
ബത്തേരി∙ വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പൊൻകുഴിപ്പുഴയോരത്തെ ശ്രീരാമ സന്നിധി പിതൃതർപ്പണ കർമങ്ങൾക്ക് ഒരുങ്ങി. കർക്കടക വാവുബലിയർപ്പിക്കാനെത്തുന്ന പതിനായിരങ്ങൾക്കുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി യോഗം അറിയിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫ് എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
24ന് പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിക്കും. പതിനായിരത്തോളം പേരാണ് വർഷം തോറും പൊൻകുഴി ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താറുള്ളത്.
ഒപ്പം വരുന്നവരടക്കം മുപ്പതിനായിരത്തോളം ഭക്തർ ക്ഷേത്രമുറ്റത്തെത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നും ഭക്തർ ഒഴുകിയെത്തും. പ്രത്യേക ബസ് സർവീസുകളും ക്ഷേത്രത്തിലേക്കുണ്ടാകും.
ഒരേ സമയം 500 പേർക്ക് ബലി അർപ്പിക്കാനുള്ള ബലിത്തറയാണ് പുഴയോരത്തെ ക്ഷേത്ര മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. തലേന്ന് എത്തുന്നവർക്ക് ക്ഷേത്ര സമിതി സൗജന്യ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാവു ദിനത്തിൽ എത്തുന്നവർക്കെല്ലാം കാപ്പിയും ലക്ഷുഭക്ഷണവും നൽകും. വാഹനങ്ങൾക്ക് പാർക്കു ചെയ്യാൻ പ്രത്യേക മൈതാനമുണ്ട്.
അഗ്നി രക്ഷാ സേന, വനംവകുപ്പ്, പൊലീസ്, പഞ്ചായത്ത്, ഹരിതകർമ സേന എന്നിവയുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് യോഗം അറിയിച്ചു.
ഗതാഗത തടസ്സം ഒഴിവാക്കാൻ തലേന്ന് രാത്രി 12 മുതൽ രാവിലെ 11 വരെ ഗതാഗത നിയന്ത്രണമുണ്ടാകും.ചരക്കു വാഹനങ്ങൾ കല്ലൂരിലും സംസ്ഥാന അതിർത്തിയിലും നിർത്തിയിടാനാണ് നിർദേശം, ബലിയിടാൻ സാധിക്കാത്തവർക്ക് നിത്യപൂജയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം സമിതി യോഗം അറിയിച്ചു. പ്രസിഡന്റ് കെ.ജി.
ഗോപാലപിള്ള, സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, ബാബു കട്ടയാട്, വാസു വെള്ളോത്ത്, എ.അശോകൻ, സി.പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]