ബത്തേരി ∙ മഴ ശമിക്കുന്നില്ലെങ്കിലും നഗര ഗ്രാമീണ മേഖലകളിൽ തിരഞ്ഞെടുപ്പിന്റെ ചൂട് ഉയർന്നു തുടങ്ങി. അതിന്റെ പ്രതിഫലമാണ് പാർട്ടികൾ തമ്മിലുള്ള പോർവിളികളും പല വിഷയത്തിലുമുള്ള സമരപ്രഖ്യാപനങ്ങളും.
ബത്തേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വാർഡുകൾ കേന്ദ്രീകരിച്ച് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ സീറ്റ് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. വേഗത്തിൽ സ്ഥാനാർഥികളെ നിശ്ചയിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് മുന്നണികൾ ഒരുങ്ങുന്നത്.ഐ.സി.
ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തതു ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെട്ടുള്ള സമരമാണ് എൽഡിഎഫും സിപിഎമ്മും ഡിവൈഎഫ്ഐയുമൊക്കെ ഇപ്പോൾ നടത്തുന്നത്.
ഒപ്പം കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യകൾ ഉയർത്തിക്കാട്ടി അതിനു പിന്നിലുള്ള വിഷയങ്ങൾ എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നു.എന്നാൽ എൻ.എം. വിജയന്റെ കുടുംബത്തിന്റെ സഹകരണ അർബൻ ബാങ്കിലെ കടബാധ്യതകൾ തീർത്ത് സിപിഎമ്മിനെതിരെ ബ്രഹ്മഗിരി ഉയർത്തിക്കാട്ടുകയാണ് യുഡിഎഫ്.
ഇന്നലെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തിയതിനു പിന്നാലെ യോഗം ചേർന്നു സമരപ്രഖ്യാപനങ്ങൾ നടത്തുകയാണ് യുഡിഎഫ് ചെയ്തത്.
സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെട്ട ബീനാച്ചിയിലെ റിസോർട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ താമസിക്കുന്നതിൽ പ്രതിഷേധിച്ച് 23 ന് ബത്തേരി ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു അവർ.
ബ്രഹ്മഗിരി വിഷയവും റിസോർട്ട് സംഘർഷവും ഉയർത്തിക്കാട്ടി 30നു ബത്തേരിയിൽ ഒരു പകൽ നീളുന്ന പ്രതിഷേധ സംഗമം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വികസന പദ്ധതികൾ വിശദീകരിക്കാൻ 1,2,3 തീയതികളിൽ നഗരസഭാ തലത്തിൽ വികസന സംരക്ഷണ ജാഥകൾ നടത്താൻ എൽഡിഎഫിൽ തീരുമാനമായിട്ടുണ്ട്.സഹകരണ മേഖലയിലെ നിയമനത്തട്ടിപ്പും ബ്രഹ്മഗിരി നിക്ഷേപ പ്രതിസന്ധിയും ഉയർത്തിക്കാട്ടി എല്ലാ പഞ്ചായത്തുകളിലും വിശദീകരണ യോഗങ്ങളും ധർണയും നടത്താൻ എൻഡിഎയിലും തീരുമാനമായിട്ടുണ്ട്.
സിപിഎം വികസന വിശദീകരണ ജാഥകൾ ഉടൻ: പി.ആർ. ജയപ്രകാശ്
ബത്തേരി ∙ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ ജാഥകൾ ഉടൻ ആരംഭിക്കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി.ആർ.
ജയപ്രകാശ് പറഞ്ഞു. റിസോർട്ട് സംഘർഷത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.വൈ.
നിധിൻ നിരപരാധിയാണ്. സംഭവത്തിൽ പ്രതികളായ ആരുമായും സിപിഎമ്മിന് ബന്ധമില്ല, നിധിനെ മനഃപൂർവം പ്രതിയാക്കുകയാണുണ്ടായത്.
അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
ഈയൊരവസ്ഥയിൽ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുൻകൂർ ജാമ്യത്തിന് കൊടുത്തപ്പോഴും അറസ്റ്റ് ചെയ്തിരുന്നില്ല.
നിധിൻ സ്ഥലത്തില്ലാത്തതിനാൽ ലോക്കൽ സെക്രട്ടറിയുടെ ചാർജ് മറ്റൊരാൾക്ക് നൽകിയിട്ടുണ്ട്. വിഷയത്തിൽ സിപിഎം കൂടുതൽ പരിശോധനകൾ നടത്തും.
ബ്രഹ്മഗിരി തുടങ്ങാനാവശ്യമായ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനം ജൂണിൽ തുടങ്ങി: എ.എസ്.കവിത
ബത്തേരി ∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ബിജെപി കഴിഞ്ഞ ജൂണിൽ ആരംഭിച്ചതായി പാർട്ടി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത പറഞ്ഞു.
ഓരോ വാർഡു കേന്ദ്രീകരിച്ചും 22 അംഗ പ്രത്യേക കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. ഓരോ വാർഡുകളിലും സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 5 പേരുടെ പട്ടിക മണ്ഡലം കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റി അതിൽ നിന്ന് 3 പേരുടെ പട്ടിക ജില്ല കമ്മിറ്റിക്കും കൈമാറും.
തുടർന്ന് ഒരാളെ തീരുമാനിക്കുകയാണ് ചെയ്യുക. അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത്തവണ മുഴുവൻ തദ്ദേശ സീറ്റുകളിലും എൻഡിഎ മത്സരിക്കും.
ബ്രഹ്മഗിരി വിഷയത്തിലും സഹകരണ ബാങ്ക് നിയനക്കോഴയിലും ബിജെപി പ്രത്യക്ഷ സമരങ്ങൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും എ. എസ്.
കവിത പറഞ്ഞു.
പ്രക്ഷോഭം ശക്തമാക്കും:ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
ബത്തേരി ∙ ബ്രഹ്മഗിരി വിഷയത്തിലും സിപിഎം ലോക്കൽ സെക്രട്ടറി പ്രതിയായ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
അതിന്റെ ഭാഗമായി 23 ന് പൊലീസ് സ്റ്റേഷൻ മാർച്ചും 30നു പ്രതിഷേധ സംഗമവും നടത്തുമെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയെ വേട്ടയാടാൻ അനുവദിക്കില്ല:കെ.എൽ. പൗലോസ്
ബത്തേരി ∙ സിപിഎം നടത്തുന്ന പ്രചാരണങ്ങൾ ഐ.സി ബാലകൃഷ്ണനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ.
പൗലോസ്. അതിലൂടെ കോൺഗ്രസിനെയും യുഡിഎഫിനെയും ക്ഷീണിപ്പിക്കുക എന്നതാണ് ലക്ഷ്യം.ബ്രഹ്മഗിരി തട്ടിപ്പു മൂടി വയ്ക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം.
യുഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിൽ വരും ദിവസങ്ങളിൽ നേതൃയോഗങ്ങൾ വിളിച്ചു ചേർത്ത് സീറ്റു ചർച്ചകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

