
പുൽപള്ളി ∙ നാട്ടുകാർ നോക്കിനിൽക്കെ കാടിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു വലിച്ചുകൊണ്ടു പോയി. സീതാമൗണ്ട് ഐശ്വര്യക്കവലയിൽ ഇന്നലെ വൈകിട്ടാണു സംഭവം.
വണ്ടിക്കടവ് – കൊളവള്ളി തീരദേശ പാതയുടെ സമീപത്തു കൃഷിയിടത്തിൽ കെട്ടിയിരുന്ന 2 വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. മാടത്താനിയിൽ അമ്മിണിയുടേതാണു പശുക്കിടാവ്.
ബഹളംകേട്ട് നാട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ കടുവ പശുകിടാവിനെ വലിച്ച് 50 മീറ്റർ അകലെ കാടുമൂടിയ സ്ഥലത്തേക്കുമാറി.
കൂടുതലാളുകളെത്തി കടുവയെ തുരത്തിയപ്പോഴേക്കും പശുകിടാവ് ചത്തിരുന്നു. സദാസമയവും നാട്ടുകാരും വിദ്യാർഥികളും നടക്കുന്ന പാതയോരത്താണു സംഭവം. ഇതിനടുത്താണു സീതാമൗണ്ട് ക്ഷീരസംഘത്തിന്റെ പാലളവ് കേന്ദ്രം.
വലിയ കടുവയാണു പശുകിടാവിനെ കൊന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കടുവയെ കണ്ട
പലരും ഭയന്നു. സ്ഥലത്തെത്തിയ വനപാലകർ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു.
ചെളിമണ്ണിലെല്ലാം കടുവയുടെ കാൽപാടുകൾ വ്യക്തമാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിൽ എന്നിവരും സ്ഥലത്തെത്തി. പട്ടാപകലും ഈ അവസ്ഥ തുടരുന്നത് കൂടുതൽ അപകടങ്ങൾക്കിടയാകുമെന്നും ശാശ്വത പരിഹാരമാർഗം വേണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെല്ലാം പ്രദേശത്ത് കടുവയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു.
ചെന്നായ്ക്കൂട്ടത്തിന്റെ ശല്യവും പ്രദേശത്തു രൂക്ഷമാണ്.ഈ വനപ്രദേശത്തുനിന്ന് സീതാമൗണ്ട് ഭാഗത്തെത്തിയ കടുവ 3 വർഷം മുൻപ് റേഞ്ച് ഓഫിസറായിരുന്ന വി.ശശികുമാറിനെ ആക്രമിച്ചിരുന്നു.
മയക്കുവെടി വയ്ക്കാൻപോയ സംഘത്തിലെ വാച്ചർ ടി.കെ.ബിജേഷിനെ ആക്രമിച്ചു സാരമായി പരുക്കേൽപിച്ചു. ബന്ദിപ്പുർ കടുവസങ്കേതത്തിൽനിന്നു കന്നാരംപുഴ കടന്നെത്തുന്ന വന്യമൃഗങ്ങളെകൊണ്ട് ജനം പൊറുതിമുട്ടിയ സാഹചര്യത്തിൽ ചെറുമൃഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ടൈഗർ നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. കടുവ കൊന്ന പശുക്കിടാവിന്റെ ജഡത്തിനരികെ 4 ക്യാമറകൾ സ്ഥാപിച്ചു. ഇവയിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ ഉടനടി കൂടു സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു.
രാത്രി പ്രദേശത്ത് പട്രോളിങ് നടത്തും. ഡെപ്യുട്ടി റേഞ്ച് ഓഫിസർ എ.നിജേഷ്, ഫോറസ്റ്റർ കെ.യു.സുരേന്ദ്രൻ, എസ്.ഐ.രാംകുമാർ എന്നിവർ നേതൃത്വംനൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]