
ആനുകൂല്യങ്ങൾ മുടങ്ങി; ദുരന്ത ബാധിതർ തെരുവിലിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈത്തിരി ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കു സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനശബ്ദം ആക് ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്ത ബാധിതർ വൈത്തിരി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും ജീവനോപാധിയായി സർക്കാർ പ്രഖ്യാപിച്ച 300 രൂപ പ്രകാരമുള്ള ദിവസ ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തതിനെ തുടർന്നായിരുന്നു സമരം.
വീട്ടു വാടക ഒരു മാസത്തെയും 300 രൂപ പ്രകാരമുള്ള തുക 5 മാസത്തേതുമാണു ലഭിക്കാനുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നു 2 മാസത്തെ പണം കിട്ടി. എന്നാൽ മാസ വാടക ഉൾപ്പെടെ കുടിശികയായി കിടക്കുകയാണ്. ജീവനോപാധിയായി തുകയുടെ ബാക്കി വിതരണം ചെയ്യുക,
ടൗൺഷിപ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടും ഗുണഭോക്താക്ളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ദുരന്ത ബാധിതരായ ഒട്ടേറെ ആളുകൾ പങ്കെടുത്തു. പൊഴുതന ജംക് ഷനിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു സമരക്കാരും പൊലീസുമായി ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.
ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തെ കലക്ടറേറ്റ് മാർച്ചും നടത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണു വൈത്തിരി താലൂക്ക് ഓഫിസിലേക്കു മാർച്ച് നടത്തിയത്.സമരം ആക് ഷൻ കമ്മിറ്റി ചെയർമാൻ നസീർ ആലക്കൽ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജിമോൻ ചൂരൽമല അധ്യക്ഷത വഹിച്ചു. ഉസ്മാൻ ബാപ്പു, ആർ.മനോജ്, കെ.സഹദേവൻ, കെ.സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. തുടർന്നു തഹസിൽദാർ വി.കുമാരി ബിന്ദുവുമായി ഭാരവാഹികൾ ചർച്ച നടത്തുകയും പണം ലഭ്യമായാൽ ഉടൻ വിതരണം ചെയ്യുമെന്ന് അറിയിച്ചു.
തുടർന്നും സമരം ആരംഭിച്ചതോടെ തഹസിൽദാർ കലക്ടറുമായി ബന്ധപ്പെടുകയും വീട്ടു വാടകയുടെ പണം അനുവദിക്കുകയും ചെയ്തതോടെ സമരം അവസാനിപ്പിച്ചു. ദുരന്തബാധിതരുടെ അക്കൗണ്ടുകളിലേക്കു ഇന്നലെ തന്നെ വീട്ടു വാടക എത്തി. 300 രൂപ ദിവസ ആനുകൂല്യം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.