കൽപറ്റ ∙ ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടത്തി വന്യജീവി ശല്യത്തിനു പ്രതിരോധം തീർത്തു മാനന്തവാടി മാതൃക. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്.
മന്ത്രി ഒ.ആർ. കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും കിഫ്ബി ധനസഹായമായി എട്ട് കോടി രൂപയും ചെലവഴിച്ചാണു പദ്ധതികൾ.
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി സോളർ തൂക്കുവേലി നിർമാണം പൂർത്തിയായി.
തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറ റേഷൻ കട മുതൽ തോൽപെട്ടി വരെയും മുത്തുമാരി മുതൽ ചാത്തനാട് വരെയും ഓലഞ്ചേരി മുതൽ കാപ്പിക്കണ്ടി വരെയും ഇരുമ്പുപാലം മുതൽ കാപ്പിക്കണ്ടി വരെയും കാപ്പിക്കണ്ടി കാളിന്ദി ഊര് വരെയും പാൽ വെളിച്ചം മുതൽ ബാവലി വരെയും തവിഞ്ഞാൽ പഞ്ചായത്തിലെ മേലെ വരയാൽ മുതൽ താരാബായി വരെയും പനമരം പഞ്ചായത്തിലെ ദാസനക്കര മുതൽ കൂടൽക്കടവ് വരെയുമാണു സോളർ തൂക്കുവേലി.
കിഫ്ബി ധനസഹായമായ 8 കോടി രൂപ ഉപയോഗിച്ച് പനമരം പഞ്ചായത്തിലെ ദാസനക്കര മുതൽ നീർവാരം വരെയും മാനന്തവാടി നഗരസഭയിലെ കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയും ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സംവിധാനവും ഒരുക്കി.
തച്ചറക്കൊല്ലി-മുത്തുമാരി, അമ്പലക്കണ്ടി രണ്ടാംപുഴ, പാണ്ടുരംഗ പ്രദേശങ്ങളിൽ സോളർ തൂക്കുവേലി നിർമാണം അവസാന ഘട്ടത്തിലാണ്. ഭർഗരി-തോൽപെട്ടിയിൽ സോളർ തൂക്കുവേലി നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
പായിമൂല- ബാവലി ചെക്പോസ്റ്റ്, 43-ാം മൈൽ – 44-ാം മൈൽ, റസ്സൽക്കുന്ന് കോളനിക്ക് ചുറ്റും, താരഭായി വിവേക് എസ്റ്റേറ്റ് എന്നിവിടങ്ങളിലും സോളർ തൂക്കുവേലി നിർമാണം പൂർത്തിയായി. വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്ക് വാഹനം വാങ്ങുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
സാധാരണയായി സോളർ ഫെൻസിങ്, എലിഫന്റ് പ്രൂഫ് വാൾ, റെയിൽ ഫെൻസ്, സ്റ്റോൺ പിച്ച്ഡ് ഫെൻസ്, സ്റ്റീൽ ഫെൻസിങ് എന്നിവയാണ് വന്യജീവി ആക്രമണം തടയാനായി വനാതിർത്തികളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇത്തരം ക്രമീകരണങ്ങൾ കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സ്ഥാപിക്കുന്നതിനു മുൻഗണന നൽകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാനുള്ള പദ്ധതികൾക്കായി മാനന്തവാടിയിൽ എംഎൽഎ ഫണ്ട് അനുവദിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]