പൂത്തക്കൊല്ലി ∙ പുത്തുമല ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളെ പുനരധിവസിപ്പിച്ച പൂത്തക്കൊല്ലി ‘ഹർഷം’ ടൗൺഷിപ് ഭൂമിയിൽ മറ്റൊരു ഭവന പദ്ധതി കൂടി നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കി പുത്തുമല ദുരന്തബാധിതർ. ഭവനപദ്ധതിക്കുള്ള സ്ഥലമൊരുക്കൽ പ്രവൃത്തി ഇന്നലെ പുത്തുമല ഗുണഭോക്താക്കൾ തടഞ്ഞു.
ടൗൺഷിപ്പിൽ ശോച്യാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി പോലും നടത്താതെ പുനരധിവാസ ഭൂമി മറ്റൊരു ഭവന പദ്ധതിക്കായി മാറ്റുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
മണ്ണെടുക്കാനായി എത്തിയ ടിപ്പർ ലോറികൾ ഗുണഭോക്താക്കൾ ഏറെനേരം തടഞ്ഞിട്ടു. രാവിലെ 10നു തുടങ്ങിയ പ്രതിഷേധം ഒരുമണിക്കൂറോളം നീണ്ടു.
തുടർന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ സ്ഥലത്തെത്തി ഗുണഭോക്താക്കളുമായി ചർച്ച നടത്തി. പിന്നീട് കലക്ടർ ഡി.ആർ.മേഘശ്രീയുമായി നടത്തിയ ചർച്ചയിൽ, ടൗൺഷിപ് ഗുണഭോക്താക്കൾക്കായി പ്രഖ്യാപിച്ച കളിസ്ഥലം, അങ്കണവാടി, ആരോഗ്യ കേന്ദ്രം എന്നിവയ്ക്കായുള്ള സ്ഥലം അതര് നിർണയിച്ച് നൽകാമെന്നും വീടുകളുടെ ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമെന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്നും ഉറപ്പുനൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ പറഞ്ഞു.
ടൗൺഷിപ് പദ്ധതി പ്രദേശത്ത് അതിദരിദ്ര വിഭാഗത്തിലെ 21 കുടുംബങ്ങൾക്ക് 5 സെന്റ് വീതം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഇൗ കുടുംബങ്ങൾക്ക് പട്ടയങ്ങൾ അടക്കം നൽകിയെന്നാണു സൂചന. മാസങ്ങൾക്കു മുൻപ് ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
അറിയിപ്പൊന്നുമില്ലാതെ, കഴിഞ്ഞ ദിവസമാണു മണ്ണ് നീക്കൽ തുടങ്ങിയത്. കഴിഞ്ഞ 5 വർഷമായിട്ട് ചോർന്നൊലിക്കുന്ന, ചുമരുകൾ വിണ്ടു കീറിയ വീടുകളിൽ ദുരിത ജീവിതം നയിക്കുന്ന തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയാണു മറ്റു കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നീക്കം നടത്തുന്നതെന്ന് ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ പറയുന്നു.
ദുരന്തബാധിതരായ 52 കുടുംബങ്ങളെയാണു പുത്തുമലയിലെ 7 ഏക്കർ ഭൂമിയിൽ പുനരധിവസിപ്പിച്ചത്. നിലവിൽ 50 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
പുനരധിവസിപ്പിച്ച വീടുകളിലും ദുരിതം; ഇനിയും പരിഹാരമായില്ല
ടൗൺഷിപ്പിലെ വീടുകളുടെ ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ വൈകുകയാണ്.
ടൗൺഷിപ് ഉദ്ഘാടനം കഴിഞ്ഞ് 6 മാസം കഴിയും മുൻപേ വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങിയിരുന്നു. അശാസ്ത്രീയ നിർമാണം തുടക്കം മുതലേ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നെന്നു ഗുണഭോക്താക്കൾ പറയുന്നു.
ഗുണഭോക്താക്കളുടെ ദുരിതം സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 8ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് കലക്ടർ ഡി.ആർ.മേഘശ്രീക്ക് നോട്ടിസ് അയച്ചിരുന്നു.
വീടുകൾ ചോർന്നൊലിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, നടപടികൾ വൈകുകയാണ്.
ചോർന്നൊലിക്കുന്നതിനാൽ ഇവിടുത്തെ വീടുകളിൽ ഭൂരിഭാഗവും മേൽക്കൂരയ്ക്കു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച നിലയിലാണ്. ചെറിയൊരു മഴ പെയ്താൽ പോലും വീടുകൾക്കുള്ളിലേക്ക് വെള്ളമെത്തും, സദാസമയവും നിലം തുടച്ച് വെള്ളമൊഴിവാക്കേണ്ട
ഗതികേടാണു കുടുംബങ്ങൾക്ക്. മഴ പെയ്യാൻ തുടങ്ങിയാൽ ബക്കറ്റുകളും അലുമിനിയം പാത്രങ്ങളുമായി ഓടി നടക്കേണ്ട
അവസ്ഥയാണെന്നു കുടുംബങ്ങൾ പറയുന്നു.
വീടുകളുടെ വലിപ്പം നിർണയിച്ചതിലും പാകപ്പിഴയുണ്ടായി. 2 അംഗങ്ങളുള്ള കുടുംബത്തിനും 6ൽ അധികം അംഗങ്ങളുള്ള കുടുംബത്തിനും ഒരേ വലുപ്പത്തിലാണു വീടുകൾ നിർമിച്ച് നൽകിയത്.
ശോച്യാവസ്ഥയിലായ വീടുകളിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിയാണു കഴിയുന്നത്. ചോർന്നൊലിക്കുന്നതിനാൽ കിടക്കകൾക്കു മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചാണ് കഴിയുന്നത്.
നനവുള്ളതിനാൽ ചുമരിനോട് ചേർത്ത് കട്ടിൽ ഇടാനാകില്ല. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളുടെ പുസ്തകങ്ങളും ഉടുപ്പുമെല്ലാം നനയും.
ചുമരും മേൽക്കൂരയും തമ്മിൽ ഉയരവ്യത്യാസമുള്ളതിനാലാണു മഴവെള്ളം അകത്തേക്കെത്തുന്നത്.
സദാസമയവും ഇൗർപ്പം നിലനിൽക്കുന്നതിനാൽ ചുമരുകൾ വീണ്ടുകീറാൻ തുടങ്ങി. ഡൈനിങ് റൂമിനും അടുക്കളയ്ക്കും സിറ്റൗട്ടിനും മുകളിൽ ടൈൽസ് (ഓടുകൾ കൊണ്ടുള്ള) മേൽക്കൂരയാണു നിർമിച്ചത്.
2 കിടപ്പുമുറികൾക്ക് കോൺക്രീറ്റ് ഷീറ്റുകളും. വീടുകളെ താങ്ങിനിർത്തുന്ന സിമന്റ് തൂണുകൾക്ക് ബലമില്ല.
ബലക്ഷയം വീടിന്റെ നിലനിൽപ് തന്നെ ഭീഷണിയിലാക്കിയതോടെ ചില കുടുംബങ്ങൾ ഈ തൂണുകൾ പൊളിച്ചുമാറ്റി സ്വന്തം ചെലവിൽ പുതിയ തൂണുകൾ സ്ഥാപിച്ച് വീടുകളുടെ സുരക്ഷ ഉറപ്പാക്കി.
വീടുകളിൽ ചിലതിൽ വൈദ്യുതി ചോർച്ചയും ഉള്ളതായി കുടുംബങ്ങൾ പറയുന്നു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ നിർമിതി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വീടുകളുടെ നിർമാണം അശാസ്ത്രീയമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 2024 ഡിസംബറിൽ ഡപ്യൂട്ടി കലക്ടറുടെ (ജനറൽ) അധ്യക്ഷതയിൽ ചേർന്ന യോഗം, വീടുകളുടെ ബലം ഉറപ്പുവരുത്താനും ടൈൽഡ് മേൽക്കൂര മാറ്റി പകരം കോൺക്രീറ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെയായിട്ടും തുടർനടപടികളുണ്ടായില്ലെന്നു ഗുണഭോക്താക്കൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

