
പുലിഭീതിയിൽ കബനിഗിരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപളളി ∙ കബനിഗിരി ജനവാസമേഖലയിൽ തമ്പടിച്ച പുലി കഴിഞ്ഞ രാത്രി ആടിനെയും കൊന്നതോടെ പ്രദേശവാസികളുടെ ആശങ്കയും ഭയവും ഇരട്ടിക്കുന്നു. പനച്ചിമറ്റത്തിൽ ജോയിയുടെ കൂട്ടിലെ ആടിനെയാണ് പുലിയെന്നു കരുതുന്ന വന്യജീവി കടിച്ചുകൊന്നത്. കഴുത്തിലെ കയർ പൊട്ടിച്ചു വലിച്ചുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ ജഡം കൂട്ടിലുപേക്ഷിച്ചു. മറ്റൊരാടിനെയും ആക്രമിച്ചു. അതിനു സാരമായ പരുക്കേറ്റു. ആട്ടിൻകൂട്ടിലെ ബഹളംകേട്ട് വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ പുലി ഓടിമറഞ്ഞു. തലേന്ന് പള്ളിപ്പുറത്ത് സ്റ്റീഫന്റെ വീട്ടിൽനിന്നു വളർത്തുനായയെ പുലികൊന്നിരുന്നു.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പുലിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ പ്രതിഷേധം നടത്തി. രാവിലെ റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിലെത്തിയ വനപാലകസംഘം ഉച്ചവരെ പ്രദേശത്ത് തിരച്ചിൽ നടത്തി.
3 സംഘങ്ങളായി തിരിഞ്ഞ് തോട്ടങ്ങളിലും അടഞ്ഞുകിടക്കുന്ന ക്വാറി പരിസരങ്ങളിലും തിരച്ചിൽ നടത്തി. സ്ഥലത്ത് കൂടുസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ആടിനെ കൊന്നതിനു സമീപത്തുതന്നെ കൂട് സ്ഥാപിച്ച് നിരീക്ഷിക്കുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.തലേന്നു വളർത്തുനായയെ കൊന്നതിന്റെ ഒരു കിലോമീറ്ററകലെയാണ് ഇന്നലെ ആടിനെ കൊന്നത്. പുലിയായതിനാൽ വേഗത്തിൽ മറ്റിടങ്ങളിലേക്ക് മാറാനുള്ള സാധ്യതയുമുണ്ട്.ഇതിനിടെ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റി അംഗം എംഎസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ചെതലയം റേഞ്ച് ഓഫിസിൽ സമരം നടത്തി. പുലിഭീഷണിക്കു പരിഹാരം ആവശ്യപ്പെട്ട് രാവിലെ ജനങ്ങൾ സ്ഥലത്ത് തടിച്ചുകൂടി.
നായയെയും ആടിനെയും കൊന്ന ജീവി സ്ഥലത്തുതന്നെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കബനിഗിരിപള്ളി വികാരി ഫാ.ജോണി കല്ലുപുര, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, അംഗം ജോസ് നെല്ലേടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും അധികൃതരെ അറിയിച്ചു.
ജനങ്ങളുടെ ആശങ്കഅകറ്റണം: കോൺഗ്രസ്
മുള്ളൻകൊല്ലി ∙ കർണാടകാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്കും കന്നുകാലികൾക്കും ഭീഷണിയായ പുലിയെ കൂട് സ്ഥാപിച്ചോ മയക്കുവെടിവച്ചോ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടാന, കടുവ, പുലി എന്നിവയെ ഭയന്ന് രാവിലെ റബർടാപ്പ് ചെയ്യാനും പാൽ അളക്കാനും സാധിക്കാതെ കർഷകരെ വലയുന്നു.
വന്യമൃഗശല്യം തടയുന്നതിന് ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകണമെന്നും കടുവയും പുലിയും കടന്നുവരുന്നതു തടയാൽ വനാതിർത്തിയിൽ ഇരുമ്പുവേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.ഷിനോ തോമസ് അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.ഡി.സജി, എൻ.യു.ഉലഹന്നൻ, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജോയി വാഴയിൽ, സണ്ണി മണ്ഡപത്തിൽ, ജോസ് കണ്ടംതുരുത്തി, ജോസ് നെല്ലേടം, മാത്യു ഉണ്ണിപ്പള്ളി, ടോമി ഏറത്ത്, ടോമി പൂഴിപ്പുറം, ഷിനോയി തുണ്ടത്തിൽ എന്നിവർപ്രസംഗിച്ചു.
പുലിഭീതി മാറാതെ ബത്തേരി കോട്ടക്കുന്ന്
ബത്തേരി∙ വനംവകുപ്പ് കെണിയൊരുക്കിയ ദിവസം രാത്രി പുലിയെത്തിയില്ല. മിക്ക ദിവസങ്ങളിലും ബത്തേരി കോട്ടക്കുന്ന് പുതുശ്ശേരിൽ പോൾ മാത്യൂസിന്റെ വീടിനു പിന്നിലെ കോഴിക്കൂടിനു ചുറ്റും കറങ്ങി നടന്ന പുലി കൂട് സ്ഥാപിച്ച രാത്രി എത്തിയില്ല. കോഴികളെ തന്നെയാണ് ഇരയായി കൂട്ടിൽ ഇട്ടിട്ടുള്ളത്. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുലിയെ ജാഗ്രതയോടെ കാത്തിരിക്കുകയാണ് വനപാലകരും പ്രദേശവാസികളും. സ്ഥലത്ത് മുഴുവൻ സമയ പട്രോളിങ്ങും ഏർപ്പെടുത്തി. കോട്ടക്കുന്ന് ഭാഗത്തു പലയിടങ്ങളിലായി രാത്രിയും പുലർച്ചെയും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. പ്രദേശത്ത് കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലങ്ങൾ ഏറെയുള്ളതിനാൽ പകൽ പുലിക്കു വിശ്രമ സങ്കേതമുണ്ടെന്നാണ് വിലയിരുത്തൽ. കോഴിയെ കിട്ടാതെ വന്ന രാത്രികളിൽ പന്നിയെയോ മറ്റോ പിടികൂടി പുലി വിശ്രമിക്കുന്നുണ്ടാകാം എന്ന നിഗമനവുമുണ്ട്. പുലിയും കടുവയും നാട്ടിലിറങ്ങിയാൽ വേഗത്തിൽ വനംവകുപ്പ് കൂടു സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പോൾ മാത്യൂസ് സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. കേസ് ഇന്ന് എടുത്തേക്കും.