പുൽപള്ളി ∙ മലബാറിലെ കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമാക്കി റഡാർ സ്ഥാപിക്കാനുള്ള നടപടികൾ പഴശ്ശിരാജാ കോളജിനു സമീപത്ത് ആരംഭിച്ചു.100 കിലോമീറ്റർ നിരീക്ഷണം സാധ്യമായ എക്സ്–ബാൻഡ് ഡോപ്ലർ റഡാറാണ് ഇവിടെ സ്ഥാപിക്കുക. പഴശ്ശിരാജാ കോളജ് അനുവദിച്ച സ്ഥലത്ത് അതിനുള്ള നിർമാണം ആരംഭിച്ചു.
ഇവിടെ സ്ഥാപിക്കുന്ന ഉപകരണത്തിന്റെ സഹായം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും ലഭിക്കും. മലബാറിലെ മൊത്തം കാലാവസ്ഥാ നിരീക്ഷണം ഇവിടെ നിന്നു സാധ്യമാകും.വടക്കൻ ജില്ലകളിലെ കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി ഒരു സംവിധാനം വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്.
വയനാട് മുണ്ടക്കൈ ദുരന്തത്തിനു ശേഷമാണ് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായത്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകൾ ലഭിക്കാത്തതിനാൽ മുൻകരുതലുകൾ സ്വീകരിക്കാനായില്ലെന്നും ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചെന്നും വ്യാപക ആക്ഷേപമുയർന്നിരുന്നു. മലയോരമേഖലയിൽ വലിയ റഡാർ സ്ഥാപിക്കുന്നതിനു പരിമിതിയുള്ളതിനാലണ് എക്സ്–ബാൻഡ് റഡാർ സ്ഥാപിക്കുന്നതെന്നും ബെംഗളൂരു ബെല്ലിൽ ഉപകരണം തയാറായിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.പഴശ്ശിരാജാ കോളജ് മാനേജ്മെന്റും സർക്കാരും കഴിഞ്ഞ ജൂൺ 16ന് കൃഷി, റവന്യു മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും ചേർന്നാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്.
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മേധാവി നിത.എം.ഗോപാലും സംഘവും കഴിഞ്ഞദിവസം ഇവിടെയെത്തി നിർമാണ പുരോഗതി വിലയിരുത്തി. റഡാർ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം അടുത്തമാസം പൂർത്തിയാകുമെന്നും തുടർന്ന് വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന റഡാർ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. പലവിധ നിരീക്ഷണ, പരിശോധനകൾക്കു ശേഷമാണ് സ്ഥാപനത്തിൽനിന്നു കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്കു ലഭിക്കുകയെന്നും അവർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

