മാനന്തവാടി ∙ മാവോയിസ്റ്റുകളുമായുള്ള സമാധാന ചർച്ച ആവശ്യപ്പെട്ടുള്ള സമ്മേളനത്തിനു പോയവരെ വഴിയരികിൽ തടഞ്ഞ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. സമാധാന ചർച്ചയ്ക്കു തയാറാകുന്ന മാവോയിസ്റ്റുകളെപ്പോലും വെടിവച്ചു കൊല്ലുന്നതിൽ കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാരിന്റെ അതേ നിലപാടാണ് എൽഡിഎഫ് സർക്കാരിനുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കുറുക്കന്മൂലയിലെ പൊലീസ് നടപടിയെന്നു മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി.
കേരളത്തിൽ അവശേഷിച്ച മാവോയിസ്റ്റുകളെയെല്ലാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വെടിവച്ചുകൊല്ലുകയോ മറ്റുള്ളവർ കീഴടങ്ങുകയോ ചെയ്തിട്ടും മാവോയിസ്റ്റ് വേട്ടയ്ക്കായി കേന്ദ്ര ഫണ്ട് ഇനിയും ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.
യുഎപിഎ പോലുള്ള ഭീകരനിയമങ്ങൾ ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിജെപിയുടെ അതേ നിലപാടാണു സിപിഎമ്മിനുമെന്നു വ്യക്തമാണെന്നും അവർ പറഞ്ഞു. സമാധാനത്തിനു വേണ്ടിയുള്ള കേരള മുന്നണിയുടെ ബാനറിൽ നടക്കുന്ന പരിപാടിക്കുവേണ്ടി പയ്യമ്പള്ളി കുറുക്കൻ മൂലയിൽ നിന്ന് പുറപ്പെട്ട വാഹനമാണ് പയ്യമ്പള്ളിക്കും പനമരത്തിനും ഇടയിൽ വിജനമായ സ്ഥലത്ത് വച്ച് ഒട്ടേറെ വാഹനങ്ങളുമായി വന്ന് മുൻപിലും പിറകിലും സിനിമ സ്റ്റൈലിൽ വാഹനങ്ങൾ നിരത്തി പൊലീസ് തടഞ്ഞത്.
സമ്മേളനത്തിൽ പോകുന്നവർ സഞ്ചരിച്ച വാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തു.
വാഹനത്തിൽ കയറി അനുവാദമില്ലാതെ ആളുകളുടെ ഫോട്ടോയും വിഡിയോയും പൊലീസ് ചിത്രീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പുറത്ത് ആദിവാസികൾ സംഘടിക്കാൻ പാടില്ല എന്ന ഭീഷണിയാണ് ഈ നടപടിക്ക് പിന്നിൽ ഉണ്ടായതെന്നാണ് പരാതി. കുട്ടികൾ ഉണ്ടോ എന്ന് പൊലീസ് ചോദിച്ചു.
കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ട് എന്ന് മറുപടി പറഞ്ഞതോടെ ഈ സമ്മേളനത്തെ കുറിച്ച് പങ്കെടുക്കുന്ന ആദിവാസികൾക്ക് അറിവുണ്ടോ എന്നായി ചോദ്യം. അറിവുണ്ട് എന്ന് ആളുകൾ ഉത്തരം പറഞ്ഞു. ഇതിന് മുൻപ് ഇത്തരം പരിപാടികൾക്ക് ഇവർ പോകാറുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം.
ഒട്ടേറെ പരിപാടികൾക്ക് ഇങ്ങനെ പോകാറുണ്ട് എന്ന് പറഞ്ഞതോടെയാണ് പൊലീസ് പ്രതിരോധത്തിലായത്. തുടർന്ന് പോകുന്നവരുടെ പേരുകൾ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. അത് നൽകാൻ കഴിയില്ലെന്നും മറ്റ് രാഷ്ടീയ പ്രസ്ഥാനങ്ങളോട് ഒന്നും ഇത്തരത്തിൽ നിങ്ങൾ സമീപിക്കാറില്ലല്ലോ എന്നും പറഞ്ഞതോടെയാണ് പൊലീസുകാർ തന്നെ പേരെഴുതി എടുത്ത ശേഷം യാത്ര തുടരാൻ അനുവദിച്ചത്.– പോരാട്ടം സംസ്ഥാന കൺവീനർ ഷാന്റോ ലാൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

