കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പുനൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്.
എല്ലാ പണികളും പൂർത്തിയാക്കിയാവും വീടുകൾ കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.
ടൗൺഷിപ്പിൽ ഇതുവരെ 289 വീടുകളുടെ വാർപ്പ് പൂർത്തിയായി. 5 സോണുകളിലായാണ് നിർമാണങ്ങൾ പുരോഗമിക്കുന്നത്.
1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ് നിർമാണത്തിന്റെ ഭാഗമാവുന്നത്. വാർപ്പ് കഴിഞ്ഞ വീടുകളിൽ പ്ലംബിങ്, തേപ്പ്, ഫ്ലോറിങ് എന്നിവ പൂർത്തിയായി വരികയാണ്.
വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്. ടൗൺഷിപ്പിലെ പ്രധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമാണവും ഓവുചാൽ നിർമാണവും പുരോഗമിക്കുകയാണ്.
ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമിക്കുക.
9 ലക്ഷം ലീറ്റർ ശേഷിയിൽ നിർമിക്കുന്ന കുടിവെള്ള സംഭരണി, സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓവുചാൽ എന്നിവയുടെ നിർമാണവും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പുനർനിർമിക്കുമെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
ഇതിനായി സർക്കാർ സ്ഥലം ലഭ്യമായില്ലെങ്കിൽ സ്ഥലം വില കൊടുത്തു വാങ്ങി അവിടെ സ്കൂൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടർ ഡി.ആർ.മേഘശ്രീ, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, കൽപറ്റ നഗരസഭാധ്യക്ഷൻ പി.വിശ്വനാഥൻ, ഉപാധ്യക്ഷ എസ്.സൗമ്യ, മേപ്പാടി പഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി. സീനത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

