
ഉരുൾപൊട്ടല്: മാനന്തവാടി രൂപത നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി മാനന്തവാടി രൂപത നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര് ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റ പാലക്കാട്ട് കുന്നിലാണ് സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയ ദുരന്തബാധിതർക്കായി 50 വീടുകളാണ് രൂപത നിർമിക്കുന്നത്.
ഇതിൽ 5 വീടുകളുടെ നിർമാണം തോമാട്ടുചാൽ, പുതിയിടംകുന്ന്, കണിയാരം എന്നിവിടങ്ങളിലായി നടന്നുവരുന്നു. ബാക്കി വീടുകളുടെ നിർമാണോദ്ഘാടനമാണ് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്. തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ നഷ്ടത്തിന്റെ തോതനുസരിച്ച് പതിനഞ്ച്, പത്ത്, അഞ്ച് സെന്റ് വീതം സ്ഥലവും എഴുന്നൂറ് മുതൽ ആയിരം സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകളുമാണ് നിർമിച്ചു നൽകുന്നത്. ക്രൈസ്റ്റ് നഗർ റസിഡൻസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി, പ്രദേശത്ത് തൊഴിൽ സംരംഭങ്ങൾ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷനായിരുന്നു. ടി.സിദ്ദിഖ് എംഎൽഎ സ്ഥലത്തിന്റെ രേഖകൾ കൈമാറി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തത്തിൽ പദ്ധതി വിശദീകരിച്ചു. രൂപതാ വികാരി ജനറാളും പുനരധിവാസ കമ്മിറ്റി ചെയർമാനുമായ മോൺ. പോൾ മുണ്ടോളിക്കൽ, കൽപറ്റ ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു എന്നിവർ പ്രസംഗിച്ചു.