കൽപറ്റ ∙ ഡീസൽ ക്ഷാമത്തെ തുടർന്ന് കൽപറ്റ ഡിപ്പോയിൽ നിന്നുള്ള പ്രാദേശിക സർവീസുകൾ ഇന്നലെ പ്രതിസന്ധിയിലായി. കൽപറ്റയിൽ നിന്നു രാവിലെയുള്ള വടുവൻചാൽ, മാനന്തവാടി, വൈത്തിരി സർവീസുകൾ മുടങ്ങി.
മുണ്ടക്കൈ, ചോലാടി, മാനന്തവാടി റൂട്ടുകളിലെ ബസുകൾ ഒരു ട്രിപ്പ് മാത്രം നടത്തി ഓട്ടം അവസാനിപ്പിച്ചു.രാവിലെ 8.30ന് ശേഷം ചൂരൽമല ഭാഗത്തേക്കുള്ള ട്രിപ്പുകളും മുടങ്ങി. വെള്ളിയാഴ്ച രാത്രിയോടെയാണു ഡിപ്പോയിൽ ഇന്ധനക്ഷാമം തുടങ്ങിയത്.
ഇന്നലെ രാവിലെ ക്ഷാമം രൂക്ഷമായി.
ട്രിപ്പുകൾ വെട്ടിക്കുറച്ചതോടെ ഗ്രാമീണ മേഖലകളിൽ അടക്കം യാത്രാക്ലേശം രൂക്ഷമായിരുന്നു. കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന മുണ്ടക്കൈ, പടിഞ്ഞാറത്തറ, വൈപ്പടി, സുഗന്ധഗിരി, അമ്പ, നിരവിൽപുഴ മേഖലകളിലാണു യാത്രാക്ലേശം അനുഭവപ്പെട്ടത്. ഡിപ്പോയിൽ ഇന്ധനമെത്തിയിട്ടു 2 ദിവസമായി.
ഇന്നും ഇന്ധനമെത്തിയില്ലെങ്കിൽ ഡിപ്പോയിൽ നിന്നുള്ള പ്രാദേശിക സർവീസുകൾ പൂർണമായും മുടങ്ങുമെന്നാണു സൂചന. അതേസമയം, ദീർഘദൂര സർവീസുകൾ കോഴിക്കോടു നിന്നു ഇന്ധനം നിറച്ച് സർവീസുകൾ നടത്തി.
നേരത്തേയും സമാന പ്രതിസന്ധി നേരിട്ടിരുന്നു.
നിർത്തിയിട്ട ബസുകളിലെ ഇന്ധനം ഊറ്റിയെടുത്തും ബസുകളിലുള്ള ഇന്ധനത്തിന് അനുസരിച്ചുള്ള ദൂരം പുനഃക്രമീകരിച്ചും കലക്ഷൻ തുക ഉപയോഗിച്ചു പുറമേയുള്ള പമ്പുകളിൽ നിന്നു ഇന്ധനം നിറച്ചുമാണു അന്നു പ്രധാനപ്പെട്ട
ഗ്രാമീണ സർവീസുകൾ നടത്തിയത്.
കെഎസ്യു പ്രതിഷേധിച്ചു
കൽപറ്റ ∙ കെഎസ്ആർടിസിയിലെ ഡീസൽ ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്യു കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബേസിൽ ജോർജ് അധ്യക്ഷത വഹിച്ചു, എബി പീറ്റർ, അഫിൻ ദേവസ്യ, മുഹമ്മദ് ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രിക്ക് നിവേദനം നൽകി
കൽപറ്റ ∙ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിലെ ഡീസൽ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.സിദ്ദീഖ് എംഎൽഎ മന്ത്രി കെ.ബി.ഗണേഷ്കുമാറിന് നിവേദനം നൽകി. ഡീസൽ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകളിൽ പലതും മുടങ്ങിയിരിക്കുകയാണ്. ഡീസൽക്ഷാമം പരിഹരിച്ച് കെഎസ്ആർടിസി ബസ് സർവീസുകൾ പൂർണമായി പുനരാരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]