കൽപറ്റ ∙ കാപ്പി കർഷകർക്കു പൊതു വിപണിയിൽ വിൽപനയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് 3 പതിറ്റാണ്ട് ആയതേ ഉള്ളൂ. 1942ൽ കോഫി ബോർഡ് രൂപീകരിച്ചതു മുതൽ കാപ്പിക്കർഷകർ പൂർണമായും കോഫി ബോർഡിന്റെ കർശന നിയന്ത്രണത്തിൽ ആയിരുന്നു.
1995വരെ കാപ്പി ഉൽപാദിപ്പിക്കാനും സംസ്കരിക്കാനും അല്ലാതെ സ്വന്തം വീടുകളിൽ നിന്നു മറ്റൊരിടത്തേക്കു കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം കർഷകർക്ക് ഇല്ലായിരുന്നു.
വിൽപനയ്ക്കായി സെൻട്രൽ എക്സൈസ് ഓഫിസിൽ നിന്നു ലഭിക്കുന്ന നിശ്ചിത (ടിപിത്രി) ഫോറത്തിൽ മേൽവിലാസം, കൊണ്ടുപോകുന്ന വാഹന നമ്പർ, എത്ര ചാക്ക് (തൂക്കം), പോകുന്ന വഴി, തീയതി എന്നിവ രേഖപ്പെടുത്തി കൈവശം വച്ച് മാത്രമേ കോഫി ബോർഡ് നിയന്ത്രണത്തിലുള്ള ഡിപ്പോകളിലേക്കു കൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളൂ.
വീട്ടാവശ്യത്തിനു കാപ്പിക്കുരു സംസ്കരിച്ച് പൊടിക്കാനോ പുറത്തു കൊണ്ടുപോകാനും കഴിയുമായിരുന്നില്ല. എക്സൈസ് അധികൃതർ കണ്ടെത്തിയാൽ പിഴ ചുമത്തുമായിരുന്നു.
വീടുകളിൽ തന്നെ കാപ്പി സംസ്കരിച്ച് വറുത്ത് പൊടിക്കുന്ന കാലമായിരുന്നു 5 പതിറ്റാണ്ടോളം.
കാപ്പി കുത്തി പരിപ്പ് ആക്കി കോഫി ബോർഡിന്റെ ഏജൻസി ഡിപ്പോകളിൽ മാത്രം നൽകുമ്പോൾ ലഭിച്ചിരുന്നത് കുറഞ്ഞ വിലയായിരുന്നു. പിന്നീടു വർഷത്തിൽ രണ്ടോ മൂന്നോ തവണകളിലായി ബോണസ് എന്ന പേരിൽ ലഭിക്കുന്ന തുക അടക്കം ഒരു കിലോ കാപ്പി പരിപ്പിനു ലഭിച്ചിരുന്നത് 30 രൂപയിൽ താഴെ.
കോഫി ബോർഡ് ലേലം ചെയ്തു വിൽക്കുന്നത് എത്ര രൂപയ്ക്ക് ആണെന്നു കർഷകർക്ക് അറിയാനും കഴിയില്ലായിരുന്നു.
പൊതു വിപണിയിൽ വന്നതിനു ശേഷം
കർഷകർക്കു നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ പൊതു വിപണിയിൽ വിൽക്കാൻ അനുവാദം ലഭിച്ചപ്പോൾ അതുവരെ ലഭിച്ച കിലോയ്ക്ക് 30 രൂപയിൽ താഴെ ഉണ്ടായിരുന്നത് 100 രൂപയോളം എത്തി. കാപ്പി പരിപ്പ് ആയും തൊണ്ടോടു കൂടിയും എടുക്കാൻ മലഞ്ചരക്ക് വ്യാപാരികളും കാപ്പി മാത്രം എടുക്കുന്ന ഒട്ടേറെ വ്യാപാരികളും മുന്നോട്ടു വന്നു.
1996ൽ വിളവെടുപ്പു സമയത്തു കാപ്പിപ്പരിപ്പ് കിലോഗ്രാമിനു 125 രൂപ വരെ ലഭിച്ചു.
പിന്നീട് പല വർഷങ്ങളായി കാപ്പിക്കു വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. 2013ൽ പരിപ്പ് ക്വിന്റലിന് 15,600 രൂപ, 2015ൽ 18,300, 2019ൽ 12,800, 2020ൽ 11,700 എന്നിങ്ങനെ വന്നു കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന വിലയായ 50,000 രൂപയിൽ ഒന്നു രണ്ടു ദിവസം എത്തി.
ഇപ്പോൾ പരിപ്പ് ക്വിന്റലിന് 37,200 രൂപയാണ്.
തൊഴിലാളികളില്ല, വിളവെടുപ്പ് നീളുന്നു
ജില്ലയിൽ കാപ്പി വിളവെടുപ്പ് അന്തിമ ഘട്ടത്തിലാണ്. വിളവെടുപ്പിനു തൊഴിലാളികളെ ലഭിക്കാത്തതു കർഷകർക്കു വിള നഷ്ടത്തിനും കാരണമാകുന്നുണ്ട്.
തൊഴിലുറപ്പു പദ്ധതി കാപ്പി വിളവെടുപ്പു സമയത്തു നിർത്തിവയ്ക്കണമെന്നും കാപ്പി വിളവെടുപ്പു തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കാപ്പി കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ്.
നേരത്തേ കർണാടകയിൽ നിന്നു കൂട്ടത്തോടെ തൊഴിലാളികൾ കാപ്പി വിളവെടുപ്പിനു എത്തിയിരുന്നു. അവിടങ്ങളിൽ തൊഴിലുറപ്പു പദ്ധതി വ്യാപകമായതോടെ അവിടെ നിന്നുള്ള വരവ് നിലച്ചു.
തൊഴിലാളികളെ ലഭിക്കാത്തതിനാൽ പലരും കാപ്പി പാട്ടത്തിനു കൊടുക്കുന്നുമുണ്ട്.
ജില്ലയിലെ കാപ്പിക്കൃഷി
രാജ്യത്ത് കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള വയനാട് കേരളത്തിൽ ഇക്കാര്യത്തിൽ ഒന്നാമതാണ്. രാജ്യത്തെ കാപ്പി ഉൽപാദനത്തിന്റെ 18% വയനാടിന്റെ സംഭാവനയാണ്.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 80% ജില്ലയിൽ നിന്നാണ്. ജില്ലയിലെ 68,000 ഹെക്ടറിനടുത്തു കാപ്പി കൃഷി ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
60,000ന് അടുത്താണു ജില്ലയിലെ കാപ്പി കർഷകരുടെ എണ്ണം. ചെറുകിടക്കാരാണ് ഇവരിൽ 82 ശതമാനവും.
റോബസ്റ്റ ഇനം കാപ്പിയാണ് കൂടുതലും കൃഷി ചെയ്യുന്നത്. എഴുപതിനായിരത്തോളം കർഷകർ കാപ്പി കൃഷിയിൽ നിന്നുള്ള വരുമാനത്തിലാണു ജീവിക്കുന്നത്.
കർഷകർക്ക് ആശ്രയം പൊതു വിപണി മാത്രം
കാപ്പി കർഷകർക്കു ഗുണകരമായ ഒരു പാക്കേജും സർക്കാർ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
2022ൽ സംസ്ഥാന ബജറ്റിൽ വിപണി വിലയെക്കാൾ 10 രൂപ അധികം നൽകി കാപ്പി സംഭരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മൊത്തം ഉൽപാദനത്തിന്റെ 4% കാപ്പി മാത്രമായിരിക്കും സംഭരിക്കുക എന്നായിരുന്നു അറിയിപ്പ്.
അന്നത്തെ കണക്കു പ്രകാരം 1.05 ലക്ഷം ടൺ ഉൽപാദനത്തിൽ നിന്ന് 455 ടൺ മാത്രമായിരുന്നു നിശ്ചയിച്ചത്. അതുപോലും സംഭരിച്ചിരുന്നില്ല.
പിന്നീട് അതും നടന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

