
ബത്തേരി ∙ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊർജ സംരക്ഷണത്തിന് പുതിയ മാതൃക തീർത്ത് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും വൈദ്യുതിക്കായി സൗരോർജം ഉപയോഗപ്പെടുത്തണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടത്തിൽ മൂന്ന് സ്കൂളുകൾ ഊർജ സ്വയംപര്യാപ്തതയിലെത്തി.
കഴിഞ്ഞ ദിവസമാണ് ഗവ.
സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ ടി.കെ. രമേശ് സോളർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
ബീനാച്ചി സ്കൂളിലും ഇതോടൊപ്പം സോളർ പ്ലാന്റ് പ്രവർത്തനം തുടങ്ങി. നേരത്തെ കുപ്പാടി സ്കൂളിലും സോളർ പ്ലാന്റ് സ്ഥാപിച്ചിരുന്നു.
15 കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് പ്ലാന്റുകളാണ് 21,63,999 രൂപ ചെലവഴിച്ച് സർവജന സ്കൂളിലും ബീനാച്ചി സ്കൂളിലും സ്ഥാപിച്ചത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെൽട്രോണാണ് പ്ലാന്റ് സ്ഥാപിച്ചതും അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കിയതും.
ഇക്കഴിഞ്ഞ മാർച്ചിൽ തന്നെ പ്ലാന്റിന്റെ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക സംവിധാനങ്ങളെല്ലാം പിഴവുകൾ കൂടി പരിഹരിച്ച് ഇപ്പോൾ പൂർണ സജ്ജമായി.
ഇപ്പോൾ ഈ സ്കൂളുകളിലെ ലാബുകളും ഓഫിസും ക്ലാസ് മുറികളും വൈദ്യുതി ഉപയോഗം ഏതാണ്ട് പൂർണമായി സോളർ പ്ലാന്റിനെ ആശ്രയിച്ചാണ്. നേരത്തെ 9,000 രൂപയോളം വൈദ്യുതി ബിൽ വന്ന സ്ഥാനത്ത് ഒടുവിൽ വന്നത് 500 രൂപയിൽ താഴെയുള്ള തുകയുടെ ബിൽ മാത്രം.
നഗരസഭ പരിധിയിലുള്ള എല്ലാ സ്കൂളുകളും സോളർ വൈദ്യുതിയെ മാത്രം ആശ്രയിക്കുന്ന രീതിയിലേക്ക് മാറാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ ടി.കെ.രമേശ് പറഞ്ഞു.
സർക്കാർ സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്ന് വലിയ സ്കൂളുകളും ഇതോടെ സോളർ പദ്ധതി ഉപയോഗപ്പെടുത്തി ഊർജ സ്വയംപര്യാപ്തതയിലേക്ക് മാറി.
അടുത്ത ഘട്ടത്തിൽ ഓടപ്പളം, ചേനാട് സ്കൂളുകളിൽ പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇവിടങ്ങളിൽ ഇപ്പോൾ പുരോഗമിക്കുന്ന കെട്ടിട
നിർമാണ പ്രവൃത്തി പൂർത്തീകരിച്ച ശേഷം പ്ലാന്റ് നിർമാണം ആരംഭിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്. അതിന് ശേഷം പൂമല, കൈപ്പഞ്ചേരി, പഴുപ്പത്തൂർ സ്കൂളുകളിലേക്കും സോളർ പദ്ധതി വ്യാപിപ്പിച്ച് പദ്ധതി ലക്ഷ്യത്തിലെത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് ഇപ്പോൾ സ്കൂളുകളിലെ വൈദ്യുതി ചെലവിനത്തിൽ നഗരസഭ ചെലവഴിക്കുന്നത്. ഓരോ സ്കൂളുകളിലായി പദ്ധതി പൂർത്തിയാവുമ്പോൾ ഈ ചെലവിലും ഗണ്യമായ കുറവുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]