
അമ്പലവയൽ ∙ വിശേഷണത്തിൽ മാത്രം ‘വയൽ’ നാടായി വയനാട്. ജില്ലയിൽ ഓരോ വർഷവും നെൽക്കൃഷി കുറയുകയാണെന്നു കണക്കുകൾ.
കഴിഞ്ഞ വർഷത്തെക്കാൾ 621 ഹെക്ടർ സ്ഥലത്താണ് ഇത്തവണ നെൽക്കൃഷി കുറഞ്ഞത്. ഒാരോ വർഷവും 500 മുതൽ 600 ഹെക്ടർ വരെയാണു വയനാട്ടിൽ നെൽക്കൃഷി കുറഞ്ഞു വരുന്നത്.
കഴിഞ്ഞ 5 വർഷത്തോളമായി ഈ കുറവുണ്ടാകുന്നുണ്ട്. ഇപ്പോൾ ഞാറുനടലും മറ്റുമായി തകൃതിയായി കൃഷിയിറക്കേണ്ട
സമയമാണെങ്കിലും ഒട്ടേറെ വയലുകൾ കൃഷിയിറക്കാതെ തരിശായി കിടക്കുകയാണ്.
മറ്റുള്ള വിളകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ലാഭമില്ലാത്ത കൃഷിയായി നെൽക്കൃഷി മാറിയതാണ് കൂടുതൽ കർഷകരും ഈ മേഖലയിൽ നിന്ന് പിന്മാറാൻ കാരണം. എങ്കിലും നഷ്ടം സഹിച്ചും കൃഷിയിൽ തുടരുന്ന പാരമ്പര്യ കർഷകരുൾപ്പെടെ ഒട്ടേറെ പേർ ജില്ലയിലുണ്ട്.
നെൽക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ തരിശിടുകയോ വാഴക്കൃഷിക്കു പാട്ടത്തിനു കൊടുക്കുകയും ചെയ്യുന്നവരുടെ എണ്ണവും വർധിച്ച് വരുകയാണ്. നെൽക്കൃഷി സ്ഥിരമായി ഉപേക്ഷിച്ച് വയലുകളിൽ കമുക് അടക്കമുള്ള വിളകളിലേക്ക് മാറിയവരും ഏറെയാണ്. നെൽക്കൃഷിക്ക് കൃഷി വകുപ്പിന്റെ പ്രോത്സാഹനം കുറഞ്ഞതും മാറുന്ന കാലാവസ്ഥയുമെല്ലാം കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്.
പഴയ നെൽവിത്തുകളുപയോഗിച്ച് കൃഷി ചെയ്തിരുന്ന പലരും പുതിയ വിത്തിനങ്ങളിലേക്ക് മാറിയെങ്കിലും കാര്യമായ നേട്ടമില്ലെന്നാണ് പറയുന്നത്.
21000 ഹെക്ടർ 6500 ആയി
1990–ൽ ജില്ലയിൽ 21,000 ഹെക്ടറിന് മുകളിൽ നെൽക്കൃഷി ചെയ്തിരുന്നുവെന്നാണ് കണക്കുകൾ. ഇപ്പോൾ നെൽവയലുകൾ 6500 ഹെക്ടർ മാത്രമാണുള്ളത്.
അന്ന് നെൽവയലായിരുന്ന ഇടങ്ങളിലെറെയും വാഴ, കമുക്, തെങ്ങ്, ഏലം തുടങ്ങിയ കൃഷികളിലേക്ക് വഴിമാറി. കുറേയെറെ സ്ഥലങ്ങളിൽ വീടുകളും കെട്ടിടങ്ങളുമായി മാറി.
നെൽകൃഷി ചെയ്തിരുന്ന സ്ഥലം ഈ വിധത്തിലെല്ലാം ഗണ്യമായി കുറഞ്ഞു. തരിശിടുന്ന വയലുകളും ജില്ലയിൽ വർധിച്ച് വരുകയാണെന്നാണ് കണക്കുകൾ.
കഴിഞ്ഞ 5 വർഷത്തിനിടെ മാത്രം 1500 ഹെക്ടറോളം സ്ഥലത്താണ് നെൽക്കൃഷി കുറഞ്ഞത്.
2020–21 കാലഘട്ടത്തിൽ എണ്ണായിരം ഹെക്ടറിന് മുകളിൽ സ്ഥലത്ത് ജില്ലയിൽ നെൽക്കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം കൃഷി കുറഞ്ഞ് ഈ വർഷമായപ്പോഴേക്കും 6554 ഹെക്ടറിൽ മാത്രമാണ് കൃഷി അവശേഷിക്കുന്നത്. ഇതിനിടയിൽ 2021–ലുണ്ടായിരുന്ന 8065 ഹെക്ടറിനെക്കാൾ 73 ഹെക്ടറിന്റെ നാമമാത്രമായ വർധന 2022 –ലുണ്ടായെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ അതുമുണ്ടായില്ല.
തൊഴിലാളി ക്ഷാമം രൂക്ഷം; ഉൽപാദന ചെലവ് ഉയരുന്നു
നെൽക്കൃഷിക്ക് തൊഴിലാളികളെ കിട്ടുന്നില്ലെന്ന പരാതി കാലങ്ങളായിട്ടുണ്ട്.
കൃഷിയിറക്കുന്ന സമയത്ത് തൊഴിലാളികൾ പലരും തൊഴിലുറപ്പ് പദ്ധതിയിൽ പണിക്കു പോകുന്നതിനാൽ പലയിടങ്ങളിലും വയലിലിറങ്ങാൻ ആളെ തീരെ കിട്ടാനില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലരും ഞാറ് പറിച്ച് നടൽ നിർത്തി ഇപ്പോൾ വിതയ്ക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.
അതാകുമ്പോൾ കൂടുതൽ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരില്ല. മുൻ വർഷങ്ങളിലേക്കാളും ഉൽപാദന ചെലവും കാര്യമായി വർധിച്ചതും നെൽക്കൃഷിയെ മുൻപോട്ട് കൊണ്ടു പോകാൻ തടസ്സമാണെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞ 5 വർഷത്തെ ജില്ലയിലെ നെൽക്കൃഷി
വർഷം സ്ഥലം(ഹെക്ടറിൽ)
2020–21 8065
2021–22 8143.91
2022–23 7699.71
2023–24 7175.94
2024–25 6554.24
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]