടുംബശ്രീ, സാക്ഷരതാമിഷൻ, എസ്പിസി, എൻസിസി, എസ്ഡിഎംസി യൂണിറ്റുകളും അണിനിരന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കൂ, ഭൂമിയെ സംരക്ഷിക്കൂ എന്ന ബോധവൽക്കരണ പ്ലക്കാർഡുകളുമായാണ് തദ്ദേശവകുപ്പ് വിഭാഗം ഘോഷയാത്രയിൽ അണിനിരന്നത്. വനപരിപാലനത്തിന്റെ കാവൽക്കാരായ വനംസംരക്ഷണസമിതികളെ അണിനിരത്തി വനം വകുപ്പ് ഘോഷയാത്രയ്ക്ക് നിറം പകർന്നു.
സർക്കാരിന്റെ വിവിധ വകുപ്പുകൾ പ്രത്യേകം ബാനറുകൾക്ക് കീഴിലാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ ടി. മണി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.റഷീദ് ബാബു, കെ.കെ. വിമൽരാജ്, ബെന്നി ജോസഫ്, പി.സി. മജീദ് എന്നിവർ വിളംബര ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.