പുൽപള്ളി ∙ ഒന്നിച്ചുവന്ന കൂടപ്പിറപ്പിനെ കൺമുന്നിൽ കടുവ കടിച്ചുകൊല്ലുന്ന ഭീകരകാഴ്ചയുടെ ഞെട്ടലിൽ സഹോദരി. ദേവർഗദ്ദ മാടപ്പള്ളിക്കുന്ന് ഊരിലെ കൂമനെ(മാരൻ 61) യാണ് ഇന്നലെ ഉച്ചയ്ക്ക് കുറിച്യാട് വനാതിർത്തിയിൽ നിന്നു കടുവ കടിച്ചു വലിച്ചുകൊണ്ടുപോയത്.
സഹോദരി സുശീലയൊടൊപ്പം 12 മണിയോടെയാണ് കൂമൻ ചെത്തിമറ്റത്തെത്തിയത്. ഓട്ടോയിലെത്തിയ ഇരുവരും കന്നാരം പുഴയിലെത്തിയപ്പോൾ ബന്ധുവായ സ്ത്രീ പുഴയിൽ വസ്ത്രമലക്കുന്നുണ്ടായിരുന്നു.
സുശീല അവരോടു വർത്തമാനം പറഞ്ഞു നിന്നപ്പോൾ കൂമൻ വിറകുകെട്ടാനുള്ള മരത്തോലെടുക്കാമെന്നു പറഞ്ഞു വനത്തിലേക്കു കയറി.
അധികം വൈകും മുൻപേ കൂമന്റെ ദീനരോദനവും കടുവയുടെ മുരൾച്ചയും കേട്ട് സുശീലയും ബന്ധുവും അലറിവിളിച്ചു വനത്തിലേക്കു കയറി. നിലത്തുകിടന്ന കൂമന്റെ കഴുത്തിൽ കടിമുറുക്കിയ കടുവയെ കണ്ടു സുശീല ഞെട്ടിവിറച്ചു.
ഉടൻതന്നെ കടുവ കൂമനെ വനത്തിലൂടെ വലിച്ചിഴച്ച് ഉൾഭാഗത്തേക്കു കടന്നു. വനാതിർത്തിയിലെ നിലവിളികേട്ടു പ്രദേശവാസികൾ ഓടിയെത്തി പരിശോധിച്ചെങ്കിലും പിന്നാലെ പോകാൻ ഭയപ്പെട്ടു.
പിന്നീടു കൂടുതലാളുകൾ വടികളും മറ്റുമായെത്തുകയും വനപാലകർ കുതിച്ചെത്തുകയും ചെയ്തു.
ഇവർ കൂട്ടത്തോടെ കാടിളക്കി രക്തത്തുള്ളികൾ വീണ വനത്തിലൂടെ മുന്നോട്ടുനീങ്ങി. ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണു ജഡം കണ്ടെത്താനായത്.
ആളുകളെത്തിയപ്പോഴേക്കും കടുവ കാട്ടിൽ മറഞ്ഞു. ഭാര്യ ബൊമ്മി മരിച്ചശേഷം മിക്കവാറും സഹോദരിയോടൊപ്പമാണു കൂമൻ വനത്തിൽ വിറകിനു പോകുന്നത്. ഇതുവരെ കടുവയെ ഇത്രയും അടുത്തു കണ്ടിട്ടില്ലെന്നു സുശീല പറയുന്നു.
ചോരവാർന്നു ജീവൻ പോയ സഹോദരന്റെ രൂപവും കടുവയുടെ ക്രൂരമായ നോട്ടവും കണ്ണിൽ നിന്നുമായാതെ സുശീല വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ കണ്ണീർ വാർത്ത് മൊഴി നൽകുന്നത് നൊമ്പരക്കാഴ്ചയായി മാറി. കൂമന്റെ മക്കളായ ഗീതയും രവിയും ബന്ധുക്കളുമെല്ലാം വണ്ടിക്കടവിൽ ഓടിയെത്തിയെങ്കിലും ആംബുലൻസിൽ തുണിയിട്ടു മൂടിയ മൃതദേഹം കാണാൻ പോലുമായില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾക്കു ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

