
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്; ഗഗാറിൻ തുടരും; മധു, രുഗ്മിണി പുതുമുഖങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയ മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ തുടരാനനുവദിച്ച് സിപിഎം. കോട്ടത്തറ ഏരിയ സെക്രട്ടറി എം. മധു, പൂതാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവർ സെക്രട്ടേറിയറ്റിൽ പുതുമുഖങ്ങളായി. സംസ്ഥാന സമിതി അംഗമായതിനാൽ ഒ.ആർ. കേളു സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ, ഉഷാകുമാരിയും പുതിയ സെക്രട്ടേറിയറ്റിലില്ല.
ഇന്നലെ കൽപറ്റ എകെജി ഭവനിൽ സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കമ്മിറ്റി യോഗം നടന്നത്. ഗഗാറിനെ നിലനിർത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിർണായകമായി. ഗഗാറിനെ കൂടുതൽ പിണക്കേണ്ടെന്നു ജില്ലയിലെ പ്രമുഖ നേതാക്കളും നിലപാടെടുത്തതോടെ പൊതുവെ ഐക്യത്തിന്റെ അന്തരീക്ഷത്തിലായിരുന്നു സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
സംസ്ഥാന സമിതിക്കു പുറമേ, ജില്ലാ സെക്രട്ടേറിയറ്റിൽനിന്നും ഗഗാറിനെ പുറത്താക്കാനുള്ള നീക്കം സജീവമായിരുന്നെങ്കിലും അതു വൻ പൊട്ടിത്തെറിക്കു വഴിവച്ചേക്കാമെന്നതു നേതൃത്വം കണക്കിലെടുത്തു. സംസ്ഥാന കമ്മിറ്റിയിൽനിന്നു പുറത്താക്കിയതിൽ കടുത്ത അതൃപ്തിയിലാണു ഗഗാറിൻ. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ കൂടുതൽ അകറ്റിനിർത്തുന്നതിനോടു സംസ്ഥാന നേതൃത്വത്തിനും താൽപര്യമില്ലായിരുന്നു. എന്നാൽ, ജില്ലാ കമ്മിറ്റിയോഗത്തിനു ശേഷം പാർട്ടി പുറത്തിറക്കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പട്ടികയിൽ മൂന്നാമനായി മാത്രമാണു ഗഗാറിന്റെ സ്ഥാനമെന്നതു ശ്രദ്ധേയം.
ജില്ലാ സെക്രട്ടറി കെ. റഫീഖിനു പുറമേ വി.വി. ബേബി, പി.വി. സഹദേവൻ, പി.കെ. സുരേഷ്, എ.എൻ. പ്രഭാകരൻ എന്നിവരുൾപ്പെടെ 8 പേരാണു പുതിയ സെക്രട്ടേറിയറ്റിൽ. വൈത്തിരി സമ്മേളനത്തിനു ശേഷവും എട്ടംഗ സെക്രട്ടേറിയറ്റിനെയാണു വയനാട്ടിൽ തിരഞ്ഞെടുത്തത്. എം. മധു ജില്ലാ സെക്രട്ടേറിയറ്റിലെത്തിയതോടെ, കോട്ടത്തറ ഏരിയ കമ്മിറ്റിക്കു പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടിവരും. ജില്ലാ കമ്മിറ്റിയോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, കെ.എസ്. സലീഖ, സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ എന്നിവർ പങ്കെടുത്തു.