
മാൻ ചാട്ടത്തിൽ കലങ്ങിയത് ജോർജിന്റെ വർണങ്ങൾ; കിടപ്പിലായി പെയ്ന്റിങ് തൊഴിലാളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ ഓടുന്ന സ്കൂട്ടറിന് മുകളിലൂടെ ചാടിയെത്തിയ മാൻ തകിടം മറിച്ചത് ഒരു പെയ്ന്റിങ് തൊഴിലാളിയുടെ ജീവിതത്തെ ഒന്നാകെയാണ്. വാരിയെല്ലുകൾ പൊട്ടി കിടപ്പിലായ കൊളഗപ്പാറ എക്സർവീസ്മെൻ കോളനി പുളിമൂട്ടിൽ ജോർജിന് ഇനി വേണ്ടി വരുന്നത് മാസങ്ങളോളം നീളുന്ന ചികിത്സ. പെയ്ന്റിങ് തൊഴിലിലൂടെ ലഭിച്ചിരുന്ന വരുമാനം നിലച്ചതും ജോർജിന്റെ കുടുംബത്തെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ 12ന് രാവിലെ 8.45നായിരുന്നു ജോർജിനെ കിടപ്പിലാക്കിയ സംഭവം.
പുൽപള്ളി കാപ്പിസെറ്റിലെ കെട്ടിട നിർമാണ സൈറ്റിലേക്ക് രാവിലെ ഇറങ്ങിയതായിരുന്നു ജോർജ്. ചീയമ്പം 54 മുതൽ സഹതൊഴിലാളിയായ ഷാനിഫിന്റെ സ്കൂട്ടറിൽ കയറിയായിരുന്നു യാത്ര. 54 കഴിഞ്ഞയുടനെ റോഡിന്റെ ഒരുവശത്തെ തോട്ടത്തിൽ നിന്ന് റോഡിലേക്ക് പാഞ്ഞെത്തിയ മാൻ സ്കൂട്ടറിന് മുകളിലൂടെ ചാടുകയായിരുന്നു. മാനിന്റെ കാലുകൾ ദേഹത്തു തട്ടിയതോടെ സ്കൂട്ടർ മറിഞ്ഞ് രണ്ടാളും റോഡിൽ വീണു. വീണു കിടന്ന ജോർജിന്റെ ദേഹത്ത് മാൻ തന്റെ പിൻകാലുകൾ ചവിട്ടി മുന്നോട്ടു കുതിക്കുകയും ചെയ്തു.
നിസ്സാര പരുക്കുകളോടെ ഷാനിഫ് രക്ഷപ്പെട്ടെങ്കിലും സാരമായി പരുക്കേറ്റ ജോർജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 വാരിയെല്ലുകൾക്ക് പൊട്ടലും പ്ലീഹയ്ക്ക് ചതവും കണ്ടെത്തി. 3 മാസത്തോളം ആശുപത്രിയിൽ കഴിയണമെന്നാണ് ഡോക്ടർ നിർദേശിച്ചതെങ്കിലും സാഹചര്യമില്ലാത്തതിനാൽ വീട്ടിലേക്ക് പോന്നു. വേദന കടിച്ചമർത്തി വീട്ടിൽ കിടപ്പിലാണ് ജോർജ്. ഭാര്യയും മകളുമാണ് ശുശ്രൂഷിക്കുന്നത്. വനംവകുപ്പ് ഇതുവരെ കാര്യങ്ങളൊന്നും തിരക്കി വന്നിട്ടില്ലെന്ന് ജോർജ് പറയുന്നു.