പുൽപള്ളി ∙ കബനികടന്ന് കർണാടകയിലെത്തിയ ആനക്കുട്ടിയെ സംരക്ഷിക്കുമെന്ന് നാഗർഹൊള കടുവസങ്കേതത്തിന്റെ ഭാഗമായ വെള്ളറേഞ്ചിലെ വനപാലകർ. 3 മാസം മാത്രം പ്രായമുള്ള ആനക്കുട്ടി പുഴയിലെ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് കന്നഡക്കരയിലെത്തുമെന്ന് കരുതാനാവില്ല.
ബാഹ്യശക്തികളുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്ന ധാരണയിലുറച്ചുതന്നെയാണവർ. സമീപ പ്രദേശങ്ങളിലൊന്നും അഭയകേന്ദ്രമില്ലാത്തതിനാൽ വെള്ള ആനക്യാംപിൽ തന്നെയാണ് കുട്ടിയാനയ്ക്കും വാസസ്ഥലമൊരുക്കിയത്.
ആട്ടിൻപാൽ മാത്രമാണ് ഇപ്പോൾ നൽകുന്നത്. കട്ടിയായ ഭക്ഷണം നൽകാൻ 6 മാസം കഴിയണം.
കടുവസങ്കേതത്തിനുള്ളിൽ ആട്ടിൻപാലിന് ഒരു സാധ്യതയുമില്ല.
50 കിലോമീറ്റർ അകലെ നിന്നാണ് ആട്ടിൻപാൽ കൊണ്ടുവരുന്നത്. ദിവസവും 3–5 ലീറ്റർ പാൽ വേണ്ടിവരും. ആനക്കുട്ടി നന്നായി ഉറങ്ങുന്നത് നല്ലലക്ഷണമാണെന്ന് ക്യാംപിലെ പാപ്പാൻമാർ പറയുന്നു.
നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. ക്യാംപിനു പുറത്ത് വനപ്രദേശത്തേക്ക് അഴിച്ചുവിടാൻ നിവൃത്തിയില്ല.
കടുവയുടെ മുന്നിലകപ്പെട്ടാൽ ആനക്കുട്ടിക്ക് രക്ഷപ്പെടാനാവില്ല. പ്രതികൂലമായ പല സാഹചര്യങ്ങളുണ്ടെങ്കിലും പരമാവധി സംരക്ഷണം നൽകുമെന്ന് റേഞ്ച്ഓഫിസർ ഹനുമന്തരാജ് പറയുന്നു. ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടിയെ പിടികൂടിയ വനപാലകർ അതിന്റെ തള്ളയാനയെ കാണാതെവന്നപ്പോൾ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയാൽ സുരക്ഷ ഉറപ്പാക്കാമായിരുന്നു.
പുഴയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാനുള്ള ആരോഗ്യം ചെറിയ ആനക്കുട്ടിക്കില്ല.
എന്നാൽ ഇക്കാര്യത്തിൽ വിവാദത്തിനില്ലെന്നും വനപാലകർ വ്യക്തമാക്കി. അതേസമയം ചേകാടിയിൽ കണ്ടെത്തിയ ആനക്കുട്ടി പുഴകടന്നുതന്നെയാണ് അക്കരെയെത്തിയതെന്ന് ചെതലയം റേഞ്ച് വനപാലകർ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച സ്കൂളിൽ നിന്നു പിടികൂടിയ ആനക്കുട്ടിയ വെട്ടത്തൂർ വനപ്രദേശത്ത് മേയുകയായിരുന്ന ആനക്കൂട്ടത്തിനു സമീപത്താണ് വിട്ടത്. സദാസമയവും കരഞ്ഞുകൊണ്ടിരുന്ന കുട്ടിയാന വനത്തിൽ കയറിശേഷം നിശ്ശബ്ദമായിരുന്നു.
തള്ളയാനയൊടൊപ്പം പോയെന്നു ധരിച്ച് ജീവനക്കാർ മടങ്ങി. കർണാടക വനപാലകരുടെ ആക്ഷേപം അടിസ്ഥാന രഹിതമാണ്.
വെട്ടത്തൂർ വനപ്രദേശത്തുണ്ടായിരുന്ന ആനകൾ കബനികടന്ന് കർണാടക വനത്തിലേക്കുപോയതിന്റെ കാൽപാടുകളുണ്ട്. വെട്ടത്തൂർ ആന്റി പോച്ചിങ് ക്യാംപിന്റെ മറുഭാഗത്തുകൂടിയാണ് ആനക്കുട്ടി കടഗദ്ദ ഗ്രാമത്തിലെത്തിയത്. ഒഴുക്കുകുറവുള്ള ഈ ഭാഗത്തുകൂടിയാണ് ആനക്കുട്ടി മറുകരയിലെത്തിയതെന്നാണ് മനസിലാക്കുന്നതെന്ന് റേഞ്ച്ഓഫിസർ എം.കെ.രാജീവ്കുമാർ വ്യക്തമാക്കി.ഇക്കാര്യങ്ങൾ കർണാടക വനപാലകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]