മാനന്തവാടി ∙ ക്ഷീരമേഖലയും പ്രതിസന്ധിയിലേക്ക്. അനുദിനം ഉൽപാദന ചെലവ് ഏറുന്നതോടെ പശു വളർത്തൽ തന്നെ ഉപേക്ഷിച്ച് മറ്റ് വരുമാന മാർഗങ്ങൾ തേടുകയാണ് കർഷകർ.കാലിത്തീറ്റയ്ക്ക് പലവട്ടം വില വർധിച്ചിട്ടും പാൽ സംഭരണ വില വർധിപ്പിക്കാത്തത് കാരണം ക്ഷീര കർഷകർക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്.
ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ക്ഷീര മേഖല. എന്നാൽ ഇപ്പോൾ ദിനം പ്രതി കർഷകർ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു.
പുതിയതായി ആരും ഇൗ രംഗത്തേക്ക് കടന്ന് വരുന്നുമില്ല.
പല ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലാണ്. ജില്ലയിലെ 54 ക്ഷീര സഹകരണ സംഘങ്ങൾ വഴി പ്രതിമാസം കോടിക്കണക്കിന് രൂപയാണ് ക്ഷീര കർഷകരുടെ കരങ്ങളിൽ എത്തിയിരുന്നത്.10 വർഷം മുൻപ് വയനാട് ജില്ലയിൽ ഉണ്ടായിരുന്ന ക്ഷീര കർഷകരുടെയും ഇപ്പോഴത്തെ ക്ഷീര കർഷകരുടെയും എണ്ണം താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമാണ് കാണുന്നത്.
വയനാട് ജില്ലയിലെ പാൽ സംഭരണം (ജില്ലാ ഓഫിസിൽ നിന്നും ലഭിച്ച കണക്ക് പ്രകാരം)
2021-2022 ൽ 2,64,028 ലീറ്റർ
2022-23ൽ 2,58,668 ലീറ്റർ
2023-24 ൽ 2,51,684 ലീറ്റർ
2024-25 -ൽ 2,44,541 ലീറ്റർ
ക്ഷീരകർഷകരുടെ എണ്ണം പകുതിയോളമായി
മാനന്തവാടി ബ്ലോക്കിലെ ഒരു ക്ഷീര സംഘത്തിൽ മാത്രം കർഷകരുടെ എണ്ണത്തിൽ വന്ന കുറവ് ഇൗ രംഗത്തെ നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
2021-2022ൽ 250 കർഷകർ ഉണ്ടായിരുന്നത് 2022 – 2023 ൽ 218 ആയും 2022 -24 ൽ അത് 186 ആയും കുറഞ്ഞു. 2024-25 ൽ 177 ആയും 2025-2026 ൽ 166 ആയി കുറഞ്ഞു.
പ്രദേശത്ത് കുറച്ച് വൻകിട ഫാമുകൾ വന്നത് കൊണ്ട് മാത്രം പാൽ ഉൽപാദനത്തിന്റെ കുറവ് 10 ശതമാനമായി നിർത്താൻ കഴിഞ്ഞു.
എങ്കിലും ചെറുകിട കർഷകരുടെ പാൽ ഉൽപാദനം 30 ശതമാനത്തിലേറെ കുറഞ്ഞു.
ഇതിലും മോശം അവസ്ഥയിലായ ക്ഷീര സംഘങ്ങളും ഉണ്ട്.
സംഭരണ വില വർധിപ്പിക്കണം; മിൽക് സൊസൈറ്റീസ്
മാനന്തവാടി ∙ ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാൽ സംഭരണ വില വർധിപ്പിക്കണമെന്ന് ജില്ലാ പ്രൈമറി മിൽക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘങ്ങളുടെ മാർജിനിലും കാലോചിതമായ വർധന വരുത്തണം.
പാൽ ഉൽപാദനം 25 മുതൽ 30 ശതമാനം വരെ കുറഞ്ഞു. പാൽ അളക്കുന്ന കർഷകരാകട്ടെ 40 ശതമാനം വരെ കുറവ് വന്നിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങൾക്ക് 100 മുതൽ 200 ശതമാനം വരെ വില വർധിച്ചു.
കാലിത്തീറ്റയ്ക്ക് 40 ശതമാനത്തിൽ അധികം വില വർധിച്ചു. എന്നിട്ടും പാൽ വിലയിൽ മാത്രം വർധന ഉണ്ടായിട്ടില്ല.
എംഎസ്ഡിപി പോലുള്ള പദ്ധതി വളരെ കുറച്ചു മാത്രമേ ഓരോ ജില്ലയിലും ലഭിക്കുന്നുള്ളൂ. കർഷകർക്ക് ഗുണകരമല്ലാത്ത ഇത്തരം പദ്ധതികൾ നിർത്തലാക്കി ധനസഹായം പൂർണമായും ഓരോ കർഷകനും ലഭിക്കത്തക്ക വിധം ഇൻസന്റീവായി നൽകാനുള്ള തീരുമാനം ഉണ്ടാവണം.
ജില്ലാ പ്രസിഡന്റ് ബി.പി.ബെന്നി, ജനറൽ സെക്രട്ടറി വി.എൽ.സജി, എ.പി.കുര്യാക്കോസ്, ജിജി പോൾ, പൗലോസ് മാളിയേക്കൽ, എം.ടി ജോൺ, ബിജു ആൻഡ്രൂസ്, പി.ജെ.സജി, കെ.ബി.മാത്യു, എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]