അമ്പലവയൽ ∙ ഇടവേളയില്ലാത്ത മഴയിൽ തളർന്ന് പൂക്കൃഷി. ഒാണത്തിന് ഗുണ്ടൽപേട്ടിലെ പൂക്കളെ ആശ്രയിക്കേണ്ടി വരും.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഒാണക്കാലത്ത് ചെണ്ടുമല്ലിയും ജമന്തിയുമെല്ലാം വിവിധ കർഷക സംഘങ്ങളും കർഷകരുമെല്ലാം ജില്ലയിൽ കൃഷി ചെയ്തിരുന്നെങ്കിലും ഇത്തവണ അത് വൻതോതിൽ കുറഞ്ഞു. ജില്ലയിൽ മഴ ഇടവേളകളില്ലാതെ തുടർന്നതാണ് പൂക്കൃഷിക്ക് തിരിച്ചടിയായത്.
ഇതോടെ ഒാണക്കാലത്ത് പൂക്കൾക്കായി പൂർണമായും ഗുണ്ടൽപേട്ടയെ ആശ്രയിക്കേണ്ടി വരും.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ജില്ലയിൽ പലയിടങ്ങളിലും കൃഷിയുണ്ടായിരുന്നു. ഇത്തവണ മഴ വിടാതെ തുടർന്നതോടെ പൂക്കൃഷി നടത്തിയിരുന്ന പല കർഷകർക്കും കൃഷിയിറക്കാൻ സാധിച്ചില്ല.
സ്ഥിരമായി കൃഷി ചെയ്തിരുന്ന വനിതാ ഗ്രൂപ്പുകളും കർഷക സംഘങ്ങളിലും കുറച്ച് പേർ മാത്രമാണ് കൃഷിയിറക്കിയത്. ചില കർഷകരും സംഘങ്ങളും ഒാണം ലക്ഷ്യമിട്ട് പൂക്കൃഷിയിറക്കിയെങ്കിലും മഴ കാരണം സൂര്യ പ്രകാശവും കാര്യമായി ലഭിക്കാത്തതിനാൽ വളർച്ചയെയും ബാധിച്ചിട്ടുണ്ട്.
നടീൽ മുതൽ 45 ദിവസമാണ് ജമന്തിയുടെ കാലം.
ഇത്രയും ദിവസമാകുമ്പോഴെക്കും പൂവിട്ട് വിളവെടുപ്പിന് പ്രായമാകും. എന്നാൽ മഴയടക്കമുള്ളവ ശക്തമായതിനാൽ പല കർഷകരുടെയും സംഘങ്ങളുടെയും കൃഷിയിൽ പൂമൊട്ടുകൾ വരാൻ വൈകിയിട്ടുണ്ട്.
ഇത് കൃത്യമായ സമയത്ത് പൂക്കൾ ലഭിക്കുന്നതിന് പ്രതിസന്ധിയാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
ഇതിനിടെ, ഗുണ്ടൽപേട്ടിൽ ജമന്തിയുടെ ആദ്യഘട്ട വിളവെടുപ്പുകൾ ആരംഭിച്ചു.
പെയിന്റ് കമ്പനികൾ അടക്കമുള്ളവക്കായാണ് ഇപ്പോൾ വിളവെടുക്കുന്നത്. ചെടികളിലുണ്ടാകുന്ന ആദ്യഘട്ടത്തിലെ പാകമായ പൂക്കളാണ് വിളവെടുക്കുന്നത്.
ചെടികളിൽ ബാക്കിയുള്ള പൂക്കൾ ഒാണത്തിനും ദസറ ആഘോഷത്തിനുമായിട്ടാണ് കർഷകർ നൽകുന്നത്.
സെന്റർ ഒാഫ് എക്സലൻസ് വിതരണം ചെയ്തത് ഒരു ലക്ഷം ജമന്തി തൈകൾ
അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള തൈകളും വിത്തുകളും ഉൽപാദിപ്പിക്കുന്ന കേന്ദ്രമായ സെന്റർ ഒാഫ് എക്സലൻസ് ഒാണക്കാലത്തെ ലക്ഷ്യംവച്ച് ഇത്തവണ ഒരു ലക്ഷം ജമന്തി തൈകളാണ് വിതരണം ചെയ്തത്. ജില്ലയിലും അയൽജില്ലകളിൽ നിന്നുമുള്ള കർഷകരാണ് മുൻകൂട്ടി ബുക്ക് ചെയ്ത് ഇവിടെ നിന്ന് പൂക്കൃഷിക്കായി തൈകൾ വാങ്ങിയത്.
ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്തതിനെന്നാൽ മഴയടക്കമുള്ളവ കാര്യമായി ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്ന്. മഴ പ്രതീക്ഷിച്ചതിനാൽ 45 ദിവസത്തിന് പകരം 60 ദിവസങ്ങൾക്ക് മുൻപ് തന്നെ സെന്റർ ഒാഫ് എക്സലൻസ് തൈകൾ വിതരണം ചെയ്യുകയായിരുന്നു.
മഴ പെയ്യുന്നത് വളർച്ചയെ ബാധിച്ചാലും ഒാണക്കാലത്ത് തന്നെ പൂക്കൾ ലഭിക്കാനാണ് 15 ദിവസങ്ങൾക്ക് മുൻപ് തന്നെ തൈകൾ കർഷകർക്ക് നൽകിയത്. സെന്റർ ഒാഫ് എക്സലൻസിൽ ആദ്യമായിട്ടാണ് ഒാണക്കാലത്ത് പൂക്കളുടെ തൈകൾ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]