കൽപറ്റ ∙ കണ്ടെയ്നറുകളുടെയും അമിതഭാരം കയറ്റിയ വലിയ വാഹനങ്ങളുടെയും നിരന്തര സഞ്ചാരം താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര കൂടുതൽ ദുരിത പൂർണമാക്കുന്നു. ഇന്നലെ കണ്ടെയ്നർ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളമാണു ഗതാഗതം മുടങ്ങിയത്. കണ്ടെയ്നറുകൾക്കും വലിയ ചരക്കുവാഹനങ്ങൾക്കും പുറമേ ഇതരജില്ലകളിൽ നിന്നും കരിങ്കല്ല്, മെറ്റൽ, മണൽ തുടങ്ങിയവ കയറ്റിക്കൊണ്ടുവരുന്ന ടിപ്പർ ലോറികൾ കൂടി ചുരത്തിൽ രാപകൽ വ്യത്യാസമില്ലാതെ ഓടുകയാണ്.
ചുരം വളവുകളിലൂടെ ഇത്തരം വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അത്യാസന്ന നിലയിൽ കോഴിക്കോട്ടെ ആശുപ്രതികളിലേക്ക് പോകുന്നവരും വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും റയിൽവേ സ്റ്റേഷനിലേക്കു പോകുന്നവരും ഇവിടെ തുല്യരാണ്.
ഗതാഗതക്കുരുക്കഴിയുന്നതു വരെ കാത്തു കിടക്കണം. ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണു സ്ഥിതി. നൂറുക്കണക്കിന് വാഹനങ്ങൾ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്.
അതികഠിനം ചുരം യാത്ര
ഇന്നലെ രാവിലെ 6നു തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു.
തിങ്കൾ രാത്രി പത്തരയോടെ 6, 7 വളവുകൾക്കിടയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതം മുടങ്ങിയിരുന്നു. ഇതു പരിഹരിച്ചതിനു പിന്നാലെയാണു ഇന്നലെ രാവിലെയോടെ വീണ്ടും ഗതാഗതക്കുരുക്കുണ്ടായത്.
ഇന്നലെ രാവിലെ ആറോടെ ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് യന്ത്രത്തകരാർ കാരണം 7–ാം വളവിൽ കുടുങ്ങിയത്. ഗതാഗതം മുടങ്ങിയതോടെ ചുരത്തിനു മുകളിൽ വൈത്തിരി വരെയും ചുരത്തിനു താഴെ ഇൗങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
വയനാട്ടിൽ നിന്നുള്ള രോഗികളെയും വഹിച്ചുള്ള ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ കുടുങ്ങി.
താമരശ്ശേരി പൊലീസും ചുരംസംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിൽ കടത്തിവിട്ടെങ്കിലും കുരുക്കിനു കുറവുണ്ടായില്ല. മെക്കാനിക്കിനെ എത്തിച്ച് യന്ത്രത്തകരാർ പരിഹരിച്ച് കണ്ടെയ്നർ ലോറി സ്ഥലത്തു നിന്നു മാറ്റിയപ്പോഴേക്കും ഉച്ചയായി. മുൻപ് ആഘോഷ വേളകളിലും അവധി ദിവസങ്ങളിലുമൊക്കെയായിരുന്നു ചുരത്തിൽ കൂടുതൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നത്.
ഇപ്പോൾ ദിവസവും രാപകൽ വ്യത്യാസമില്ലാതെ ചുരത്തിൽ ഗതാഗതം മുടങ്ങുകയാണെന്ന് ഇതുവഴിയുള്ള സ്ഥിരം യാത്രക്കാർ പറയുന്നു.
ജില്ലയിൽ വിനോദസഞ്ചാര സീസൺ കൂടി തുടങ്ങിയതോടെ ചുരത്തിൽ നിന്നുതിരിയാൻ ഇടമില്ലാതെയായി. ഗതാഗതനിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ്ങും കുരുക്കിനു കാരണമാകുന്നു.
ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കിടക്കുന്ന വണ്ടികൾ ഇന്ധനം തീർന്നു പെരുവഴിയിലാകുന്നതു മൂലവും കുരുക്കുണ്ടാകുന്നു.
‘ക്രെയിൻ സംവിധാനം ഏർപ്പെടുത്തണം’
കൽപറ്റ ∙ താമരശ്ശേരി ചുരത്തിൽ അടിയന്തര ഗതാഗത ക്രമീകരണങ്ങളും അത്യാധുനിക ക്രെയിൻ സംവിധാനവും ഉടൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടി.സിദ്ദീഖ് എംഎൽഎ, മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് നൽകി. ജില്ലയിലേക്കുള്ള പ്രധാന പ്രവേശന മാർഗമായ താമരശ്ശേരി ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരുടെ ദൈനംദിന ജീവിതം താറുമാറാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടങ്ങളും വാഹന തകരാറുകളും ഉണ്ടാകുമ്പോൾ ഉടൻ ഇടപെടുന്നതിനായി എ.ഗീത വയനാട് കലക്ടറായിരുന്ന കാലത്ത് ക്രെയിൻ സംവിധാനം ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ, തുടർ നടപടികൾ ഇതുവരെയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ 9–ാം വളവിന് സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ജില്ലയ്ക്ക് സംഭവിച്ച വലിയ നഷ്ടവും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബൈക്കിൽ ചുരം കയറി ടി.സിദ്ദീഖ് എംഎൽഎ
കൽപറ്റ ∙ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കലും ടി.സിദ്ദീഖ് എംഎൽഎയും കുടുങ്ങി. തന്റെ ഒൗദ്യോഗിക വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ ടി.സിദ്ദീഖ് എംഎൽഎ വാഹനത്തിൽ നിന്നിറങ്ങി അതുവഴി വരികയായിരുന്ന ബൈക്കിൽ കയറി ലക്കിടിയിലെത്തി. തുടർന്ന് മറ്റൊരു വാഹനമെത്തിച്ച് അദ്ദേഹം യാത്ര തുടർന്നു.
ചേലോട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിലും വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ചുണ്ടേൽ സെന്റ് ജൂഡ്സ് ദേവാലയത്തിൽ സംഘടിപ്പിച്ച ഐക്യ ക്രിസ്മസ് ആഘോഷത്തിലും പങ്കെടുക്കാനാണ് ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ ഇന്നലെ രാവിലെ വയനാട്ടിലേക്കു പുറപ്പെട്ടത്. രാവിലെ എട്ടരയോടെ 3–ാം വളവിന് സമീപമെത്തിയപ്പോഴേക്കും വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് പൊലീസിന്റെ സഹായത്തോടെ ടി.സിദ്ദീഖ് എംഎൽഎയുടെ വാഹനത്തിൽ അദ്ദേഹത്തെ ചേലോട് എസ്റ്റേറ്റിലെത്തിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

