
ബത്തേരിക്കാണോ? പ്ലാസ്റ്റിക് വേണ്ടേ വേണ്ട; വയനാട്ടിലും വരുമോ നീലഗിരി മോഡൽ?
ബത്തേരി ∙ സംസ്ഥാനത്തെ 10 മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ ബത്തേരി ഉൾപ്പെടെ ജില്ലയിലെ 4 കേന്ദ്രങ്ങൾ. പൂക്കോട് തടാകം, കർലാട് തടാകം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം എന്നിവയാണു വയനാട്ടിലെ മറ്റ് ഇടങ്ങൾ.
ഹൈക്കോടതി ഉത്തരവിലുള്ള 10 കേന്ദ്രങ്ങളിൽ ഒൻപതും പ്രത്യേകമായി വേർതിരിക്കാവുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ബത്തേരി ടൗണും. വൃത്തിയിലും ഭംഗിയിലും പൂച്ചെടികളുടെ നിറവിലും ബത്തേരി നഗരം കാണാൻ സഞ്ചാരികളെത്തുന്നതു കണക്കിലെടുത്താകും ബത്തേരിയും പട്ടികയിൽ ഉൾപ്പെട്ടതെന്ന വിലയിരുത്തലിലാണു നഗരസഭാ അധികൃതർ.
കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളെയാണ് ഹൈക്കോടതി പരാമർശിച്ചത്. വയനാട്ടിൽ പൂക്കോട് തടാകവും ലക്കിടിയും ഉൾപ്പെട്ട
വൈത്തിരിയാണ് ജില്ലയിലെ പട്ടികയിൽ ഒന്നാമത്. 2023 ൽ 5,59,036 വിനോദ സഞ്ചാരികൾ ഇവിടെയെത്തിയെന്നാണ് കോടതിക്കു മുൻപാകെയുള്ള കണക്ക്. രണ്ടാം സ്ഥാനത്ത് ബത്തേരിയാണ്. ടൗൺ കാണാനും താമസിക്കാനുമെത്തിയത് 1,09,988 പേർ.
ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് നിരോധന പട്ടികയിൽ ബത്തേരിയെയും കോടതി ഉൾപ്പെടുത്തിയത്. ബത്തേരിയിൽ പ്ലാസ്റ്റിക് പണ്ടേ പടിക്കുപുറത്ത്
സർക്കാർ പ്രഖ്യാപിക്കുന്നതിനു മുൻപേ പ്ലാസ്റ്റിക്കിനെ വലിച്ചെറിഞ്ഞതാണ് ബത്തേരിക്കാർ.
2016 മുതൽ ബത്തേരിയെ ശുചിത്വ, പുഷ്പ നഗരമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾക്കു സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. സൂപ്പർ മാർക്കറ്റുകളിലടക്കം സാധനങ്ങൾ പായ്ക്ക് ചെയ്യാൻ കടലാസ് കൂടുകൾ ഉപയോഗിക്കുന്ന രീതിയും ബത്തേരിയിൽ നേരത്തെ തുടങ്ങി. ബത്തേരിയിൽ കാരിബാഗുകളുടെ നിരോധനം വന്ന ശേഷമാണ് സംസ്ഥാനമാകെ നിരോധനം നിലവിൽ വന്നത്.
ബത്തേരി ഒരു പരിധി വരെ ആ നിയന്ത്രണം ഇന്നും പാലിക്കുന്നു. ടൗണിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കുറവ് ഇതിനുദാഹരണം.
പ്രായോഗികമാകുമോ? ആശയക്കുഴപ്പങ്ങളേറെ
പുതിയ ഹൈക്കോടതി ഉത്തരവിനെ ബത്തേരിക്കാർ പൊതുവേ സ്വാഗതം ചെയ്യുകയാണ്. വൃത്തിയിലും മനോഹാരിതയിലും മുൻപന്തിയിലെത്തിയ നഗരം പ്ലാസ്റ്റിക്കിനോടും പൂർണമായി വിട
പറഞ്ഞാൽ അതു വലിയ പേരാകും വിനോദ സഞ്ചാര ഭൂപടത്തിൽ ബത്തേരിക്കു നൽകുക. വിദേശ വിനോദ സഞ്ചാരികളടക്കം കൂടുതലായി ബത്തേരിയിലേക്ക് എത്തുകയും ചെയ്യും.
എന്നാൽ, ടൗണിനപ്പുറം മറ്റെല്ലായിടത്തും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുമ്പോൾ അതു ടൗണിൽ മാത്രം എങ്ങനെ ബാധകമാക്കാനാകും എന്നാണു പൊതുജനം ചോദിക്കുന്നത്. പൂക്കോടോ, കർലാടോ പോലുള്ള കേന്ദ്രങ്ങളാണെങ്കിൽ അവയുടെ കവാടത്തിൽ നിന്ന് ഉള്ളിലേക്ക് പ്ലാസ്റ്റിക് കടത്തി വിടുന്നത് നിരോധിക്കാനാകും.
ബത്തേരി ടൗണിനും അത്തരത്തിൽ പ്രവേശന കവാടങ്ങളും പരിശോധനകളും ഒരുക്കേണ്ടി വരും. വയനാട്ടിലും വരുമോ നീലഗിരി മോഡൽ?
വയനാടിനോട് അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്ലാസ്റ്റിക് കുപ്പി കൊണ്ടു പോകുന്നതിന് നിരോധനമുണ്ട്.
പ്ലാസ്റ്റിക് കുപ്പികളുമായെത്തുന്നവരെ ചെക്പോസ്റ്റിൽ തടയും. അതിനാൽ ഗൂഡല്ലൂർ, ഊട്ടി എന്നീ ടൗണുകളിലേക്ക് എത്തുന്നില്ല.
അതിർത്തിയിൽ പിടികൂടുന്നതിനാൽ മൊത്തക്കച്ചവടക്കാരും നീലഗിരിയിലെ വിപണി ലക്ഷ്യമിടുന്നില്ല. നിരോധിക്കപ്പെട്ടവ
∙ 2 ലീറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ
∙ അര ലീറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ
∙ ഡിസ്പോസബിൾ ഫുഡ് കണ്ടെയ്നർ ആൻഡ് ടംബ്ലർ
∙ പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും ബാഗുകളും
∙ പ്ലാസ്റ്റിക് സഞ്ചികൾ
∙ പ്ലാസ്റ്റിക് കാരി ബാഗുകൾ
∙ ലാമിനേറ്റഡ് ബേക്കറി ബോക്സുകൾ
പകരം ഉപയോഗിക്കേണ്ടവ
വാട്ടർ കിയോസ്കുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബോട്ടിൽ, ചില്ലുകുപ്പികൾ, ചെമ്പുപാത്രങ്ങൾ, പാളയും ചാക്കും ഉപയോഗിച്ച് നിർമിച്ച കണ്ടെയ്നറുകൾ, കുപ്പി, സ്റ്റീൽ, സെറാമിക് കണ്ടെയ്നറുകൾ, മരം, കളിമണ്ണ്, തുണി, കടലാസ്,പേപ്പർ ബോർഡ് എന്നിവ ഉപയോഗിച്ചുള്ള കുപ്പികളും പാത്രങ്ങളും.
ശുദ്ധമായ വെള്ളത്തിനും മറ്റു പാനീയങ്ങൾക്കുമായി അവ നിറച്ചു നൽകുന്ന കേന്ദ്രങ്ങൾ
പൂക്കോട് തടാകത്തിൽ എത്തിയ സഞ്ചാരികൾ. (ഫയൽ ചിത്രം)
പ്രതീക്ഷയോടെ പൂക്കോട്; മുന്നൊരുക്ക നടപടികൾ തുടങ്ങി
കൽപറ്റ ∙ ജില്ലയിലെ പ്രധാനപ്പെട്ട
വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകത്തിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചത് തടാകത്തിന്റെ നിലനിൽപിനും കരുത്താകുമെന്നാണു വിലയിരുത്തൽ. തടാകത്തിന്റെ സംരക്ഷണം മുന്നിൽക്കണ്ട് നേരത്തെ തന്നെ തടാകത്തിലും പരിസരങ്ങളിലും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ് ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സന്ദർശകർക്ക് ജീവനക്കാർ നിർദേശങ്ങളും നൽകാറുണ്ട്.
നിലവിൽ കേന്ദ്രത്തിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ജീവനക്കാർ ചാക്കുകളിൽ ശേഖരിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. മാസത്തിൽ ഒരുതവണ ഹരിതകർമ സേനാംഗങ്ങൾ ഇവ ശേഖരിക്കും.
12 ശുചീകരണ ജീവനക്കാരാണു കേന്ദ്രത്തിലുള്ളത്.
പ്ലാസ്റ്റിക് ബോട്ടിലുകളും പാത്രങ്ങളും (5 ലീറ്ററിൽ താഴെയുള്ള വെള്ളക്കുപ്പിയും 2 ലീറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികളും മറ്റു പ്ലാസ്റ്റിക് കണ്ടെയ്നർ പാത്രങ്ങളും) നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് കൂടി പ്രാബല്യത്തിലാകുന്നതോടെ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിലും വൻകുറവ് വരുമെന്നാണ് പ്രതീക്ഷ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധികൃതർ മുന്നൊരുക്ക നടപടി തുടങ്ങി. തടാകത്തിലേക്കുള്ള റോഡുകളിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. തടാക പരിസരത്തും ഇവിടേക്കുള്ള റോഡരികിലെ വ്യാപാരികൾക്കു ബോധവൽക്കരണം നൽകും.
1.
കർലാട് ചിറയുടെ തൊട്ടടുത്തായി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തിനു പുറത്ത് പ്ലാസ്റ്റിക് കുപ്പികൾ വ്യാപിച്ചു കിടക്കുന്നു. 2.
കർലാട് ചിറയിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടർ കിയോസ്ക്.
കർലാട് തടാകത്തിലും ഹെറിറ്റേജ് മ്യൂസിയത്തിലും നേരത്തേ നിരോധനം
കാവുംമന്ദം/അമ്പലവയൽ∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹൈക്കോടതി നിരോധിച്ച ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട തരിയോട് പഞ്ചായത്തിലെ കർലാട് തടാകത്തിലും അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിലും നേരത്തേ തന്നെ പ്ലാസ്റ്റിക് കുപ്പികൾക്കു നിരോധനമുണ്ട്.
പ്ലാസ്റ്റിക് കുപ്പികൾ കൈവശമുള്ളവർ കർലാട് തടാകത്തിലേക്കു കൊണ്ടു പോകാൻ 20 രൂപ നൽകണം. തിരികെ ഇറങ്ങുമ്പോൾ കുപ്പി കൈവശമുണ്ടെങ്കിൽ തുക തിരികെ നൽകും.
ഉപേക്ഷിക്കുന്ന കുപ്പികൾ കേന്ദ്രത്തിനകത്തെ ബിന്നുകളിൽ സൂക്ഷിക്കുകയും ഹരിതകർമ സേനയ്ക്കു കൈമാറുകയുമാണ് ചെയ്യുന്നത്.
ഉത്തരവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി അവിടെയുള്ള 2 വാട്ടർ കിയോസ്കുകൾ പ്രവർത്തന സജ്ജമാക്കുമെന്നു ചിറ അധികൃതർ പറഞ്ഞു. അതോടെ കേന്ദ്രത്തിനകത്ത് ശുദ്ധജലം ലഭ്യമാകുകയും പുറമേ നിന്ന് വെള്ളം കൊണ്ടു വരുന്നത് ഇല്ലാതാവുകയും ചെയ്യും.
പരിസരത്തെ കടകളിലും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപന തടയണമെന്ന ആവശ്യം ഉയരുന്നുണ്ട്. എങ്കിൽ മാത്രമേ കേന്ദ്രത്തിനകത്തെ പ്ലാസ്റ്റിക് നിരോധനം പൂർണമായി നടപ്പാകൂ.
ചിറയുടെ തൊട്ടടുത്ത് പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഈ ബൂത്തിനു ചുറ്റും പ്ലാസ്റ്റിക് കുപ്പികൾ കിടക്കുന്നത് പതിവാണ്. പ്ലാസ്റ്റിക് കുപ്പിയിൽ പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ചാണ് ഹെറിറ്റേജ് മ്യൂസിയത്തിലേക്കു പ്രവേശനം.
തിരിച്ചു വരുമ്പോൾ അവ കൊണ്ടു വരുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ളവ നിക്ഷേപിക്കാൻ പ്രത്യേക സ്ഥലവും ഒരുക്കി.
കൃത്യമായ ഇടവേളകളിൽ ഹരിത കർമ സേനയ്ക്ക് പണം നൽകി മാലിന്യം ശേഖരിക്കുന്നതിനാൽ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യവുമില്ല. “നിരോധിക്കപ്പെട്ട
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജില്ലയിലേക്ക് കൊണ്ടു വരുന്നത് അതിർത്തിയിൽ തടയുകയും കച്ചവടക്കാർക്ക് ബദൽമാർഗങ്ങൾ ഒരുക്കുകയും ചെയ്താൽ മാത്രമേ ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാകൂ. ചരക്കു ലോറികളിൽ സാധനമെത്തുന്നത് തടയാതിരിക്കുകയും കച്ചവടക്കാർ കടകളിൽ വിൽപനയ്ക്കു വയ്ക്കുമ്പോൾ പിടികൂടി പിഴയിടുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല.
ഭക്ഷണം പാഴ്സൽ ചെയ്തു നൽകുന്നതിനടക്കം പകരം സംവിധാനം നടപ്പാക്കുകയും വേണം “. അനീഷ് ബി. നായർ (സംസ്ഥാന സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ) “പ്ലാസ്റ്റിക് നിരോധനം മാതൃകാപരമായി നടപ്പാക്കുന്ന നഗരസഭയാണ് ബത്തേരി.
പുതിയ ഹൈക്കോടതി ഉത്തരവും നല്ലതു തന്നെ. എന്നാൽ, വ്യാപാരികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കാത്ത വിധം പകരം മാർഗങ്ങൾ കണ്ടെത്തിയും നിർദേശിച്ചുമാകണം പൂർണ നിരോധനം നടപ്പാക്കേണ്ടത്.
വൃത്തിക്കും പ്ലാസ്റ്റിക്കിനുമെതിരെ ബത്തേരി നഗരസഭ എന്നും മുൻപിലുണ്ടാകും “.
ടി.കെ.രമേഷ് (ബത്തേരി നഗരസഭാധ്യക്ഷൻ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]