പുൽപള്ളി ∙ വെള്ളിയാഴ്ച മുതലാരംഭിച്ച അവധിദിനങ്ങളിൽ പൂപ്പാടവും ഗോപാൽ സ്വാമികുന്നും സന്ദർശിക്കാൻ ജനം ഒഴുകിയെത്തിയതോടെ ഗുണ്ടൽപേട്ടും പരിസര ഗ്രാമങ്ങളും തിരക്കിലായി. ചെണ്ടുമല്ലി, സൂര്യകാന്തി പാടങ്ങളിലേക്കുള്ള ഒഴുക്ക് ഗോപാൽ സ്വാമി കുന്നിലേക്കും ബന്ദിപ്പൂർ, മുതുമല കടുവസങ്കേതങ്ങളിലേക്കും നീണ്ടു. ശനിയാഴ്ച രാവിലെ മുതൽ ഗോപാൽസ്വാമി കുന്നിലേക്കുള്ള പാതകൾ വാഹനങ്ങളാൽ നിറഞ്ഞു.
മണിക്കൂറുകളുടെ കാത്തുനിൽപിനു ശേഷം മലമുകളിലേക്ക് പ്രവേശപാസ് ലഭിക്കാതെ മടങ്ങിയവരും ധാരാളം.
തിരക്ക് നിയന്ത്രിക്കാൻ പ്രദേശത്ത് വനപാലകർക്കു പുറമേ പൊലീസിനെയും വിന്യസിച്ചിരുന്നു. സാധാരണയെത്തുന്നതിന്റെ മൂന്നിരട്ടിവരെ സഞ്ചാരികൾ ഗോപാൽ സ്വാമികുന്നും അവിടത്തെ പുരാതന ക്ഷേത്രവും സന്ദർശിക്കാനെത്തി. കൂടുതലും മലയാളികളാണെന്ന് വനംഅധികൃതർ പറയുന്നു.
കുന്നിലേക്ക് സഞ്ചാരികളെയെത്തിക്കാൻ 15 ബസുകളാണ് ഏർപ്പെടുത്തിയത്. 60 രൂപയാണ് യാത്രക്കൂലിക്കും പ്രവേശനപാസിനായും വാങ്ങുന്നത്. മലമുകളിലും ക്ഷേത്ര പരിസരത്തും സ്ഥലസൗകര്യം കുറവായതിനാൽ നിയന്ത്രിച്ചാണ് പ്രവേശനം.
നിശ്ചിത എണ്ണം ബസുകൾ തിരിച്ചെത്തിയ ശേഷമേ അടിവാരത്തുനിന്നും യാത്രക്കാരുമായി അടുത്ത ബസുകൾ പുറപ്പെടുകയുള്ളൂ.
ഗുണ്ടൽപേട്ടിലെയും ഗൂഡല്ലൂർ, ചാമരാജ് നഗർ റൂട്ടുകളിലെയും പൂപ്പാടങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളും ഏറെയെത്തുന്നുണ്ട്. ബത്തേരിയിൽ നിന്നു ഗുണ്ടൽപേട്ടിലെത്തി അവിടത്തെ കാഴ്ചകളെല്ലാംകണ്ട് ബന്ദിപ്പൂർ, മുതുമല കടുവ സങ്കേതങ്ങളുടെ ഭംഗിയാസ്വദിച്ച് ഗൂഡല്ലൂരിലെത്തി തേയിലതോട്ടങ്ങളിലൂടെ ബത്തേരിയിലെത്തുന്ന ടൂറിസംറൂട്ട് പലരെയും ആകർഷിക്കുന്നു.
3 സംസ്ഥാനങ്ങളും 3 കടുവ സങ്കേതവും പിന്നിടാമെന്ന പ്രത്യേകതയും ഈ റൂട്ടിനുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]