
‘ബ്ലാക്ക് ബ്യൂട്ടി’: താരമായി കറുത്ത തക്കാളി; 70 ഇനം തക്കാളി കൃഷി ചെയ്ത് സൂരജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ കറുത്ത തക്കാളിയാണ് യുവ കർഷകൻ മാതമംഗലം ചിറക്കമ്പത്തില്ലത്ത് സൂരജ് പുരുഷോത്തമന്റെ തോട്ടത്തിലെ താരം. വ്യത്യസ്ത ഇനം കൃഷികളുമായി ശ്രദ്ധ നേടിയ സൂരജിന് തക്കാളി പ്രേമം തുടങ്ങിയിട്ട് 5 വർഷത്തോളമായി. ഇപ്പോൾ സൂരജിന്റെ കൃഷിയിടത്തിൽ 70 ഇനം തക്കാളിയുണ്ട്. നാട്ടിൽ ചുവപ്പ് തക്കാളിയാണ് സാധാരണയായി ലഭിക്കുന്നത്. എന്നാൽ ഓക്സിഡന്റുകളും വൈറ്റമിനുകളും ഏറെയുള്ള കറുത്ത തക്കാളിയും ഉടൻ കറിച്ചട്ടികളിൽ വ്യാപകമാകുമെന്ന് സൂരജ് പറയുന്നു.
അമേരിക്കയിൽ കാട്ടു തക്കാളിയിൽ നിന്ന് വികസിപ്പിച്ച ബ്ലാക്ക് ബ്യൂട്ടിയെന്ന കറുത്ത തക്കാളി ഇന്നു പാക്കിസ്ഥാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൃഷി ചെയ്യുന്നു. കേരളത്തിൽ അപൂർവമായി ഉണ്ടെങ്കിലും വ്യാപകമായിട്ടില്ല.സംസ്ഥാനത്തെ മികച്ച വിദ്യാർഥി കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള സൂരജ് വിവിധയിനം പച്ചക്കറി കൃഷിയിലും പഴവർഗ കൃഷിയിലും വ്യാപൃതനാണ്. പലരിൽ നിന്നായി വിത്തുകളും തൈകളും ശേഖരിച്ച് തക്കാളി കൃഷി ചെയ്ത സൂരജിന്റെ കൈവശം ഇന്ന് 20 ഗ്രാം മുതൽ അരക്കിലോ വരെ തൂക്കം വരുന്ന വിവിധ തക്കാളി ഇനങ്ങളുണ്ട്.ചായക്കോപ്പയിൽ നട്ട് വിളവെടുക്കാവുന്നവ മുതൽ 10 അടി ഉയരം വരെയുണ്ടാകുന്നവ വരെ ഇതിലുണ്ട്.
തക്കാളികളിലെ വൈവിധ്യം തേടി നടക്കവേയാണ് കറുത്ത തക്കാളിയും കയ്യിൽ വന്നുപെട്ടത്.പിങ്ക്, പച്ച, മഞ്ഞ, ചുവപ്പ്, വെള്ള, ബ്രൗൺ, പർപ്പിൾ തുടങ്ങിയ നിറങ്ങളിലെല്ലാമുള്ള തക്കാളികളും സൂരജിന്റെ ശേഖരത്തിലുണ്ട്.വയനാട്ടിലെ കാലാവസ്ഥയിൽ മിക്ക ഇനം തക്കാളികളും വളരുമെന്നാണ് സൂരജിന്റെ പക്ഷം. കേരളത്തിലെ വിവിധയിടങ്ങളിലുള്ളവരുമായി തക്കാളി വിത്തുകൾ കൈമാറുകയും പുതിയ സങ്കര ഇനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് സൂരജ്.