
പനമരം∙ ബീനാച്ചി – പനമരം റോഡിലെ ചെറിയ പാലത്തിലെ വലിയ കുഴികൾ അപകട ഭീഷണിയുയർത്തുന്നു.
പനമരം ചെറിയ പുഴയ്ക്കു കുറുകെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പഴയ പാലത്തിലാണു വൻ കുഴികൾ രൂപപ്പെട്ട് കോൺക്രീറ്റ് ഇളകി തുടങ്ങിയത്. പാലത്തിനു മുകളിലെ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ കുഴിയേതാണെന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്.
ഇത്തരത്തിലുള്ള വലിയ കുഴികളിൽ ലോഡുകളുമായി എത്തുന്ന ഭാരവാഹനങ്ങൾ ചാടുമ്പോൾ പാലം തകർന്നു വീഴുമെന്ന് തോന്നുന്ന പ്രതീതിയാണെന്ന് കാൽനടയാത്രക്കാർ പറയുന്നു.
പഴയപാലം അപകടാവസ്ഥയിലായതോടെ 2 വർഷം മുൻപ് പുതിയ പാലത്തിന്റെ പണി ആരംഭിച്ച് പാലം കോൺക്രീറ്റ് ചെയ്തെങ്കിലും അപ്രോച്ച് റോഡു നിർമിക്കുകയോ പാലത്തിന്റെ ബാക്കി പ്രവൃത്തികൾ പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. കരാർ പ്രകാരം 18 മാസത്തെ കാലാവധിയാണ് പുതിയ പാലത്തിന്റെ പണി പൂർത്തീകരിക്കാൻ വേണ്ടതെങ്കിലും 2 വർഷം കഴിഞ്ഞും പണി ഇഴയുകയാണ്.
ഇനിയും പണി ഏറെ ബാക്കിയുള്ളതിനാൽ നിലവിൽ ഗതാഗതത്തിന് പഴയ പാലമാണ് ആശ്രയം. അതുകൊണ്ടുതന്നെ പഴയ പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള നടപടി അടിയന്തരമായി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീട്ടിലെത്തിയാൽ കുളിച്ചുകയറണം
പനമരം∙ മാത്തൂർ – ചോയിക്കൊല്ലിവയൽ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മാത്തൂർ ഊരിനു മുൻപിലൂടെ ചോയിക്കൊല്ലിവയൽ വഴി പുഞ്ചവയലിലേക്ക് എത്തുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു തരിപ്പണമായി കിടക്കുന്നത്. മഴക്കാലം ആരംഭിച്ചപ്പോൾ മുതൽ റോഡിന്റെ പല ഭാഗങ്ങളിലും ചെളിക്കുഴികൾ നിറഞ്ഞ് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്.
മാത്തൂർ ഊരു നിവാസികൾ കുടിവെള്ളം ശേഖരിച്ച് വീടുകളിൽ തലച്ചുമടായി എത്തിക്കുന്നത് ഈ ചെളിക്കുഴികൾ താണ്ടിയാണ്.
കൂടാതെ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നുമാണ് ഇവിടം. ഇതുകൊണ്ടു തന്നെ രാത്രി കാലങ്ങളിൽ ഈ റോഡിലൂടെ പുറത്തിറങ്ങാനോ, ഓടി രക്ഷപ്പെടാനോ രോഗികളെ ആശുപത്രികളിൽ എത്തിക്കാനോ പെടാപ്പാടുപെടണം.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഊരു നിവാസികളും നാട്ടുകാരും ഒട്ടേറെ തവണ പഞ്ചായത്തിലെത്തി നേരിട്ട് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി ചെളിക്കുഴികളിൽ പാറപ്പൊടി എങ്കിലും ഇട്ട് റോഡ് ഗതാഗതയോഗ്യമാക്കാത്ത പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണു നാട്ടുകാരുടെ തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]