
കാട്ടാന– മനുഷ്യ സംഘർഷം: 7 അംഗ കേന്ദ്ര സംഘം വയനാട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാട്ടാന–മനുഷ്യ സംഘർഷങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും പഠിച്ചു പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനും സംസ്ഥാനം സമർപ്പിച്ച കർമപദ്ധതി സംബന്ധിച്ച് സാധ്യതാപഠനം നടത്തുന്നതിനുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച ഏഴംഗ റീജനൽ ആക്ഷൻ പ്ലാൻ കമ്മിറ്റി വയനാട്ടിലെ 3 വനമേഖലകളിലും സന്ദർശനം നടത്തി. മനുഷ്യ–മൃഗ സംഘർഷങ്ങളുടെ തോത് മനസ്സിലാക്കുന്നതിനും ഓരോ വനമേഖലകളിലും വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളും അവ പരിഹരിക്കേണ്ട മാർഗങ്ങളും നിർദേശിക്കുന്നതിനുമാണ് കമ്മിറ്റി എത്തിയത്.
സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള കർമപദ്ധതികളുടെ സാധ്യതാ പഠനം ഫീൽഡ് സന്ദർശനം നടത്തി മനസ്സിലാക്കുകയും അവ നടപ്പാക്കാൻ പര്യാപ്തമായതാണോയെന്ന് പരിശോധന നടത്തുകയും ചെയ്തു.തമിഴ്നാട് മുൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയ് ശ്രീവാസ്തവ ചെയർമാനായുള്ള കമ്മിറ്റിയാണ് എത്തിയത്. കേരള മുൻ പിസിസിസിഎഫ് അനിൽ ഭരദ്വാജ്, കർണാടക മുൻ പിസിസിഎഫ് അജയ് മിശ്ര, 4 ശാസ്ത്രജ്ഞർ എന്നിവരാണ് ചെയർമാനെ കൂടാതെ സംഘത്തിലുള്ളത്. കഴിഞ്ഞ 3 ദിവസങ്ങളിലാണു സംഘം വയനാട്ടിൽ സന്ദർശനം നടത്തിയത്.
നോർത്തു വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ, വയനാട് വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ എത്തിയ സംഘം ഇന്നലെ വൈകിട്ടോടെ സന്ദർശനം പൂർത്തിയാക്കി.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും റിപ്പോർട്ട് നൽകുന്നതിനും നിയോഗിക്കപ്പെട്ട സമിതി കേരള സന്ദർശനത്തിന്റെ ഭാഗമായി ആദ്യം വയനാട്ടിലെത്തുകയായിരുന്നു.കേരളത്തിൽ ഏറ്റവുമധികം കാട്ടാന പ്രശ്നം നിലനിൽക്കുന്ന പ്രദേശമായതിനാലാണു വയനാട്ടിലേക്ക് ആദ്യമെത്തിയത്.ഇനി കേരളത്തിൽ മറ്റിടങ്ങൾ സന്ദർശിക്കുമോ എന്ന് വ്യക്തമല്ല.
സംസ്ഥാനത്ത് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും നടപ്പാക്കാനുദ്ദേശിക്കുന്നവരും കാലങ്ങളായി നടപ്പാക്കുന്നവയും വയനാടിന്റ പശ്ചാത്തലത്തിൽ സംഘം പരിശോധനയ്ക്കു വിധേയമാക്കി. പദ്ധതികൾക്ക് അംഗീകാരം വാങ്ങിയാൽ കൂടുതൽ ഫണ്ട് ലഭ്യമാവുകയും വനമേഖലകൾക്ക് അത് ഗുണപ്രദമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.ഇന്നലെ രാവിലെ പരിശോധനകളുമായി ബന്ധപ്പെട്ട് സംഘം മുത്തങ്ങയിലുമെത്തി.
ഫീൽഡ് സന്ദർശനം നടത്തുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യുന്ന കമ്മിറ്റി വിശദമായ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകും. വൈൽഡ് ലൈഫ് സിസിഎഫ് ടി. ഉമ, വയനാട് വന്യജീവി സങ്കേതം വൈൽഡ്ലൈഫ് വാർഡൻ വരുൺ ഡാലിയ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സൂരജ് ബെൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ സഞ്ജയ് കുമാർ, സി. കണ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.