
ചുണ്ടേൽ ∙ ടൗണിനെയും പരിസരങ്ങളെയും ഭീതിയിലാക്കി കാട്ടാനകളുടെ പരാക്രമം. 2 വാഹനങ്ങൾ കാട്ടാനകൾ തകർത്തു.
വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ കണ്ട് ഓടുന്നതിനിടെ നിലത്തു വീണ് ഒരാൾക്കു പരുക്കേറ്റു. കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ ചുണ്ടേൽ ടൗണിന് സമീപം 200 മീറ്റർ സമീപം വരെ കാട്ടാനകളെത്തിയതും ആശങ്കയ്ക്കിടയാക്കി. ഞായറാഴ്ച പുലർച്ചെയോടെയെത്തിയ കാട്ടാനകൾ തിങ്കളാഴ്ച പുലർച്ചെയാണു തിരികെ കാടുകയറിയത്.
ഞായറാഴ്ച പുലർച്ചെ സെഡ്സ് സിദ്ദീഖിന്റെ വീട്ടുപരിസരത്താണ് ആദ്യം കാട്ടാനയെത്തിയത്.
വീടിനു പിന്നിലെ മതിൽ തകർത്ത് കാട്ടാന വീട്ടുപരിസരത്തെത്തി. ഒരു മണിക്കൂറോളം തമ്പടിച്ച ശേഷമാണ് മടങ്ങിയത്.
രണ്ടാഴ്ച മുൻപു സമീപത്തെ മറ്റൊരു വീടിന്റെ ഗേറ്റും കാട്ടാന തകർത്തിരുന്നു. ഞായറാഴ്ച രാത്രിയാണു ചേലോട് മേഖലയിൽ കാട്ടാനകളെത്തിയത്. കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ നിന്നു കഷ്ടിച്ച് 300 മീറ്റർ അകലെ ചേലോട് എസ്റ്റേറ്റ് ഗ്രൗണ്ടിന് സമീപത്തെ എസ്റ്റേറ്റ് പാടിയിലാണു കാട്ടാനയിറങ്ങിയത്.
പാടിയിലെ താമസക്കാരനായ അറയ്ക്കൽ തോമസാണു കാട്ടാനയെ ആദ്യം കണ്ടത്.
പരിസരത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ടാണ് തോമസ് പുറത്തിറങ്ങിയത്. കാട്ടാനയാണെന്ന് മനസ്സിലായപ്പോൾ ശബ്ദമുണ്ടാക്കിയും വെളിച്ചമടിച്ചും തോമസ് തുരത്താൻ ശ്രമിച്ചു.
ഇതോടെ കാട്ടാന മാറി. കാട്ടാന വീട്ടുപരിസരത്തുനിന്ന് പോയെന്നു കരുതി തോമസ് പുറത്തിറങ്ങി.
ഇൗസമയം പാടിയുടെ പിന്നിൽ കാട്ടാനയുണ്ടായിരുന്നു. തോമസിനെ കണ്ടതോടെ കാട്ടാന പാഞ്ഞടുത്തു.
ഭയന്ന് ഓടുന്നതിനിടെ തോമസ് നിലത്തു വീണു. അയൽവാസിയായ പള്ളിപ്പറമ്പിൽ ജോണിയുടെ നാലുചക്ര ഓട്ടോറിക്ഷയുടെ മറവിലാണു തോമസ് വീണത്.
പാഞ്ഞടുത്ത കാട്ടാന വാഹനത്തിന്റെ ഡോറിൽ കൊമ്പ് കുത്തിയിറക്കി പൊക്കിയെടുത്ത് താഴെയിട്ടു. ജോണിയുടെ സ്കൂട്ടറും സമീപത്തുണ്ടായിരുന്നു.
ഇതിനു മുകളിലേക്കാണു വാഹനം വീണത്. ഈ തക്കത്തിനു തോമസ് വീട്ടിലേക്കു ഓടിക്കയറി.
ഇൗസമയം മറ്റൊരു കാട്ടാനയും പാടിക്കു സമീപം ഉണ്ടായിരുന്നു. വനപാലകർ എത്തിയപ്പോഴേക്കും കാട്ടാനകൾ പ്രദേശത്തു നിന്നു നീങ്ങി.
കാലുകൾക്ക് പരുക്കേറ്റ തോമസ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 3 ലൈനുകളിലായി 9 കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]