
കൽപറ്റ ∙ ജില്ലയിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ 18 മുതൽ 20 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ടാകും.
അതിനിടെ, ഇന്നലെ മഴയ്ക്കു നേരിയ ശമനമുണ്ടായി. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ബുധനാഴ്ച രാത്രി 12 വരെ നീണ്ടു.
പടിഞ്ഞാറത്തറ കൺട്രോൾ ഷാഫ്റ്റ് പരിധയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് – 333 മില്ലിമീറ്റർ.
കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ട മേഖലയിൽ 234 മില്ലിമീറ്ററും തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോത്ത് 210 മില്ലിമീറ്ററും വാളാംതോട് മേഖലയിൽ 208 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ മണിക്കൂറുകൾ നീണ്ടുനിന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു.
ഇന്നലെ പുലർച്ചെ മഴ കുറഞ്ഞതോടെയാണു വെള്ളപ്പൊക്ക ഭീഷണി ഒഴിവായത്.
ഗോത്ര ഊരുകൾ വെള്ളപ്പാക്ക ഭീഷണിയിൽ
ബത്തേരി ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ നൂൽപുഴ, നെന്മേനി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കല്ലൂർ, മുത്തങ്ങ, തവനി പുഴകൾ കര കവിഞ്ഞു.
ഏക്കറു കണക്കിന് പാടശേഖരങ്ങൾ വെള്ളത്തിലായത് വൻ കൃഷിനാശമുണ്ടാക്കി. നൂറു കണക്കിന് ഹെക്ടറിൽ നടുന്നതിന് വിത്തു വിതച്ചത് മിക്കയിടത്തും ഒലിച്ചു പോയി.
പുഴകൾ കര കവിഞ്ഞതിനെ തുടർന്ന് പുഴയോരത്തുള്ള പല ഊരുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കല്ലൂർ പുഴങ്കുനി ഉന്നതി നിവാസികളോട് മാറിത്താമസിക്കാൻ റവന്യു വകുപ്പ് നിർദേശിച്ചു.
കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുനരധിവാസ ക്യാംപ് ആരംഭിച്ചു.
കല്ലൂർപുഴ കരകവിഞ്ഞൊഴുകിയതോടെ നമ്പിക്കൊല്ലി, കണ്ണംകോട്, കല്ലൂർ തുടങ്ങിയ ഇടങ്ങളിൽ നൂറുകണക്കിന് ഏക്കർ കൃഷി വെള്ളത്തിലായി. തോരാതെ പെയ്ത മഴയിൽ ശക്തമായ കുത്തൊഴുക്ക് ഉണ്ടായതിനെ തുടർന്ന് ചെറിയ തോടുകൾ ഗതിമാറിയൊഴുകി.
നെൽപാടങ്ങളിൽ വെള്ളം കയറി. ചെറുമാട്, വലിയ വട്ടം എന്നിവിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
വയൽമേഖലകളിൽ കൃഷി ചെയ്ത കപ്പ, വാഴ എന്നിവയും ചീഞ്ഞു നശിക്കുമെന്ന അവസ്ഥയിലാണ്. ഇന്നലെ പകൽ മഴ കുറവായിരുന്നെങ്കിലും തലേന്ന് രാത്രി പെയ്ത കനത്ത മഴയാണ് വെള്ളം ഉയരാൻ ഇടയാക്കിയത്.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
പനമരം∙ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി.
ഇന്നലെ പകൽ മഴയ്ക്ക് അൽപം ശമനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന ഇടവിട്ടുള്ള കനത്ത മഴയിൽ പനമരം, കോട്ടത്തറ, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തുകളിലെ പുഴകളോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പുഴകളും തോടുകളും കരകവിഞ്ഞു താഴ്ന്ന പ്രദേശത്തെ ചില ഗ്രാമീണ റോഡുകളും ഒട്ടേറെ കൃഷിയിടങ്ങളും വെള്ളത്തിലായി.
കോട്ടത്തറ പഞ്ചായത്തിൽ വലിയ പുഴ കരകവിഞ്ഞതോടെ കളരിപൊയിൽ – വണ്ടിയാമ്പറ്റ റോഡിൽ കളരിപൊയിൽ ഭാഗത്തു വെള്ളംകയറി ഗതാഗതം മുടങ്ങി. പുഴയോടു ചേർന്ന താഴ്ന്ന പ്രദേശത്തെ പാടശേഖരങ്ങളാണ് കൂടുതലും വെള്ളത്തിലായത്. ഈ മഴക്കാലത്തു നാലാം തവണയാണ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്നത്. വെള്ളപ്പൊക്ക സാധ്യത മുൻകൂട്ടി കണ്ട് താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളിൽ പലരും ബന്ധുവീടുകളിലേക്കും മറ്റും മാറാൻ ശ്രം തുടങ്ങി.
പനമരം പഞ്ചായത്തിലെ മാത്തൂർ ഭാഗത്ത് വെള്ളം കയറിത്തുടങ്ങി. പ്രദേശത്തെ ഇഷ്ടികക്കളങ്ങളും പഴയ നടവയൽ റോഡും വെള്ളത്തിലാണ്.
നീരിട്ടാടി, കൈപ്പാട്ടുകുന്ന്, മലങ്കര, നെല്ലാറാട്ടുകുന്ന്, മേച്ചേരി, അങ്ങാടിവയൽ, ഓടക്കൊല്ലി മേഖലകളിലും വെള്ളം കയറി. വെള്ളം കയറി ഒറ്റപ്പെടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]