
പനമരം ∙ വലിയ പുഴയോരത്ത് ഏതു സമയവും പുഴയിലേക്ക് പതിക്കാവുന്ന തരത്തിൽ യാതൊരു സുരക്ഷയുമില്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിൽ കരിമംകുന്ന് കീഞ്ഞുകടവിൽ പ്രവർത്തിക്കുന്ന 15-ാം നമ്പർ അങ്കണവാടി കെട്ടിടമാണ് പുഴയോരം ഇടിഞ്ഞ് ഏതുസമയവും പുഴയിലേക്ക് പതിക്കാമെന്ന സ്ഥിതിയിലുള്ളത്.
6 വർഷം മുൻപുണ്ടായ പ്രളയത്തിൽ പ്രദേശത്തെ ഒട്ടേറെ വീടുകൾ മണ്ണിടിഞ്ഞ് തകർന്നതിനെ തുടർന്ന് ആളുകളെ ഒഴിവാക്കിയെങ്കിലും അങ്കണവാടി മാറ്റിയില്ല. പുഴ പുറമ്പോക്കിൽ അപകട
ഭീഷണിയിലുള്ള കെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, നവകേരള സദസ്സ്, റവന്യു മന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
നിലവിൽ അങ്കണവാടിയുടെ മുൻഭാഗം നോക്കിയാൽ കുഴപ്പമില്ലെങ്കിലും കെട്ടിടത്തിന്റെ പിൻവശം ഇടിഞ്ഞ് മുറ്റത്ത് പാകിയ പൂട്ടുകട്ടകൾ അടക്കം തകർന്നതിനു പുറമേ കുടിവെള്ള ടാങ്ക് സ്ഥാപിച്ച തൂണിന്റെ കെട്ട് തകർന്ന് ടാങ്ക് ഒരു ഭാഗത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. കെട്ടിടത്തിലെ ശുചിമുറിയുടെ ഭാഗവും തകർച്ചാ ഭീഷണി നേരിടുകയാണ്.
പഞ്ചായത്ത് മെംബറുടെ അടക്കം പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ സ്ഥലപരിശോധന നടത്തി കെട്ടിടം അപകട ഭീഷണി നേരിടുന്നതായും കെട്ടിടം പുഴയിൽ നിന്ന് ഒന്നര മീറ്റർ മാത്രം അകലത്തിലാണു സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.
ഒരു തവണ ഐസിഡിഎസിന്റെ നിർദേശപ്രകാരം ഇരുപതോളം കുട്ടികൾ എത്തിയിരുന്ന അങ്കണവാടിയുടെ പ്രവർത്തനം നിർത്തിവച്ചിരുന്നു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞും കെട്ടിടം മാറ്റി സ്ഥാപിക്കാൻ മാത്രം നടപടിയുണ്ടായില്ല. നിലവിലുള്ള അങ്കണവാടിക്ക് സമീപം ചെറുകാട്ടൂർ വില്ലേജ് പരിധിയിൽപെട്ട
കീഞ്ഞുകടവ് മുസ്ലിം പള്ളിയുടെ സമീപം 10 സെന്റിൽ താഴെ വരുന്ന റവന്യുഭൂമി പഞ്ചായത്തിന് വിട്ടു നൽകി ഇവിടെ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചാൽ പ്രശ്നത്തിന് പരിഹാരം ആകും.അങ്കണവാടി കെട്ടിടത്തോടു ചേർന്ന ശ്യാം സദനത്തിൽ ശശികുമാറിന്റെ വീടിന്റെ പിറകുവശം ഇന്നലെ പുഴയിലേക്ക് ഇടിഞ്ഞുതാണ് ഈ വീടും അപകടത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]