മാനന്തവാടി ∙ നഗരസഭയിലെ പിലാക്കാവ്, പഞ്ചാരക്കൊല്ലി, മണിയൻകുന്ന് പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ വൈകിട്ട് 3ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത് വനം വകുപ്പ്. 17ന് നടത്താൻ ആദ്യം നിശ്ചയിച്ച യോഗമാണ് നാളെ നടക്കുക.
പ്രദേശത്തെ വികസനവും സ്വസ്ഥമായ ജനജീവിതവും ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനെ എതിർക്കുന്നതിന് ഇന്നലെ മണിയൻകുന്നിൽ ചേർന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. 25ന് വിപുലമായ യോഗം ചേരും.
പദ്ധതിയിൽ നിന്ന് വനം വകുപ്പ് പിൻമാറിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് ഇൗ യോഗം അന്തിമ രൂപം നൽകും.
യോഗത്തിൽ നഗരസഭാ കൗൺസിലർമാരായ കെ.വി.ജുബൈർ, വി.കെ.ശിവൻ, നാട്ടുകാരായ വി.പി.ഹമീദ്, എം.ആർ.സുരേന്ദ്രൻ, എൻ.വി.സനൽ, സുനിൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.നിലവിലുള്ള തരത്തിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. ജനവിരുദ്ധ നടപടികളുമായി അധികൃതർ മുന്നോട്ടു പോയാൽ ജനകീയ സമരം നടത്താൻ നാട്ടുകാർ ഒരുങ്ങുന്നതിന് ഇടയിലാണ് റേഞ്ച് ഓഫിസർ യോഗം വിളിച്ചത്.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നഗരസഭയുമായി വനപാലകർ ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ തന്നെ വ്യക്തമാക്കിയിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ നഗരസഭാ കൗൺസിലർ വി.കെ.ശിവൻ, മാനന്തവാടി വില്ലേജ് ഓഫിസർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.ഇവിടെ താമസിച്ച് വരുന്ന ഒരു കുടുംബത്തിന് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഭാര്യയ്ക്കും ഭർത്താവിനും ചേർന്ന് ഒരു യൂണിറ്റ്, പ്രായപൂർത്തിയായ മക്കൾക്ക് ഓരോ യൂണിറ്റ് എന്ന രീതിയിലാണ് പരിഗണിക്കുക. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ വീതം നൽകും.
താമസം ഇല്ലാത്തവരുടെ സ്ഥലം ഒരു യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ വീതം നൽകും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

