
മുണ്ടക്കൈ-ചൂരൽമല ദുരന്തം: പുന്നപ്പുഴയിലെ അവശിഷ്ടങ്ങൾ നീക്കാൻ 195 കോടിയുടെ അനുമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 195.55 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലൂടെ നദിയുടെ ഒഴുക്ക് ശരിയായ രീതിയിൽ ആക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കൽ, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പിൽ നിന്നു സംരക്ഷിക്കൽ, നദീ തീരം സംരക്ഷണം എന്നിവയാണു ലക്ഷ്യമാക്കുന്നത്.
ദുരന്തത്തിൽ 5.7 ദശലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറിൽ അടിഞ്ഞത്. ഇതാണു പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകാൻ ഇടയാക്കിയത്. മണ്ണൊലിപ്പ് കാരണമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കൽ, വാസസ്ഥലങ്ങൾ, കാർഷിക വിളകൾ, കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കൽ, നദിയുടെ ഗതി മാറ്റം തടയാൻ സാങ്കേതിക പരിശോധനകൾ, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തൽ, നദീ തടത്തിൽ നിന്നു ഭൂമി വീണ്ടെടുക്കൽ എന്നിവ പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്. ജലസേചന വകുപ്പാണു പദ്ധതി നിർവഹിക്കുക. അതി തീവ്ര ദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ അനുവദിക്കുന്ന സാസ്കി ഫണ്ടിൽ നിന്ന് 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗത്തിൽ നിന്നായി ബാക്കി തുകയും ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വിനിയോഗിക്കും.
വിദ്യാർഥികൾക്ക് 250 ലാപ്ടോപ്പുകൾ
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശത്തെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് 250 ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ സർക്കാർ അനുമതി. ചൂരൽമല സ്പെഷൽ സെൽ, കുടുംബശ്രീ മിഷന്റെ മൈക്രോ പ്ലാനിലൂടെ ലഭിച്ച അപേക്ഷ പ്രകാരം മൂന്നുവർഷം വാറന്റിയുള്ള 42,810 രൂപ വിലയുള്ള 250 ലാപ്ടോപ്പുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് 1.7 കോടി രൂപ പദ്ധതിക്കായി വകയിരുത്തും.