
കൽപറ്റ ∙ വയനാട്ടിൽ ആർത്തിരമ്പിയ ആദിവാസി– കർഷകസമരങ്ങളുടെ പവർഹൗസ് ആയിരുന്നു വിഎസ് എന്ന രണ്ടക്ഷരം. പാർട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലൊക്കെയും വി.എസ്.
അച്യുതാനന്ദൻ വയനാടൻ സമരഭൂമികളിലെത്തി, സൗമ്യമെങ്കിലും തീക്ഷ്ണമായ സാന്നിധ്യമായി. വിഎസിന്റെ പിന്തുണയിൽനിന്ന് ഊർജമുൾക്കൊണ്ടാണു വയനാട്ടിലെ പല സമരങ്ങളും വൻ ജനശ്രദ്ധ നേടിയത്.
മുത്തങ്ങയിൽ വെടിവയ്പുണ്ടായപ്പോൾ വിഎസ് ചുരം കയറി ആദിവാസികൾക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിഎസിന്റെ ഐക്യദാർഢ്യം ആദിവാസി പോരാട്ടങ്ങൾക്കു നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് സംഘടനാ നേതാക്കൾ പറയുന്നു.
മുത്തങ്ങയിലെ പൊലീസ് അതിക്രമത്തെ രൂക്ഷമായ ഭാഷയിലാണു വിഎസ് വിമർശിച്ചത്.
ഇടതുപക്ഷത്തെ പല നേതാക്കളെയും മുത്തങ്ങ സമരകാലത്ത് ശക്തമായ ആദിവാസി അനുകൂല നിലപാടെടുക്കാൻ പ്രേരിപ്പിച്ചതും വിഎസ് ആയിരുന്നു. മുത്തങ്ങ സമരക്കാരുടെ കേസ് നടത്തിപ്പിന് വിഎസ് നൽകിയ സഹായം വളരെ വലുതായിരുന്നു.
സി.കെ. ജാനു, ഗീതാനന്ദൻ അടക്കമുള്ള നേതാക്കളെ ജയിലിൽനിന്നു വിട്ടയയ്ക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.വിഎസ് വയനാട്ടിലെത്തുമ്പോഴെല്ലാം വൻ ജനാവലി പിന്നാലെ കൂടി.
തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വിഎസിന്റെ സാന്നിധ്യം ആയിരങ്ങൾക്ക് ആവേശമായി.
പ്രതിപക്ഷ നേതാവായിരിക്കെ 2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച വിജയം നേടിയ എൽഡിഎഫ് സാരഥികളെയും അംഗങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ വിക്ടറി റാലിയിലെ മുഖ്യതാരമായി വിഎസ്. ആദിവാസി ഭൂസമരങ്ങൾ ശക്തമായപ്പോഴും കർഷക ആത്മഹത്യ പെരുകിയപ്പോഴും വിഎസ് വയനാട്ടിലെത്തി.
വരൾച്ചയും കർഷക ആത്മഹത്യയും അതിരൂക്ഷമായ 2005ൽ പുൽപള്ളി മേഖല സന്ദർശിച്ച് വിഷയം നിയമസഭയിൽ ഉയർത്തി. മുഖ്യമന്ത്രിയായപ്പോൾ ഒട്ടേറെ വികസന പദ്ധതികളും ജില്ലയ്ക്കായി നടപ്പാക്കി.
വനാവകാശ നിയമപ്രകാരം 5000 ആദിവാസികൾക്കാണു മുഖ്യമന്ത്രിയായിരിക്കെ വിഎസ് ഭൂമി നൽകിയത്.
പൂക്കോട് വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ആക്ടും പാസാക്കി. മുഖ്യമന്ത്രിയായപ്പോൾ കർഷകർക്കായി കടാശ്വാസ കമ്മിഷൻ രൂപീകരിക്കാൻ വിഎസിനെ പ്രേരിപ്പിച്ചതു വയനാട്ടിലെ കർഷകരുടെ കടക്കെണി നേരിട്ടറിഞ്ഞ അനുഭവമായിരുന്നു.വയനാട്ടിലെ കർഷകരുടെയും കർഷക തൊഴിലാളികളുടെയും പ്രക്ഷോഭത്തിലും മിച്ചഭൂമി സമരത്തിലും വിഎസ് പങ്കാളിയായി.
ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ തിരുനെല്ലി പനവല്ലി ഭൂസമരകേന്ദ്രത്തിലും വിഎസ് വന്നിരുന്നു. പിന്നീട് വിഎസ് മുഖ്യമന്ത്രിയായപ്പോൾ ഈ ഭൂമി ആദിവാസികൾക്കു പതിച്ചുനൽകി.
2012ൽ ചുണ്ടേൽ ആനപ്പാറയിലെ ആദിവാസി ക്ഷേമസമിതിയുടെ സമരഭൂമിയിലേക്കുമെത്തി.
കണിയാമ്പറ്റ ചീക്കല്ലൂരിൽ നെൽവയൽ നികത്തി എയർസ്ട്രിപ് നിർമിക്കാൻ യുഡിഎഫ് സർക്കാർ ആലോചിച്ചപ്പോൾ അതിനെതിരെ സമരവുമായി നിന്നതു വിഎസ് ആയിരുന്നു. പിന്നീട് സർക്കാരിന് പദ്ധതിയിൽനിന്നു പിന്മാറേണ്ടിവന്നു.
സിപിഎം വിഭാഗീയത കൊടികുത്തിയ കാലത്ത് ആദ്യമൊക്കെ വിഎസിനൊപ്പമായിരുന്നു വയനാട്ടിലെ പാർട്ടി. നേരത്തെ വിഎസ് പക്ഷത്തു നിലയുറപ്പിച്ച പലരും പിന്നീട് ഔദ്യോഗികധാരയുടെ ഭാഗമായി.
അനുയായികളടക്കം കൂറുമാറിയെങ്കിലും വിഎസിന്റെ സ്വാധീനത്തിനു വലിയ കുറവുണ്ടായില്ല. വിഎസിന്റെ ജനകീയ ഇടപെടലുകളും തൊഴിലാളി-കർഷക പക്ഷപാതിത്വവും വയനാട്ടുകാരിലും ശക്തമായ സ്വാധീനം ചെലുത്തി.
ഭരണപരിഷ്കരണ കമീഷൻ ചെയർമാനായിരിക്കെ 2019 ഫെബ്രുവരിയിലായിരുന്നു വിഎസിന്റെ അവസാന വയനാട് സന്ദർശനം.
വയനാടിന്റെ പ്രശ്നങ്ങളിൽ ഇടപെട്ട
പോരാളി: സിപിഎം
കൽപറ്റ ∙ വയനാടിന്റെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട പോരാളിയായിരുന്നു വി.എസ്.അച്യുതാനന്ദനെന്ന് സിപിഎം ജില്ലാ കമ്മിറ്റി.
കർഷക–കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയിൽ ഒട്ടേറെത്തവണ അദ്ദേഹമെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടു.
കൃഷിനാശത്തിലും വിലയിടിവിലും കാർഷിക മേഖല തകർന്ന നാളുകളിൽ പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങൾ സന്ദർശിച്ചു.
വരൾച്ചയും കർഷക ആത്മഹത്യയും അതിരൂക്ഷമായ 2005 ൽ പുൽപള്ളി മേഖല സന്ദർശിച്ച് വിഷയം നിയമസഭയിൽ ഉന്നയിച്ചു.
മുഖ്യമന്ത്രിയായപ്പോൾ കാർഷിക കടാശ്വാസ കമ്മിഷൻ രൂപീകരിച്ച് കർഷകരെ ആത്മഹത്യയിൽ നിന്നു കരകയറ്റി. ആദിവാസി ഭൂസമരങ്ങൾക്ക് പിന്തുണ നൽകി.
ഭൂസമരകേന്ദ്രങ്ങൾ സന്ദർശിച്ചു. മുഖ്യമന്ത്രിയായിരിക്കെ വനവാകാശ നിയമപ്രകാരം 5000 ആദിവാസികൾക്കു ഭൂമി നൽകി. പൂക്കോട് വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമം പാസാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒട്ടേറെ വികസന പദ്ധതികളും ജില്ലയ്ക്കായി നടപ്പാക്കിയെന്നും ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]